'മൂന്ന് 'ഡി'കളില്ലാത്തതാണ് അവനെ തകര്‍ത്തത്, കാംബ്ലിയുടെ ഉദാഹരണം അന്നേ പറഞ്ഞുകൊടുത്തിരുന്നു'; പ്രവീണ്‍ ആംറെ

ഒരു കാലത്ത് ഇന്ത്യയുടെ ഭാവി ഇതിഹാസമെന്നും സച്ചിന് പിൻഗാമിയെന്നും വാഴ്ത്തപ്പെട്ടവനായിരുന്നു പൃഥ്വി ഷാ.

ഒരു കാലത്ത് ഇന്ത്യയുടെ ഭാവി ഇതിഹാസമെന്നും സച്ചിന് പിൻഗാമിയെന്നും വാഴ്ത്തപ്പെട്ടവനായിരുന്നു പൃഥ്വി ഷാ. എന്നാൽ ഇപ്പോൾ ഐപിഎൽ പതിനെട്ടാം സീസണിൽ ഒരു ടീമും വിളിച്ചെടുക്കാനില്ലാത്ത അവസ്ഥയിലേക്ക് പൃഥ്വി ഷാ മാറിയിരിക്കുകയാണ്. മടിയും അലസതയുമാണ് താരത്തിന്റെ കരിയർ ഇല്ലാതാക്കിയതാണെന്നാണ് പല മുൻ താരങ്ങളും പറയുന്നത്. മുമ്പ് താരമുണ്ടായിരുന്ന ഐപിഎൽ ക്ലബുകളുടെ മാനേജ്‌മെന്റുകൾ വരെ ഇക്കാര്യത്തിൽ നേരത്തെ തന്നെ പൃഥ്വി ഷായെ വിമർശിച്ചിരുന്നു.

ഈ അടുത്തിടെ രഞ്ജിട്രോഫി ടീമിൽ നിന്നും താരത്തെ മുംബൈ മാറ്റിനിർത്തിയിരുന്നു. ഇന്നലെ മുൻ ഇന്ത്യൻ താരമായിരുന്ന മുഹമ്മദ് കൈഫും താരത്തിന്റെ കളിയോടുള്ള സമീപനത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ താരത്തിനെതിരെ വിമർശനവുമായി വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും ഡൽഹി ക്യാപിറ്റൽസിന്റെ മുൻ സഹപരിശീലകനുമായ പ്രവീൺ ആംറെ.

‘പൃഥ്വി ഷായേപ്പോലെ പ്രതിഭാധനനായ ഒരു താരത്തിന്റെ ഇന്നത്തെ അവസ്ഥയിൽ ഞാൻ നിരാശാവാനാണ്. ഇന്നും ഐപിഎലിൽ 30 പന്തിൽ അർധ സെഞ്ച്വറി നേടാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. ഐപിഎല്ലിലെ പണത്തിന്റെ കുത്തൊഴുക്കും ഗ്ലാമറും ഒരുപക്ഷേ അദ്ദേഹത്തിന് കൈകാര്യം ചെയ്യാൻ സാധിച്ചിട്ടുണ്ടാകില്ല’, ആംറെ പറഞ്ഞു.

മൂന്ന് ‘ഡി’കൾ ഇല്ലാതെ പോയതാണ് പൃഥ്വി ഷായ്ക്ക് തിരിച്ചടിയായതെന്നും ആംറെ കൂട്ടിച്ചേർത്തു. ഡിസിപ്ലിൻ (അച്ചടക്കം), ഡിറ്റർമിനേഷൻ (ദൃഢനിശ്ചയം), ഡെഡിക്കേഷൻ (സമർപ്പണം) എന്നിവയാണത്. മൂന്ന് വർഷം മുമ്പേ പൃഥ്വി ഷായെ ഉപദേശിച്ചിരുന്നുവെന്നും വിനോദ് കാംബ്ലിയുടെ ഉദാഹരണം അന്ന് പറഞ്ഞുകൊടുത്തിരുന്നുവെന്നും ആംറെ പറഞ്ഞു.

23 വയസ്സായപ്പോഴേക്കും പൃഥ്വി ഷാ 30–40 കോടി രൂപയെങ്കിലും സമ്പാദിച്ചിട്ടുണ്ടാകുമെന്നും ഐഐഎമ്മിൽനിന്ന് പഠിച്ചിറങ്ങുന്ന ഒരാൾക്ക് പോലും അത്രയും പണം സമ്പാദിക്കാനാവില്ലെന്നും അത്രയും ചെറിയ പ്രായത്തിൽ ഇതുപോലെ വലിയ തുക സമ്പാദിക്കുമ്പോൾ ചിലർക്ക് ശ്രദ്ധ തെറ്റുന്നത് സ്വാഭാവികമാണെന്നും ആംറെ കൂട്ടിച്ചേർത്തു.

Content Highlights: former Indian player and delhi capitals coach praveen amre on prithvi shaw

To advertise here,contact us