സയ്യിദ് മുഷ്താഖ് അലി ട്രോഫി; കേരളത്തിന് മുന്നിൽ വീണ് ​ഗോവ

സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് നാലാം ജയം.

സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് നാലാം ജയം. ​മഴയെ തുടർന്ന് വിജെഡി നിയമപ്രകാരം 11 റൺസിനാണ് കേരളത്തിന്റെ വിജയം. മഴ കാരണം വൈകി തുടങ്ങിയ മത്സരം 13 ഓവറാക്കി ചുരുക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത കേരളം ആറ് വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുത്തു. സഞ്ജു സാംസൺ‌, സൽമാൻ നിസാർ, അബ്ദുൾ ബാസിത് തുടങ്ങിയവരുടെ ഭേദപ്പെട്ട ഇന്നിംഗ്സുകളാണ് കേരളത്തിനെ മികച്ച സ്കോറിൽ എത്തിച്ചത്.

ടോസ് നേടിയ കേരളം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ വിക്കറ്റിൽ സഞ്ജു സാംസണും രോഹൻ കുന്നുമ്മലും ഭേദപ്പെട്ട തുടക്കമാണ് കേരളത്തിന് നൽകിയത്. 15 പന്തിൽ നാല് ഫോറും രണ്ട് സിക്സും സഹിതം സഞ്ജു 31 റൺസെടുത്ത് പുറത്തായി. പിന്നാലെ രോഹൻ കുന്നുമ്മൽ 19 റൺസുമായി മടങ്ങി.

കഴിഞ്ഞ മത്സരത്തിലെ ഹീറോ സൽമാൻ നിസാർ ഇത്തവണയും മികച്ച രീതിയിൽ സ്കോർ ചെയ്തു. 20 പന്തിൽ മൂന്ന് ഫോറും ഒരു സിക്സും സഹിതം 34 റൺസാണ് സൽമാൻ നിസാർ നേടിയത്. അവസാന ഓവറുകളിൽ അബ്ദുൾ ബാസിത് തന്റേതായ സംഭാവനകളും നൽകി. 13 പന്തിൽ ഒരു ഫോറും രണ്ട് സിക്സും സഹിതം ബാസിത് 23 റൺസെടുത്തു.

Also Read:

Cricket
സച്ചിന്റെ മറ്റൊരു റെക്കോർഡ് കൂടി തിരുത്തി ജോ റൂട്ട്; ഇത്തവണ തൂക്കിയത് നാലാമിന്നിങ്സിലെ സ്കോർ

മറുപടി ബാറ്റിങ്ങിൽ ​ഗോവ 7.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 69 റൺസെടുത്തപ്പോഴേയ്ക്കും മഴയെത്തി. ഓപണർ 22 പന്തിൽ നാല് ഫോറും മൂന്ന് സിക്സും സഹിതം 45 റൺസെടുത്ത ഇഷാൻ ​ഗഡേക്കർ മികച്ച രീതിയിൽ സ്കോർ ചെയ്തിരുന്നു. എന്നാൽ മഴയെത്തിയപ്പോൾ വിജെഡി നിയമപ്രകാരം വിജയലക്ഷ്യത്തിന് 12 റൺസ് പിന്നിലായിരുന്നു ​ഗോവ. ഇതോടെ കേരളം വിജയികളായി.

ടൂർണമെന്റിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് വിജയമുള്ള കേരളം ​ഗ്രൂപ്പ് ഇയിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.

Content Highlights: Kerala won fourth match in SMAT 2024

To advertise here,contact us