'ബുംമ്ര വിചിത്ര നീക്കങ്ങളുള്ള താരം, താളം കണ്ടെത്തുക പ്രയാസം'; സ്റ്റീവ് സ്മിത്ത്

ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ രണ്ടാം മത്സരമായ അഡ്‌ലൈഡ് ടെസ്റ്റ് ഡിസംബർ ആറ് മുതലാണ് ആരംഭിക്കുന്നത്

താൻ നേരിട്ടതിൽ വെച്ച് ഏറ്റവും വ്യത്യസ്തനായ താരമാണ് ബുംമ്രയെന്ന് ഓസ്‌ട്രേലിയൻ ബാറ്റർ സ്റ്റീവ് സ്മിത്ത്. റണ്ണപ്പ് മുതൽ ഒടുവിൽ പന്തെറിയുന്നത് വരെയുള്ള ബുംമ്രയുടെ ആക്ഷനുകൾ വിചിത്രമാണെന്നും ബുംമ്രക്കെതിരെ ബാറ്റ് വീശുമ്പോൾ താളം കണ്ടെത്തുക ബുദ്ധിമുട്ടാണെന്നും സ്മിത്ത് പറഞ്ഞു. 'ബുംമ്രയ്ക്കെതിരെ മൂന്ന് ഫോർമാറ്റിലും കൂടെ ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്, മത്സരത്തിൽ അയാളുടെ കുറച്ച് പന്തുകളെങ്കിലും നേരിടാതെ ക്രീസിൽ പിടിച്ചുനിൽക്കുക സാധ്യമല്ല, അസാധ്യമായ രീതിയിൽ പന്തിനെ സ്വിങ് ചെയ്യിപ്പിക്കാൻ അയാൾക്ക് കഴിയും' സ്മിത്ത് പറഞ്ഞു.

'ബാറ്ററുമായി അടുത്ത് നിൽക്കുന്ന പോയിന്‍റിലാണ് അയാൾ പന്ത് റിലീസ് ചെയ്യുക. പന്തിനെ ധൃതിയിൽ കളിക്കാൻ ഇതിലൂടെ അയാൾ നമ്മെ നിർബന്ധിക്കും, എന്നാൽ അവന് വേണ്ട വിധത്തിൽ ആ പന്തിനെ അവൻ പിച്ച് ചെയ്യിപ്പിക്കുകയും ചെയ്യും', സ്മിത്ത് കൂട്ടിച്ചേർത്തു. ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ സ്മിത്തിനെ ആദ്യ പന്തിൽ തന്നെ വിക്കറ്റിന് മുന്നിൽ കുരുക്കി പൂജ്യനാക്കി മടക്കിയത് ബുംമ്രയായിരുന്നു.

പെർത്തിൽ ബുംമ്രയുടെ മാസ്‌മരിക ബൗളിങ് പ്രകടനത്തിലായിരുന്നു ഇന്ത്യ 295 റൺസിന്റെ മിന്നും ജയം നേടിയത്. രണ്ട് ഇന്നിങ്‌സിലുമായി താരം എട്ട് വിക്കറ്റാണ് നേടിയത്. വിട്ടുകൊടുത്തതാവട്ടെ ഇരു ഇന്നിങ്‌സിലുമായി 70 റൺസ് മാത്രം. താരത്തിന്റെ റൺസ് എക്കോണമിയും രണ്ട് റൺസിന് താഴെയായിരുന്നു.

Also Read:

Cricket
ഒരു കോടി നൽകി രാജസ്ഥാൻ ലേലത്തിൽ വാങ്ങി; ഏഷ്യ കപ്പ് അണ്ടർ 19 ൽ പാകിസ്താനോട് പതറി പതിമൂന്നുകാരൻ

ബോര്‍ഡര്‍ ഗാവസ്‌കർ ട്രോഫിയിലെ രണ്ടാം മത്സരമായ അഡ്‌ലൈഡ് ടെസ്റ്റ് ഡിസംബർ ആറ് മുതലാണ് ആരംഭിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാൽ ആദ്യ ടെസ്റ്റ് നഷ്ടമായ നായകന്‍ രോഹിത് ശര്‍മ ഇതിനോടകം ടീമിനൊപ്പം ചേർന്നു കഴിഞ്ഞു. പരിക്ക് ഭേദമായ യുവതാരം ശുഭ്മന്‍ ഗില്ലും രണ്ടാം ടെസ്റ്റില്‍ കളിക്കാന്‍ തയ്യാറായിക്കഴിഞ്ഞതായാണ് വിവരം. ഇംഗ്ലണ്ട് നിരയിൽ പരിക്കേറ്റ പേസർ ഹാസിൽവുഡ് കളിക്കില്ല. ഹാസിൽവുഡിന് പകരം സ്‌കോട്ട് ബോളണ്ടിനെയാണ് ഓസ്‌ട്രേലിയ ഉൾപ്പെടുത്തിയത്. ബോളണ്ടിനെ കൂടാതെ സീൻ അബോട്ട്, ബ്രണ്ടൻ ഡോഗട്ട് എന്നീ രണ്ട് അൺ ക്യാപ്പഡ് താരങ്ങളെയും ഓസ്‌ട്രേലിയ അഡ്‌ലെെഡ് ടെസ്റ്റിനുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Content Highlights: Steve Smith says Jasprit Bumrahs bowling is awkward

To advertise here,contact us