'എപ്പോഴും ടീമിനെ കുറിച്ച് മാത്രമാണ് സംസാരം'; ക്യാപ്റ്റനാവാന്‍ ബുംമ്രയേക്കാള്‍ മികച്ച ഓപ്ഷനില്ലെന്ന് പുജാര

'ന്യൂസിലാന്‍ഡിനെതിരെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പര കൈവിട്ട്, വളരെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെയാണ് ടീം ഇന്ത്യ കടന്നുപോയിരുന്നത്'

ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംമ്രയെ വാനോളം പുകഴ്ത്തി ചേതേശ്വര്‍ പുജാര. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മയുടെ അഭാവത്തെ തുടര്‍ന്ന് ഇന്ത്യയെ നയിച്ച ബുംമ്ര ടീമിന് നിര്‍ണായക വിജയം സമ്മാനിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദീര്‍ഘകാല ക്യാപ്റ്റനാവാനുള്ള എല്ലാ കഴിവും പേസര്‍ ജസ്പ്രീത് ബുംമ്രയ്ക്കുണ്ടെന്ന് പറയുകയാണ് ചേതേശ്വര്‍ പുജാര.

'ഇന്ത്യയുടെ ദീര്‍ഘകാല നായകനാവാന്‍ ബുംമ്ര മികച്ച ഓപ്ഷനാണെന്ന് ഒരു സംശയവുമില്ലാതെ പറയാം. ന്യൂസിലാന്‍ഡിനെതിരെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പര കൈവിട്ട്, വളരെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെയാണ് ടീം ഇന്ത്യ കടന്നുപോയിരുന്നത്. എന്നാല്‍ ആ ഘട്ടത്തില്‍ പോലും മികച്ച പ്രകടനം കാഴ്ച വെക്കുന്നതില്‍ അദ്ദേഹം ടീമിനെ പ്രാപ്തമാക്കി', പുജാര പറഞ്ഞു. ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ താരം.

'ടീമിനെ നയിക്കാന്‍ അദ്ദേഹത്തിന് ഇനിയും സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു ടീം മാനാണ് ബുംമ്ര. ഒരിക്കല്‍ പോലും തന്നെക്കുറിച്ച് ബുംമ്ര സംസാരിക്കാറില്ലെന്ന് അദ്ദേഹത്തെ ശ്രദ്ധിച്ചാല്‍ മനസ്സിലാകും. ടീമിനെ കുറിച്ചും മറ്റുതാരങ്ങളെ കുറിച്ചും മാത്രമാണ് അദ്ദേഹം എപ്പോഴും സംസാരിച്ചുകണ്ടിട്ടുള്ളത്', പുജാര കൂട്ടിച്ചേര്‍ത്തു.

Also Read:

Cricket
'ലേലത്തിന് വിട്ടപ്പോഴേ തിരിച്ചുകിട്ടില്ലെന്നുറപ്പായിരുന്നു, അവൻ എന്നും ഞങ്ങളുടെ പോക്കറ്റ് ഡൈനാമോ!': ഹാർദിക്

ഓസീസിനെതിരായ പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യയുടെ 295 റണ്‍സ് വിജയത്തില്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംമ്രയുടെ പ്രകടനം നിര്‍ണായകമായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേട്ടം ഉള്‍പ്പെടെ പെര്‍ത്തില്‍ എട്ട് വിക്കറ്റുകളാണ് ബുംമ്ര പിഴുതത്. പെര്‍ത്ത് ടെസ്റ്റിലെ വിജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ഡിസംബര്‍ ആറിന് അഡ്‌ലെയ്ഡിലാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ്. സ്വന്തം നാട്ടില്‍ നടക്കുന്ന പരമ്പരയില്‍ തിരിച്ചുവരാന്‍ ഓസീസിന് അഡ്‌ലെയ്ഡില്‍ വിജയം അനിവാര്യമാണ്.

Content Highlights: Cheteshwar Pujara on what makes Jasprit Bumrah India's 'long-term' captaincy option

To advertise here,contact us