'ഇതാ, ഹെഡിനെ തളയ്ക്കാന്‍ കഴിയുന്ന പിച്ച്!'; ടീം ഇന്ത്യയെ ട്രോളി മൈക്കൽ വോൺ

ഗാബ ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ മഴ പെയ്ത് കവറുകള്‍ കൊണ്ട് മൂടിയ ഗ്രൗണ്ടിന്റെ ചിത്രം പങ്കുവെച്ചാണ് വോണ്‍ ട്രോളിയത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിഹസിച്ച് മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണ്‍. ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ട്രാവിസ് ഹെഡ് സെഞ്ച്വറിയടിച്ചതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നേരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് ഹെഡിന് മുന്നില്‍ കീഴടങ്ങിയ ഇന്ത്യയെ പരിഹസിച്ച് മുൻ ഇം​ഗ്ലീഷ് നായകനായ മൈക്കൽ വോണും രംഗത്തെത്തിയത്.

ഗാബ ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ മഴ പെയ്ത് കവറുകള്‍ കൊണ്ട് മൂടിയ ഗ്രൗണ്ടിന്റെ ചിത്രം പങ്കുവെച്ചാണ് വോണ്‍ ട്രോളിയത്. 'ഒടുവില്‍ ട്രാവിസ് ഹെഡിനെ തളയ്ക്കാന്‍ കഴിയുന്ന ഫീല്‍ഡ് ഇന്ത്യ കണ്ടെത്തിയിരിക്കുന്നു', എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി നല്‍കിയത്.

Finally India have found a field to keep Travis head quiet … #AUSvIND pic.twitter.com/qIwmMVXIde

ഇന്ത്യൻ ടീമിനെതിരെ തുടർച്ചയായ രണ്ടാം തവണയാണ് ഹെഡ് സെഞ്ച്വറി പൂർത്തിയാക്കുന്നത്. ​അഡലെയ്ഡ് ടെസ്റ്റിന് പിന്നാലെ ​ഗാബയിലും ഇന്ത്യയ്ക്കെതിരെ മൂന്നക്കം തികച്ച് ഹെഡ് 'തലവേദന' സൃഷ്ടിച്ചു. അഡലെയ്ഡ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ 140 റണ്‍സെടുത്ത ഹെഡ് ​ഗാബയിൽ 160 പന്തില്‍ 152 റണ്‍സ് അടിച്ചെടുത്താണ് മടങ്ങിയത്. സെഞ്ച്വറിയും കടന്ന് മുന്നേറുകയായിരുന്ന താരത്തെ ഒടുവിൽ ബുംമ്രയാണ് പുറത്താക്കിയത്.

Also Read:

Cricket
'ഓസീസ് താരങ്ങളെ ഫോമിലാക്കുന്ന ക്യാപ്റ്റന്‍, ഹെഡിനെ പുറത്താക്കാൻ ഒരു പ്ലാനുമില്ല!'; രോഹിത്തിനെതിരെ വിമര്‍ശനം

നിലവിൽ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 405 റണ്‍സെന്ന ശക്തമായ നിലയിലാണ്. അലക്‌സ് ക്യാരിയും (45) മിച്ചല്‍ സ്റ്റാര്‍ക്കുമാണ് (7) ക്രീസില്‍. ഓസ്‌ട്രേലിയയ്ക്കായി ട്രാവിസ് ഹെഡും (152) സ്റ്റീവ് സ്മിത്തും (101) സെഞ്ച്വറിയടിച്ച് തിളങ്ങി. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംമ്ര അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് സിറാജും നിതീഷ് കുമാറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Content Highlights: Michael Vaughan brutally trolls Team India bowlers for their surrender against Travis Head

To advertise here,contact us