അത് ഞാനല്ല, എന്റെ രൂക്ഷവിമർശനം ഇങ്ങനെയല്ല!; കോഹ്ലിയ്ക്കെതിരെയുള്ള പരാമർശത്തിൽ വിശദീകരണവുമായി കുംബ്ലെ

കമന്‍ററിക്കിടെ കുംബ്ലെ പറഞ്ഞുവെന്ന തരത്തിലുള്ള വാക്കുകള്‍ വലിയ രീതിയിൽ പ്രചരിക്കപ്പെടുകയും ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിലും തന്റെ മോശം ഫോം തുടർന്ന സ്റ്റാർ ബാറ്റർ വിരാട് കോഹ്ലിക്കെതിരെ അനിൽ കുംബ്ലെ രൂക്ഷ വിമര്‍ശനം നടത്തിയെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിനം പുറത്തു വന്നിരുന്നു. ബ്രിസ്ബേന്‍ ടെസ്റ്റില്‍ ആദ്യ ഇന്നിങ്സിൽ നിരാശാജനകമായ പ്രകടനം കാഴ്ചവെച്ച വിരാട് മൂന്ന് റണ്‍സിന് പുറത്തായപ്പോൾ എന്തുകൊണ്ട് ആരും ചോദ്യം ചെയ്യുന്നില്ലെന്നും കഴിഞ്ഞ അഞ്ച് വര്‍ഷമായി ടെസ്റ്റ് ക്രിക്കറ്റിലെ ഫ്രീ വിക്കറ്റാണ് കോഹ്ലിയുടേതെന്നും അദ്ദേഹം വിരമിച്ച് ലണ്ടനില്‍ സ്ഥിരതാമസമാക്കേണ്ട കാലം അതിക്രമിച്ചുവെന്നും കുംബ്ലെ പറഞ്ഞു എന്നായിരുന്നു പ്രചരിച്ച വാർത്ത. കമന്‍ററിക്കിടെ കുംബ്ലെ പറഞ്ഞുവെന്ന തരത്തിലുള്ള വാക്കുകള്‍ വലിയ രീതിയിൽ പ്രചരിക്കപ്പെടുകയും ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് വ്യാജവാർത്തയാണെന്നും ഇങ്ങനെയുള്ള വാക്കുകൾ താൻ പറഞ്ഞിട്ടില്ലെന്നും വെളിപ്പെടുത്തി രം​ഗത്തെത്തിയിരിക്കുകയാണ് ഇതിഹാസ ലെ​ഗ് സ്പിന്നർ അനിൽ കുംബ്ലെ.

Also Read:

Cricket
'പന്തിന് സ്വിങ്ങില്ല, എവിടെ എറിഞ്ഞിട്ടും കാര്യമില്ല'; ബൗളിങ് തിരഞ്ഞെടുത്തതില്‍ നിരാശനായി ബുംമ്ര

സമൂഹമാധ്യമങ്ങളില്‍ കാണുന്നതെല്ലാം വിശ്വസിക്കരുതെന്നും അതിന്‍റെ ആധികാരികത പരിശോധിക്കണമെന്നും കുംബ്ലെ എക്സിൽ തന്റെ നിലപാട് വ്യക്തമാക്കി. തന്‍റെ വെരിഫൈഡ് സോഷ്യല്‍ മീഡീയ അക്കൗണ്ടുകളില്‍ വരുന്നത് മാത്രമാണ് തന്‍റെ അഭിപ്രായങ്ങളെന്നും അല്ലാത്തവ തള്ളിക്കളയണമെന്നും കുംബ്ലെ പറഞ്ഞു. നേരത്തെ മുന്‍ താരവും കമന്‍റേറ്ററുമായ സുനില്‍ ഗവാസ്കറും വ്യാജ വാര്‍ത്തകള്‍ക്കെതിരെ രംഗത്തുവന്നിരുന്നു. ഗവാസ്കറുടേതെന്ന പേരില്‍ ഒരു വെബ്സൈറ്റ് പ്രസിദ്ധീകരിച്ച കോളം തന്‍റെ അറിവോടെയല്ലെന്ന് ഗവാസ്കര്‍ വിശദീകരിച്ചിരുന്നു.

ബ്രിസ്ബേന്‍ ടെസ്റ്റില്‍ ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റുവെച്ച് കോലി 3 റണ്‍സ് മാത്രമെടുത്ത് പുറത്തായതിന് പിന്നാലെ ആരാധകര്‍ രൂക്ഷ വിമര്‍ശനവുമായി എത്തിയിരുന്നു. ഇതിനിടെയാണ് കുംബ്ലെയുടേതെന്ന പേരിലുള്ള എക്സ് പോസ്റ്റുകളും പ്രചരിച്ചത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചശേഷം ഇന്ത്യൻ ടീമിന്റെ പരിശീലകസ്ഥാനത്തും കുംബ്ലെ ഏതാണ്ട് ഒരു വർഷത്തോളം പ്രവർത്തിച്ചിരുന്നു. അന്ന് വിരാട് കോഹ്ലിയായിരുന്നു ഇന്ത്യൻ നായകൻ. 2016 ജൂണിലാണ് കുംബ്ലെ കോച്ചായി രംഗപ്രവേശം ചെയ്തത്. അന്ന് ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ് ടീമുകളുടെ ഉപദേശക റോളിൽ തിളങ്ങിയതും രാജ്യാന്തര രംഗത്തെ അനുഭവ സമ്പത്തുമാണ് കോച്ച് സ്ഥാനത്തെത്താൻ അന്ന് കുംബ്ലെയ്ക്ക് നറുക്കുവീഴാൻ കാരണം. എന്നാൽ തുടക്കം മുതേല നായകൻ വിരാട് കോഹ്ലിയുമായുള്ള ബന്ധം അത്ര നല്ലതായിരുന്നില്ല.

ബിസിസിഐ നിഷ്കർഷിച്ച മാനദണ്ഡ‍ങ്ങൾ പാലിച്ച്, സച്ചിൻ തെൻഡുൽക്കർ–സൗരവ് ഗാംഗുലി–വി.വി.എസ്. ലക്ഷ്മൺ എന്നിവർ ഉൾപ്പെട്ട ഉപദേശക സമിതിയാണ് വിശദമായ അഭിമുഖത്തിലൂടെ കുംബ്ലെയെ പരിശീലകനായി തിരഞ്ഞെടുത്തത്. ഏറെ പ്രതീക്ഷയോടെയാണ് ചുമതലയേറ്റതെങ്കിലും, ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുമായി ചേർന്നുപോകാനാകാതെ വന്നതോടെ ഒരു വർഷത്തിനുശേഷം കുംബ്ലെ ഇന്ത്യൻ പരിശീലക സ്ഥാനമൊഴിയുകയായിരുന്നു. 2017ലെ ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ പാക്കിസ്ഥാനോടു തോറ്റതിനു പിന്നാലെയായിരുന്നു രാജി.

Content Highlights: kumble denies criticism against virat kohli

To advertise here,contact us