'സഞ്ജു ചെയ്തത് മണ്ടത്തരം, ചാമ്പ്യൻസ് ട്രോഫി ടീമിൽ ഇടം നേടാനുള്ള സുവർണ്ണാവസരം പാഴാക്കി'; ആകാശ് ചോപ്ര

ഐപിഎല്ലും ചാമ്പ്യൻസ് ട്രോഫിയും ഇംഗ്ലണ്ട് പരമ്പരയും അടങ്ങുന്ന 2025 ലേക്ക് കടക്കുമ്പോൾ വലിയ പ്രതീക്ഷയാണ് സഞ്ജുവിനുള്ളത്

മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ക്രിക്കറ്റിൽ നേട്ടങ്ങൾ ഒരുപാടുണ്ടാക്കിയ വർഷമാണ് 2024. ടി 20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ ഇടം പിടിക്കാൻ പറ്റിയില്ലെങ്കിലും ശേഷം ബംഗ്ലാദേശിനെതിരെയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും നടന്ന ടി 20 പരമ്പരകളില്‍ മികവ് പുലർത്താൻ സഞ്ജുവിനായി. അതിനിടയിൽ മൂന്ന് സെഞ്ച്വറികളും താരം നേടി. ഐസിസി റാങ്കിങ്ങിൽ 150 ന് മുകളിലുള്ള സ്ഥാനത്ത് നിന്നും ആദ്യ 20 നുള്ളിലെത്താനും സഞ്ജുവിന് കഴിഞ്ഞു.

ഐപിഎല്ലും ചാമ്പ്യൻസ് ട്രോഫിയും ഇംഗ്ലണ്ട് പരമ്പരയും അടങ്ങുന്ന 2025 ലേക്ക് കടക്കുമ്പോഴും വലിയ പ്രതീക്ഷയാണ് സഞ്ജുവിനുള്ളത്. എന്നാൽ സഞ്ജു ചെയ്തത് മണ്ടത്തരമായെന്നും വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിൽ നിന്ന് വിട്ടുനിന്നത് ചാമ്പ്യൻസ് ട്രോഫി അടക്കമുള്ള ടൂർണ്ണമെന്റിനുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിക്കുന്നതിന് തടസ്സമാകുമെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര.

Also Read:

Cricket
13കാരൻ വൈഭവിനെ സ്വന്തമാക്കിയതെന്തിന്? മറുപടിയുമായി സഞ്ജു സാംസൺ

ഏകദിന ക്രിക്കറ്റ് ടീമിൽ റിഷഭ് പന്തിനു പകരക്കാരനായി ഇടം പിടിക്കാൻ സഞ്‍ജുവിന് മുന്നിൽ സാധ്യതകൾ ഉണ്ടായിരുന്നെന്നും എന്നാൽ താരം തന്നെ ആ സാധ്യത കൊട്ടിയടച്ചുവെന്നും ആകാശ് ചോപ്ര യുട്യൂബ് വിഡിയോയിൽ പ്രതികരിച്ചു. ‘വിജയ് ഹസാരെ ട്രോഫിയിൽ സഞ്ജു സാംസൺ ഇല്ല. എന്താണു സംഭവിച്ചതെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. വയനാട്ടിലേക്കു പോയി ക്യാമ്പിൽ പങ്കെടുക്കാത്തതുകൊണ്ട് അദ്ദേഹത്തെ കേരള ടീമിൽ എടുത്തില്ല. കാലിൽ പരിക്കുള്ളതിനാലാണ് പങ്കെടുക്കാത്തത് എന്നും പറയുന്നുണ്ട്, ഏതായാലും സഞ്ജു വിജയ് ഹസാരെ കളിക്കണമായിരുന്നു.’ ചോപ്ര പറഞ്ഞു.

‘ട്വന്റി20യിൽ മൂന്ന് സെഞ്ച്വറികൾ നേടി സ്ഥാനമുറപ്പിക്കായത് വലിയ നേട്ടമാണ്. ആ സമയത്ത് തന്നെ തന്നെ ഏകദിന ക്രിക്കറ്റിനെക്കുറിച്ചും ചിന്തിച്ചു തുടങ്ങണം. റിഷഭ് പന്ത് സ്ഥിരം സ്ഥാനമുറപ്പിച്ചിട്ടില്ലാത്തതിനാൽ എന്തുകൊണ്ട് അങ്ങനെ ചിന്തിച്ചുകൂടാ? അതിനു വേണ്ടി സഞ്ജു വിജയ് ഹസാരെയിൽ കളിക്കണമായിരുന്നു. വിട്ടുനില്‍ക്കാനുള്ള തീരുമാനം മണ്ടത്തരമായെന്നേ പറയാന്‍ കഴിയൂ. അല്ലാതെ ചാമ്പ്യൻസ് ട്രോഫി ടീമിൽ സഞ്ജുവിനെ എങ്ങനെ എടുക്കാനാണ്?’ ആകാശ് ചോപ്ര ചോദിക്കുന്നു.

അതേ സമയം സൽമാൻ നിസാറാണ് വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തെ നയിക്കുന്നത്. സഞ്ജു സാംസണ് പുറമേ സീനിയർ താരം സച്ചിൻ ബേബിയും കേരള ടീമിൽ കളിക്കുന്നില്ല. ഇതിന് മുമ്പ് നടന്ന രഞ്ജി ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി 20 ടൂർണമെന്റിലും സഞ്ജു കേരളത്തിന് വേണ്ടി കളിച്ചിരുന്നു.

Content Highlights: Aakash Chopra on sanju samson decisions related to Vijay Hazare trophy

To advertise here,contact us