'ഫോളോ ഓൺ ഒഴിവാക്കുക അല്ലായിരുന്നു ലക്ഷ്യം;' ​ഗാബയിലെ പോരാട്ടത്തിൽ ആകാശ് ദീപ്

മൂന്നാം ടെസ്റ്റിലെ വീരോചിത പോരാട്ടത്തിൽ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ദീപ്

ബോർഡർ-​ഗാവസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിലെ വീരോചിത പോരാട്ടത്തിൽ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ദീപ്. 10-ാം വിക്കറ്റിൽ ജസ്പ്രീത് ബുംമ്രയുമൊത്ത് 47 റൺസാണ് ആകാശ് ദീപ് കൂട്ടിച്ചേർത്തത്. മത്സരത്തിൽ ഫോളോ ഓൺ ഒഴിവാക്കാനും ഈ കൂട്ടുകെട്ട് ഇന്ത്യയെ സഹായിച്ചു. എന്നാൽ തങ്ങളുടെ ലക്ഷ്യം ഫോളോ ഓൺ ഒഴിവാക്കുക അല്ലായിരുന്നുവെന്നാണ് ആകാശ് ദീപ് പറയുന്നത്.

ലോവർ ഓഡറിലാണ് താനും ബുംമ്രയും ബാറ്റിങ്ങിനെത്തിയത്. 30 റൺസ് സംഭാവന ചെയ്യുന്നത് പോലും ഏറെ വിലമതിക്കും. ടീമിനായി നിർണായക സംഭാവന നൽകുകയായിരുന്നു തന്റെ ലക്ഷ്യം. വിക്കറ്റ് നഷ്ടപ്പെടുത്താതിരിക്കാനും ശ്രമിച്ചിരുന്നു. ഒപ്പം ഫോളോ ഓൺ ഒഴിവാക്കാൻ കഴിഞ്ഞതും ടീമിന് അനു​ഗ്രഹമായെന്നും ആകാശ് ദീപ് വ്യക്തമാക്കി.

Also Read:

Cricket
'സ്റ്റാർകിനെ നേരിടാൻ ഇനി ആ ഒരു മാർ​ഗമേയുള്ളൂ'; ഇന്ത്യൻ ബാറ്റർമാർക്ക് പുജാരയുടെ നിർദേശം

ബോർഡർ-​ഗാവസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഒന്നാം ഇന്നിം​ഗ്സിൽ 445 റൺസാണ് നേടിയത്. 246 റൺസായിരുന്നു ഫോളോ ഓൺ ഒഴിവാക്കാനായി ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത്. ഒരു ഘട്ടത്തിൽ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 213 റൺസെന്ന നിലയിൽ ഫോളോ ഓൺ മുന്നിൽ കണ്ടു. അവിടെ നിന്നുമാണ് ബുംമ്ര-ആകാശ് സഖ്യം ഇന്ത്യയെ രക്ഷിച്ചത്.

ആദ്യ ഇന്നിം​ഗ്സിൽ 260 റൺസിലെത്താൻ ഇന്ത്യയ്ക്ക് സാധിച്ചു. രണ്ടാം ഇന്നിം​ഗ്സിൽ ഓസ്ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 89 റൺസെന്ന നിലയിൽ ഇന്നിം​ഗ്സ് ഡിക്ലയർ ചെയ്തു. ഇടവിട്ട് പെയ്ത മഴയിൽ പിച്ച് പേസർമാർക്ക് അനുകൂലമായതോടെ ഓസ്ട്രേലിയ രണ്ടാം ഇന്നിം​ഗ്സിൽ തകർച്ച നേരിട്ടിരുന്നു. 51 ഓവർ ബാക്കിയാക്കി 275 റൺസ് വിജയലക്ഷ്യത്തിലേക്ക് ഇന്ത്യ ബാറ്റിങ്ങിനിറങ്ങി. എങ്കിലും 2.1 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ എട്ട് റൺസെടുത്ത് നിൽക്കുമ്പോൾ മത്സരം മഴമുടക്കി. ഇതോടെ മൂന്നാം ടെസ്റ്റ് സമനിലയിലുമായി.

Content Highlights: Akash Deep On Gabba Heroics

To advertise here,contact us