ബോക്സിങ് ഡേ ടെസ്റ്റില് ഇന്ത്യന് ഓപണര് യശസ്വി ജയ്സ്വാള് റണ്ണൗട്ടായതിനെ ചൊല്ലി ലൈവ് ചര്ച്ചയ്ക്കിടെ പരസ്പരം തര്ക്കിച്ച് മുന് താരങ്ങളായ സഞ്ജയ് മഞ്ജരേക്കറും ഇര്ഫാന് പത്താനും. ജയ്സ്വാള് റണ്ണൗട്ടായതിന് പിന്നില് വിരാട് കോഹ്ലിയുടെ പിഴവാണെന്ന് മഞ്ജരേക്കര് ആരോപിച്ചപ്പോള് ഇര്ഫാന് എതിര്ത്ത് സംസാരിച്ചതാണ് രംഗം കൊഴുപ്പിച്ചത്. മെല്ബണ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിലെ മത്സരത്തിന് ശേഷം നടന്ന ലൈവ് ചര്ച്ചയിലാണ് ജയ്സ്വാളിന്റെ റണ്ണൗട്ടിനെ കുറിച്ച് സംസാരിച്ചത്.
അര്ധ സെഞ്ച്വറിയും കടന്ന് സെഞ്ച്വറിയിലേയ്ക്ക് കുതിക്കുകയായിരുന്ന ജയ്സ്വാള് 41-ാം ഓവറിലെ അവസാന പന്തിലാണ് പുറത്താവുന്നത്. 118 പന്തില് 82 റണ്സെടുത്ത ജയ്സ്വാളിനെ പാറ്റ് കമ്മിന്സ് റണ്ണൗട്ടാക്കി. ജയ്സ്വാള് ബാറ്റ് ചെയ്യവേ കോഹ്ലിയായിരുന്നു നോണ് സ്ട്രൈക്കര് എന്ഡിലുണ്ടായിരുന്നത്. റണ്ണൗട്ടിന് കാരണം കോഹ്ലിയുടെ നിസ്സാര പിഴവാണെന്നാണ് മഞ്ജരേക്കര് ആരോപിച്ചത്. സിംഗിളിന് വേണ്ടിയുള്ള ജയ്സ്വാളിന്റെ ക്ഷണം നിരസിക്കേണ്ട ഒരു ആവശ്യവും കോഹ്ലിക്കുണ്ടായിരുന്നില്ലെന്നും മഞ്ജരേക്കര് കുറ്റപ്പെടുത്തി.
Post match kalesh between Irfan Pathan and Sanjay Manjrekar 😂 @gharkekalesh pic.twitter.com/xlIEKPTqM0
'പന്ത് വളരെ പതുക്കെയാണ് പോയത്. അത് വളരെ റിസ്കുള്ള റണ് തന്നെയായിരുന്നു. എന്നാലും കോഹ്ലി റണ്ഔട്ട് ആകുമെന്ന് എനിക്ക് തോന്നുന്നില്ല. കോഹ്ലിയില് നിന്നുമുണ്ടായ ഒരു മണ്ടത്തരമാണ് ജയ്സ്വാളിനെ പുറത്താക്കിയത്. ജയ്സ്വാളിന്റേത് തെറ്റായ തീരുമാനം ആയിരുന്നെങ്കില് നോണ് സ്ട്രൈക്കര് എന്ഡില് അയാള് റണ്ഔട്ട് ആകുമായിരുന്നു', മഞ്ജരേക്കര് പറഞ്ഞു.
എന്നാല് മഞ്ജരേക്കറെ എതിര്ത്ത് പത്താന് സംസാരിച്ചു. ബോള് പോയിന്റ് റീജിയണില് പോയിരുന്നെങ്കില് അത് നോണ് സ്ട്രൈക്കര്ക്ക് അനുകൂലമായേനെ എന്നും പത്താന് ചൂണ്ടിക്കാട്ടി. ഇതോടെ ശരിയായ ഉദാഹരണമല്ല പത്താന് സൂചിപ്പിക്കുന്നത് എന്ന് മഞ്ജരേക്കര് പറഞ്ഞു. ഇത് ശരിയും തെറ്റുമല്ല എന്റെ അഭിപ്രായമാണ് എന്ന് പത്താന് തിരിച്ച് മറുപടി നല്കി. ഇതോടെ ഇരുവരും തമ്മില് സംസാരിക്കാന് അനുവദിക്കാത്ത തരത്തില് തര്ക്കമായി.
A terrible mix-up results in Yashasvi Jaiswal's wicket. pic.twitter.com/vzjXKXCr8o
ഒടുവില് ഇത് റണ്ഔട്ടായാലും അല്ലെങ്കിലും ഇര്ഫാന്റെ അഭിപ്രായം കോച്ചിംഗ് മാനുവലില് ചേര്ക്കേണ്ടതാണെന്ന് മഞ്ജരേക്കര് തിരിച്ചടിച്ചു. റണ്ഔട്ട് സംഭവത്തോടെ ശ്രദ്ധ പോയ കോഹ്ലി ഉടനെ പുറത്തായെന്നും മഞ്ജരേക്കര് ചൂണ്ടിക്കാട്ടി. ഇതിനിടെ പറഞ്ഞതിനെക്കുറിച്ച് വിശദീകരിക്കാന് ശ്രമിക്കുമ്പോള് മഞ്ജരേക്കര് വീണ്ടും സംസാരിച്ചതോടെ തന്നെ പറയാന് അനുവദിക്കണമെന്ന് പത്താന് പറഞ്ഞു. 'ഇത്രയും നേരം നിങ്ങള് തന്നെയല്ലെ സംസാരിച്ചത്, എന്നാല് നിങ്ങള് തന്നെ സംസാരിക്കൂ' എന്ന് പറഞ്ഞ് മഞ്ജരേക്കര് ലൈവില് ദേഷ്യപ്പെടുന്നതും വീഡിയോയില് കാണാം.
Content Highlights: Irfan Pathan, Sanjay Manjrekar in Heated Debate Over Virat Kohli-Yashasvi Jaiswal Run-Out During IND vs AUS 4th Test