അബ്ബാസ് കൊടുങ്കാറ്റിനെ ചെറുത്ത് തോൽപ്പിച്ച് ദക്ഷിണാഫ്രിക്കൻ വാലറ്റം; ബാവുമ സംഘം ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ

ജയപരാജയങ്ങൾ മാറിമറിഞ്ഞ ആദ്യടെസ്റ്റിൽ 2 വിക്കറ്റിനാണ് ടെംബ ബാവുമയുടെ ദക്ഷിണാഫ്രിക്ക വിജയം നേടിയത്.

ആവേശം വാനോളമുയർന്ന മത്സരത്തിൽ പാക്കിസ്ഥാനെ തോൽപിച്ച് ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ സ്ഥാനമുറപ്പിച്ചു. ജയപരാജയങ്ങൾ മാറിമറിഞ്ഞ ആദ്യടെസ്റ്റിൽ 2 വിക്കറ്റിനാണ് ടെംബ ബാവുമയുടെ ദക്ഷിണാഫ്രിക്ക വിജയം നേടിയത്. 148 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു ഘട്ടത്തിൽ 99 റൺസിന് 8 വിക്കറ്റ് നഷ്ടപ്പെട്ടതാണ്. എന്നാൽ കാ​ഗിസോ റബാഡയും മാർക്കോ ജാൻസനും കൂടി 51 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു.

മൂന്ന് വർഷത്തിനു ശേഷം ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ മുഹമ്മദ് അബ്ബാസിന്റെ മാരകപേസാണ് സൗത്താഫ്രിക്കയെ വിറപ്പിച്ചത്. 19.3 ഓവറിന്റെ മാരത്തോൺ സ്പെൽ എറിഞ്ഞ അബ്ബാസ് 54 റൺസ് വഴങ്ങി ആറ് വിക്കറ്റുകളാണ് പിഴുതത്. എങ്കിലും അവസാനനിമിഷത്തെ വാലറ്റക്കാരുടെ ചെറുത്ത് നിൽപ് പാക്കിസ്ഥാന് വില്ലനായി. 40 റണ്‍സെടുത്ത തെംബ ബാവുമയാണ് ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിലെ ടോപ് സ്‌കോറര്‍. കഗിസോ റബാദ 31 റൺസും മാര്‍കോ ജാന്‍സന്‍ 16 റൺസുമെടുത്ത് പുറത്താകാതെ നിന്നു, സ്‌കോര്‍: പാകിസ്ഥാന്‍ 211 & 237, ദക്ഷിണാഫ്രിക്ക 301 & 148.

Also Read:

Cricket
'ഫൈൻ പോര, വിലക്കടക്കം ICC ആലോചിക്കണം'; കോഹ്‌ലി കോൺസ്റ്റാസിനെ സ്ലെഡ്ജ് ചെയ്ത വിഷയത്തിൽ പോണ്ടിങ്

അഞ്ച് ഫോറുകള്‍ ഉള്‍പ്പെടുന്നതായിരുന്നു റബാദയുടെ ഇന്നിംഗ്‌സ്. ജാന്‍സന്‍ മൂന്ന് ഫോറുകള്‍ കണ്ടെത്തി. നേരത്തെ പാകിസ്ഥാന്റെ രണ്ടാം ഇന്നിംഗ്‌സ് 237ന് അവസാനിക്കുകയായിരുന്നു. 84 റണ്‍സ് നേടിയ സൗദ് ഷക്കീലാണ് ടോപ് സ്‌കോറര്‍. ബാബര്‍ അസം 50 റണ്‍സ് നേടി. ആറ് വിക്കറ്റ് നേടിയ ജാന്‍സനാണ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ ഒന്നാം ഇന്നിംഗ്‌സില്‍ 211 റണ്‍സില്‍ ഒതുങ്ങിയിരുന്നു. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 301 റണ്‍സ് നേടി. മാര്‍ക്രം (89), ബോഷ് (83) എന്നിവരുടെ ഇന്നിംഗ്‌സാണ് ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്.

Content Highlights: South Africa clinch two-wicket thriller to seal WTC final spot

To advertise here,contact us