'കോൺസ്റ്റാസ് ശ്രമിച്ചത് സമയം കളയാൻ'; ബുംമ്രയുമായുള്ള തർക്കത്തിൽ റിഷഭ് പന്ത്

സിഡ്നി ടെസ്റ്റിന്റെ ആദ്യ ദിവസത്തിന്റെ അവസാന ഓവറിലായിരുന്നു സാം കോൺസ്റ്റാസും ജസ്പ്രീത് ബുംമ്രയും തമ്മിൽ തർക്കമുണ്ടായത്.

ബോർഡർ-​ഗാവസ്കർ ട്രോഫിയുടെ അഞ്ചാം ടെസ്റ്റിന്റെ ആദ്യ ദിവസം ഓസ്ട്രേലിയൻ താരം സാം കോൺസ്റ്റാസും ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രീത് ബുംമ്രയും തമ്മിലുണ്ടായ തർക്കത്തിൽ പ്രതികരണവുമായി റിഷഭ് പന്ത്. കോൺസ്റ്റാസ് ശ്രമിച്ചത് സമയം കളയാനായിരുന്നുവെന്നാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററുടെ വാക്കുകൾ. അവസാന ഓവറുകളിൽ വിക്കറ്റ് നഷ്ടപ്പെടാനുള്ള സാധ്യതകൾ മറികടക്കാനായിരുന്നു ഇത്തരമൊരു നടപടി ഓസീസ് ഓപണറുടെ ഭാ​ഗത്ത് നിന്നുണ്ടായതെന്നും പന്ത് ചൂണ്ടിക്കാട്ടുന്നു.

ഓസീസ് ഓപണർമാരായ ഉസ്മാൻ ഖവാജയും സാം കോൺസ്റ്റാസും തമ്മിൽ ചെറിയൊരു ആശയവിനിമയം നടന്നതായി താൻ കരുതുന്നു. അവർ പറഞ്ഞതെന്തെന്ന് കേട്ടില്ല. എങ്കിലും അവരുടെ ലക്ഷ്യം സമയം കളയുകയായിരുന്നു. അധികമായി ഒരു ഓവർ എറിയാൻ ഇന്ത്യയെ അനുവദിക്കില്ലെന്നായിരുന്നു ഓസീസ് ഓപണർമാരുടെ തീരുമാനം. ആദ്യ ദിവസത്തെ മത്സരശേഷം പന്ത് വ്യക്തമാക്കി.

Also Read:

Cricket
മീഡിയം പേസറെന്ന് ഓസീസ് മീഡിയ; ഫാസ്റ്റ് ബൗളറെന്ന് ബുംമ്ര; ഇത് രണ്ടുമല്ല ഞങ്ങളുടെ ഓൾറൗണ്ടർ ക്യാപ്റ്റനെന്ന് ഫാൻസ്

സിഡ്നി ടെസ്റ്റിന്റെ ആദ്യ ദിവസത്തിന്റെ അവസാന ഓവറിലായിരുന്നു സാം കോൺസ്റ്റാസും ജസ്പ്രീത് ബുംമ്രയും തമ്മിൽ തർക്കമുണ്ടായത്. ബൗളിങ്ങിനായി തയ്യാറെടുക്കുകയായിരുന്ന ബുംമ്രയെ കോൺസ്റ്റാസ് പ്രകോപിപ്പിക്കുകയായിരുന്നു. ഓസ്ട്രേലിയൻ താരത്തിന് നേരെ ദേഷ്യപ്പെട്ട് ബുംമ്രയും മുന്നോട്ടുവന്നു. പിന്നാലെ അംപയർ ഇടപെട്ടാണ് ഇരുവരെയും തർക്കത്തിൽ നിന്ന് പിന്തിരിപ്പിച്ചത്.

ഓവറിലെ അവസാന പന്തിൽ ഉസ്മാൻ ഖവാജയുടെ വിക്കറ്റെടുക്കാനും ബുംമ്രയ്ക്ക് കഴിഞ്ഞു. പിന്നാലെ സാം കോൺസ്റ്റാസിന് നേരെ തിരിഞ്ഞാണ് ബുംമ്ര തന്റെ വിക്കറ്റ് ആഘോഷം നടത്തിയത്. ഇതോടെ മത്സരം ആദ്യ ദിനം അവസാനിച്ചു. മത്സരം നിർത്തുമ്പോൾ ഓസ്ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തിൽ ഒമ്പത് റൺസെന്ന നിലയിലാണ്. ആദ്യ ഇന്നിം​ഗ്സിൽ ഇന്ത്യ 185 റൺസിൽ ഓൾഔട്ടായിരുന്നു.

Content Highlights: Rishabh Pant reflects on Bumrah-Konstas exchange

To advertise here,contact us