ചരിത്രം കുറിച്ച് സ്മൃതി മന്ദാന; വനിത ഏകദിന ക്രിക്കറ്റിൽ 4,000 റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം

കരിയറിലെ 95-ാം ഏകദിന മത്സരത്തിലാണ് സ്മൃതി 4,000 റൺസെന്ന നാഴികകല്ല് പിന്നിട്ടത്

വനിത ഏകദിന ക്രിക്കറ്റിൽ ചരിത്രം കുറിച്ച് ഇന്ത്യൻ താരം സ്മൃതി മന്ദാന. ഏകദിന ക്രിക്കറ്റിൽ 4,000 റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിത താരമായിരിക്കുകയാണ് മന്ദാന. അയർലൻഡ് വനിതകൾക്കെതിരായ ഒന്നാം ഏകദിനത്തിലാണ് താരം ചരിത്രം കുറിച്ചത്. 29 പന്തിൽ 41 റൺസുമായി മന്ദാന പുറത്തായി.

കരിയറിലെ 95-ാം ഏകദിന മത്സരത്തിലാണ് സ്മൃതി 4,000 റൺസെന്ന നാഴികകല്ല് പിന്നിട്ടത്. ഒമ്പത് സെഞ്ച്വറികളും 29 അർധ സെഞ്ച്വറികളും ഇതിൽ ഉൾപ്പെടുന്നു. റൺസ് അടിസ്ഥാനത്തിൽ ഇന്ത്യൻ വനിത ക്രിക്കറ്റ് ചരിത്രത്തിൽ മിതാലി രാജ് മാത്രമാണ് മന്ദാനയ്ക്ക് മുന്നിലുള്ളത്. 232 ഏകദിന മത്സരങ്ങളിൽ നിന്നായി 7,805 റൺസാണ് മിതാലി രാജ് കരിയറിൽ അടിച്ചുകൂട്ടിയത്.

അതിനിടെ ഇന്ത്യൻ വനിതകൾക്കെതിരായ ഒന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് വനിതകൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 238 റൺസെടുത്തു. 92 റൺസെടുത്ത ക്യാപ്റ്റൻ ​ഗാബി ലീവ്സ്, 59 റൺസെടുത്ത ലീഹ് പോൾ എന്നിവരുടെ പ്രകടനമാണ് അയർലൻഡ് ഇന്നിം​ഗ്സിന് കരുത്തായത്. ഇന്ത്യൻ ബൗളിങ് നിരയിൽ പ്രിയ ശർമ രണ്ട് വിക്കറ്റെടുത്തു.

Content Highlights: Smriti Mandhana becomes second Indian batter to reach 4000 runs in W-ODIs

To advertise here,contact us