അക്സർ ജഡേജയ്ക്ക് പകരക്കാരൻ, പന്തിനേക്കാൾ മികച്ചത് സഞ്ജു; ചാംപ്യൻസ് ട്രോഫി ടീമിനെ നിർദേശിച്ച് ഹർഭജൻ

'ഓസ്ട്രേലിയയിൽ റിഷഭ് പന്തിന്റെ മികച്ച പ്രകടനം വർഷങ്ങൾക്ക് മുമ്പാണ്'

അടുത്ത മാസം ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ നിർദേശിച്ച് മുൻ താരം ഹർഭജൻ സിങ്. ഓഫ് സ്പിന്നർ രവീന്ദ്ര ജഡേജയ്ക്ക് പകരമാകാൻ അക്സർ പട്ടേലിന് കഴിയുമെന്നാണ് ഹർഭജന്റെ പ്രധാന നിർദ്ദേശം. റിഷഭ് പന്ത്, സഞ്ജു സാംസൺ എന്നിവരിൽ ഒരാളെയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ സഞ്ജുവാണ് കളിക്കേണ്ടതെന്നും ഹർഭജൻ പറഞ്ഞു.

ജഡേജ വർഷങ്ങളായി ഇന്ത്യൻ ടീമിനായി ചെയ്ത റോൾ ഏറ്റെടുക്കാൻ അക്സറിന് കഴിയുമെന്നാണ് താൻ കരുതുന്നതെന്ന് ഹർഭജൻ തന്റെ യുട്യൂബ് ചാനലിൽ പ്രതികരിച്ചു. സഞ്ജു സാംസൺ അല്ലെങ്കിൽ റിഷഭ് പന്ത് എന്നിവരിൽ ഒരാളെ തിരഞ്ഞെടുക്കണം. ദക്ഷിണാഫ്രിക്കയിൽ സഞ്ജു മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഓസ്ട്രേലിയയിൽ റിഷഭ് പന്തിന്റെ മികച്ച പ്രകടനം വർഷങ്ങൾക്ക് മുമ്പാണ്. അതിനാൽ റിഷഭ് പന്തിന് വിശ്രമം നൽകിയാൽ അത്ഭുതപ്പെടേണ്ടതില്ല. ഹർഭജൻ വ്യക്തമാക്കി.

അടുത്ത മാസം 19ന് ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ ജനുവരി 18നോ 19നോ പ്രഖ്യാപിച്ചേക്കും. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയാണ് ഇക്കാര്യം അറിയിച്ചത്. ചാംപ്യൻസ് ട്രോഫിക്കായി ടീമിനെ പ്രഖ്യാപിക്കാനുള്ള ഐസിസിയുടെ അന്തിമ തിയതി ജനുവരി 12നായിരുന്നു. എന്നാൽ മിക്ക ടീമുകളും ടൂർണമെന്റിനുള്ള ടീമിനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

Also Read:

Cricket
ഐപിഎൽ 2025 മാർച്ച് 23 മുതൽ ആരംഭിക്കും; സ്ഥിരീകരിച്ച് ബിസിസിഐ വൈസ് പ്രസിഡന്റ്

ബോർഡർ-​ഗാവസ്കർ ട്രോഫിയും നാട്ടിൽ ന്യൂസിലാൻഡിനെതിരെ ടെസ്റ്റ് പരമ്പരയും പരാജയപ്പെട്ടതോടെ ചാംപ്യൻസ് ട്രോഫിക്ക് മുമ്പായി ഇന്ത്യൻ ടീമിൽ മാറ്റങ്ങളുണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. രോഹിത് ശർമ നായകനായി തുടരില്ലെങ്കിൽ ജസ്പ്രീത് ബുംമ്രയ്ക്ക് സ്ഥാനം നൽകിയേക്കും. വിരാട് കോഹ്‍ലിയുടെ കാര്യത്തിലും ബിസിസിഐ അന്തിമതീരുമാനം എടുക്കുമെന്നാണ് സൂചന.

Content Highlights: Axar should swap up with Jadeja in CT, Samson over Pant; Harbhajan suggests CT team

To advertise here,contact us