ഒറ്റ വരി സന്ദേശമല്ല, ടീം പ്രഖ്യാപിച്ചതിന് ശേഷവും സഞ്ജു KCA യ്ക്ക് മെയിലയച്ചിട്ടുണ്ട്; നിർണായകവിവരങ്ങൾ പുറത്ത്

വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാൻ താൻ തയാറാണെന്ന് വ്യക്തമാക്കി കേരള ക്രിക്കറ്റ് അസോസിയേഷന് സഞ്ജു നൽകിയ സന്ദേശത്തിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്

ചാംപ്യൻസ് ട്രോഫി ടീമിലുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടം പിടിക്കാത്തതിന് പിന്നാലെ പൊട്ടി പുറപ്പെട്ട തർക്കമാണ് സഞ്ജു സാംസണും കേരള ക്രിക്കറ്റ് അസോസിയേഷനും തമ്മിലുള്ളത്. തന്നെ മാറ്റി നിർത്തിയതാണെന്ന് സഞ്ജു വാദിക്കുമ്പോൾ സഞ്ജു കൃത്യമായ കമ്മ്യൂണിക്കേഷൻ കൈമാറാത്തതാണ് ടീമിൽ ഉൾപ്പെടുത്താത്തതിനുള്ള കാരണമെന്ന് കെസിഎ പ്രസിഡന്റും പറയുന്നു.

തെറ്റ് ആരുടെ ഭാഗത്തായാലും വിവാദം ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ചിടത്തോളവും മലയാളി സ്പോർട്സ് ആരാധകരെ സംബന്ധിച്ചിടത്തോളവും നിരാശ നൽകുന്ന ഒന്നാണ്. ചാംപ്യൻസ് ട്രോഫിയിൽ സഞ്ജു ബാറ്റ് വീശുന്നത് കാണാൻ കാത്തിരിക്കുന്ന ആരാധകരെ സംബന്ധിച്ചിടത്തോളം ഈ വിവാദം ഇരട്ടി ആഘാതമാണ് ഉണ്ടാക്കുന്നത്. സഞ്ജു വിട്ടുനിന്നതിനാൽ തന്നെ ഏകദിനഫോർമാറ്റിലുള്ള ചാംപ്യൻസ് ട്രോഫിയിൽ താരത്തെ പരി​ഗണിക്കേണ്ടെന്ന് സെലക്ടർമാരും തീരുമാനിക്കുകയായിരുന്നു. നിലവിൽ സഞ്ജുവിന്റെ വിട്ടുനിൽക്കൽ ബിസിസിഐയുടെ അന്വേഷണപരിധിയിലുമാണ്.

Also Read:

Cricket
സഞ്ജു സാംസൺ കേരളം വിടുമോ?; ടീമിൽ ഇടം നൽകാമെന്ന് തമിഴ്നാടും രാജസ്ഥാനും

ഇപ്പോഴിതാ സംഭവത്തിൽ നിർണായ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാൻ താൻ തയാറാണെന്ന് വ്യക്തമാക്കി കേരള ക്രിക്കറ്റ് അസോസിയേഷന് സഞ്ജു നൽകിയ സന്ദേശത്തിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തീർത്തും വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് ക്യാമ്പിലെത്താൻ സാധിക്കാതിരുന്നതെന്നും ക്യാമ്പിൽ എത്തിയില്ലെങ്കിൽ ടീമിൽ ഇടമുണ്ടാകില്ലെന്ന കാര്യം തന്നെ അറിയിച്ചിരുന്നില്ലെന്നും സഞ്ജു നൽകിയ സന്ദേശത്തിൽ പറയുന്നു. മാത്രമല്ല, വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാനും താൻ ഒരുക്കമാണ്, കേരളത്തിന് വേണ്ടി കളിക്കുക എന്നത് അങ്ങേയറ്റം അഭിമാനകരമായ കാര്യമാണെന്നും കെസിഎക്ക് അയച്ച സന്ദേശത്തിൽ സഞ്ജു സൂചിപ്പിച്ചതായുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ക്യാമ്പ് ആരംഭിക്കുന്നതിന് മുൻപ് എത്താൻ കഴിയില്ലെന്ന് അറിയിച്ചാണ് സഞ്ജു ആദ്യം കെസിഎക്ക് മെയിൽ അയക്കുന്നത്. പിന്നീട് ടീം പ്രഖ്യാപിച്ചതിന് പിന്നാലെ താൻ കളിക്കാൻ തയാറാണെന്ന് അറിയിച്ച് രണ്ടാമത്തെ മെയിലും അയച്ചു. അതിന് പിന്നാലെയാണ് ക്യാമ്പിൽ എത്താതിരുന്നതിന്റെ കാരണം വ്യക്തമാക്കി വിശദ മെയിൽ അയക്കുന്നത്. ഈ മൂന്ന് മെയിലിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.

നേരത്തെ 'ഞാനുണ്ടാകില്ല' എന്ന ഒറ്റവരി മെയിൽ മാത്രമാണ് സഞ്ജു കെ.സി.എ സെക്രട്ടറിക്ക് അയച്ചതെന്നായിരുന്നു കെസിഎ അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജിന്റെ വാദം. ഈ വാദം തെറ്റാണെന്ന് മെയിൽ പുറത്ത് വന്നതോടെ തെളിഞ്ഞിരിക്കുകയാണ്.

Content Highlights: KCA president said was a big lie ,sanju samson detailed message out

To advertise here,contact us