'കുടുംബം കൂടെയുള്ളത് കളിയെ ബാധിക്കില്ല'; BCCI യുടെ നിയന്ത്രണങ്ങളിൽ പ്രതികരണവുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ

ഇന്ത്യക്കെതിരെ നാളെ ആരംഭിക്കുന്ന ആദ്യ ടി20 മത്സരത്തിനുള്ള ഇംഗ്ലണ്ട് ഇലവനെ പ്രഖ്യാപിച്ചു കഴിഞ്ഞു.

നീണ്ട വിദേശ പര്യടനങ്ങളിൽ പങ്കാളികളും കുട്ടികളും കൂടെ ഉണ്ടായിരിക്കുന്നത് വളരെ പ്രധാനമാണെന്നും താരങ്ങൾക്ക് അത് ടെൻഷൻ കുറയ്ക്കാൻ സഹായകമാകുമെന്നും ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലർ പറഞ്ഞു. വിദേശ പര്യടനങ്ങളിൽ താരങ്ങളുടെ കുടുംബങ്ങളെ കൊണ്ടുപോകുന്നതിന് ബിസിസിഐ നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ബട്ലറിന്റെ പ്രതികരണം.

ഇന്ത്യൻ കളിക്കാർ തങ്ങളുടെ കുടുംബത്തോടൊപ്പം കുറച്ച് സമയം ചിലവഴിക്കുന്നത് കളിയെ ബാധിക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും എന്നാൽ അതാത് രാജ്യത്തെ ക്രിക്കറ്റ് അസോസിയേഷനുകളാണ് ഇതിൽ തീരുമാനമെടുക്കേണ്ടത് എന്നും ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലർ പറഞ്ഞു. 'ഓസീസ് പര്യടനത്തിലെ തോൽവിക്ക് ശേഷമാണ് ഈ മാറ്റങ്ങൾ എന്നാണ് എനിക്ക് തോന്നുന്നത്. കുടുംബം കൂടെയുണ്ടെന്ന് കരുതി കളി മോശമാവില്ല. ചിലപ്പോഴെല്ലാം അത് കളിയെ പോസിറ്റിവായ രീതിൽ സഹായിക്കും. കളിക്കാരാണ് കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നത് കളിയെ ബാധിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടത്,' ബട്ലർ കൂട്ടിച്ചേർത്തു.

Also Read:

Cricket
ഇംഗ്ലണ്ട് വരുന്നത് എറിഞ്ഞൊതുക്കാൻ; ഇന്ത്യയ്‌ക്കെതിരെ ആദ്യ ഇലവനെ പ്രഖ്യാപിച്ചു

നേരത്തെ കുടുംബ അവധിക്കാലം 45 ദിവസമായി പരിമിതപ്പെടുത്തുന്ന പുതിയ വ്യവസ്ഥയിൽ ടെസ്റ്റ്, ഏകദിന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ആശങ്ക അറിയിച്ചിരുന്നു. അതേസമയം ഇന്ത്യക്കെതിരെ നാളെ ആരംഭിക്കുന്ന ആദ്യ ടി20 മത്സരത്തിനുള്ള ഇംഗ്ലണ്ട് ഇലവനെ പ്രഖ്യാപിച്ചു. ഏറെ കാലം ടീമിന് പുറത്തായിരുന്ന ഫാസ്റ്റ് ബൗളര്‍ ഗസ് അറ്റ്കിന്‍സണ്‍ തിരിച്ചെത്തിയതാണ് പ്രധാന മാറ്റം.

2023 ഡിസംബറിലെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലാണ് അറ്റ്കിന്‍സണ്‍ അവസാനമായി കളിച്ചത്. അറ്റ്കിന്‍സണിന് പുറമെ ജോഫ്ര ആര്‍ച്ചര്‍, ജാമി ഓവര്‍ട്ടണ്‍, മാര്‍ക്ക് വുഡ് എന്നീ പേസര്‍മാരും ആദ്യ ഇലവനിലുണ്ട്. അതേസമയം സ്പെഷ്യലിസ്റ്റ് സ്പിന്നറായി ആദില്‍ റഷീദ് ടീമിലെത്തി. ലിയാം ലിവിംഗ്സ്റ്റണും ജേക്കബ് ബെഥേലും സ്പിൻ ബൗളിങ് യൂണിറ്റിലുണ്ട്.

ബാറ്റിങ്ങിൽ ബെന്‍ ഡക്കറ്റ്, ഫില്‍ സാള്‍ട്ട് എന്നിവരാവും ഓപ്പൺ ചെയ്യുക. ശേഷം ബട്ട്ലര്‍, ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റണ്‍ എന്നിവർ ഇറങ്ങും. ബെഥേല്‍, ജാമി ഓവര്‍ട്ടണ്‍ എന്നിവരും മധ്യനിരയിൽ സംഭാവനകൾ നൽകും. മത്സരത്തിനുള്ള ഇന്ത്യൻ ടീം ഇലവനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Content Highlights: 'Being with the family doesn't affect the game'; England captain reacts to BCCI's new restrictions

To advertise here,contact us