ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ 'ടെസ്റ്റിങ് പൂളി'ല്‍ ക്രിക്കറ്റ് താരങ്ങളും; സഞ്ജു അടക്കം 14 പേർ ലിസ്റ്റില്‍

ആദ്യഘട്ട പട്ടികയില്‍ പുരുഷ ക്രിക്കറ്റ് ടീമില്‍ നിന്ന് 11 പേരെയും വനിതാ ടീമില്‍ നിന്ന് മൂന്ന് പേരെയുമാണ് ഉള്‍പ്പെടുത്തിയത്

ദേശീയ ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സിയുടെ (നാഡ) പരിധിയിലേക്ക് പ്രമുഖ ക്രിക്കറ്റ് താരങ്ങളെയും ഉള്‍പ്പെടുത്തുന്നെന്ന് റിപ്പോര്‍ട്ട്. കായിക രംഗത്ത് ഉത്തേജക മരുന്നുകളുടെ ഉപയോഗത്തില്‍ കര്‍ശന നിയന്ത്രണം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ക്രിക്കറ്റ് താരങ്ങളിലേക്കും നാഡ പരിധി വിപുലീകരിക്കുന്നത്. നീക്കത്തിന്റെ ഭാഗമായി നാഡ തയ്യാറാക്കിയ രജിസ്റ്റേര്‍ഡ് ടെസ്റ്റിങ് പൂളില്‍ (ആര്‍ടിപി) 14 ക്രിക്കറ്റ് താരങ്ങളെ ഉള്‍പ്പെടുത്തിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

മലയാളി താരം സഞ്ജു സാംസണും ഉള്‍പ്പെട്ട പട്ടികയില്‍ ഇന്ത്യയുടെ ട്വന്റി 20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് എന്നീ താരങ്ങളുമുണ്ട്. ആദ്യഘട്ട പട്ടികയില്‍ പുരുഷ ക്രിക്കറ്റ് ടീമില്‍ നിന്ന് 11 പേരെയും വനിതാ ടീമില്‍ നിന്ന് മൂന്ന് പേരെയുമാണ് ഉള്‍പ്പെടുത്തിയത്.

Also Read:

Cricket
നിയമം പാലിക്കണം; ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ജഴ്സിയിൽ പാകിസ്താൻ്റെ പേര് ഒഴിവാക്കിയതില്‍ പ്രതികരിച്ച് ഐസിസി

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, യശസ്വി ജയ്സ്വാള്‍, അര്‍ഷ്ദീപ് സിങ്, തിലക് വര്‍മ എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു പുരുഷ താരങ്ങള്‍. വനിതാ ടീമില്‍നിന്ന് ഷഫാലി വര്‍മ, രേണുക സിങ് താക്കൂര്‍, ദീപ്തി ശര്‍മ എന്നിവരാണ് നാഡയുടെ പട്ടികയിലുള്ളത്.

'റജിസ്റ്റേര്‍ഡ് ടെസ്റ്റിങ് പൂളി'ന്റെ ഭാഗമായുള്ള താരങ്ങള്‍ അവരുടെ യാത്രകളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ നാഡയ്ക്ക് കൈമാറണം. എവിടെയാണെന്ന വിവരങ്ങളില്‍ താമസസ്ഥലത്തെ വിലാസം, ഇ മെയില്‍ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ നല്‍കണം. പുതിയ നീക്കത്തിന്റെ ആദ്യഘട്ടത്തില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരകള്‍ക്കിടെ നാഡയുടെ ഉദ്യോഗസ്ഥര്‍ ക്രിക്കറ്റ് താരങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlights: 14 Indian Cricketers including Sanju Samson Added To NADA's Testing Roster For 2025

To advertise here,contact us