ആർച്ചർ പറഞ്ഞത് വെറും വാക്ക് ആയില്ല; സ്വയം തല്ലുവാങ്ങി, ഇന്ത്യയെ വിറപ്പിച്ച് ബ്രൈഡൻ കാർസ്

മത്സരത്തിൽ സംഭവിച്ചത് ആർച്ചറിന്റെ വാക്കുകളോട് സാമ്യതയുള്ള കാര്യങ്ങളാണ്

ഇന്ത്യയ്ക്കെതിരായ ഒന്നാം ട്വന്റി 20യ്ക്ക് പിന്നാലെ ഇം​ഗ്ലണ്ട് പേസർ ജൊഫ്ര ആർച്ചർ ഒരു പ്രസ്താവന നടത്തി. ഒന്നാം മത്സരം ഇന്ത്യ ജയിച്ചത് ഭാഗ്യം കൊണ്ട് മാത്രമാണ്. കൊൽക്കത്തയിലെ കടുത്ത പുകമഞ്ഞ് ഇം​ഗ്ലണ്ടിന്റെ ബാറ്റിങ് ദുഷ്കരമാക്കി. രണ്ടാം ട്വന്റിയിൽ ഇന്ത്യയുടെ ആറ് വിക്കറ്റുകൾ 40 റൺസിനിടെ എറിഞ്ഞ് ഇടുമെന്നും ആർച്ചർ പ്രതികരിച്ചു.

മത്സരത്തിൽ സംഭവിച്ചത് ആർച്ചറിന്റെ വാക്കുകളോട് സാമ്യതയുള്ള കാര്യങ്ങളാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇം​ഗ്ലണ്ട് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. മറുപടി ബാറ്റിങ് ഇന്ത്യയ്ക്ക് ഒട്ടും എളുപ്പമായിരുന്നില്ല. കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബാറ്റർമാർ വിക്കറ്റ് നഷ്ടപ്പെടുത്തി. പക്ഷേ ഇന്ത്യൻ താരങ്ങൾ ആർച്ചറിന് മുന്നിൽ കീഴടങ്ങാൻ തയ്യാറായില്ല. ആർച്ചറിന്റെ നാല് ഓവറിൽ 60 റൺസാണ് ഇന്ത്യൻ സംഘം അടിച്ചെടുത്തത്. സ‍ഞ്ജു സംസണിന്റെ വിക്കറ്റ് മാത്രം ആർച്ചറിന് സ്വന്തമാക്കാൻ കഴിഞ്ഞു.

Also Read:

Cricket
കീഴടങ്ങാത്ത തിലക പോരാട്ടം; രണ്ടാം ട്വന്റി 20യിൽ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് വിജയം

ഇന്ത്യയുടെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയത് ബ്രൈഡൻ കാർസ് ആണ്. നാല് ഓവറിൽ 29 റൺസ് മാത്രം വിട്ടുകൊടുത്താണ് കാർസ് മൂന്ന് വിക്കറ്റുകളെടുത്തത്. ഇന്ത്യൻ നിരയിലെ എട്ട് വിക്കറ്റുകൾ വീഴ്ത്തുവാൻ ഇം​ഗ്ലണ്ട് താരങ്ങൾക്ക് കഴിഞ്ഞു. വിജയത്തിനായുള്ള ഇരുടീമുകളുടെയും പോരാട്ടം അവസാന ഓവർ വരെ നീണ്ടു. ഒടുവിൽ തിലക് വർമയുടെ ഒറ്റയാൾ പോരാട്ടത്തിൽ ഇന്ത്യ രണ്ട് വി​ക്കറ്റ് വിജയം നേടി.

55 പന്തിൽ 72 റൺസുമായി തിലക് വർമ പുറത്താകാതെ നിന്നു. നാല് ഫോറും അഞ്ച് സിക്സും സഹിതമായിരുന്നു തിലകിന്റെ ഇന്നിംഗ്സ്. തിലകിനെ കൂടാതെ 26 റൺസെടുത്ത വാഷിങ്ടൺ സുന്ദർ മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചുനിന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2-0ത്തിന്റെ ലീഡ് നേടാനും ഇന്ത്യയ്ക്ക് സാധിച്ചു.

Content Highlights: Jofra Archer conceeded 60 after smog statement

To advertise here,contact us