'ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നതിൽ എനിക്ക് ഒരു പ്രശ്നമുണ്ട്'; വ്യക്തമാക്കി ശുഭ്മൻ ​ഗിൽ

'ഒരുപക്ഷേ നല്ല രീതിയിൽ താൻ ബാറ്റിങ് തുടങ്ങും. 25-30 റൺസ് വരെ നേടും'

രഞ്ജി ട്രോഫി ടൂർണമെന്റിൽ കർണാടകയ്ക്കെതിരെ സെഞ്ച്വറി നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ പ്രശ്നത്തെക്കുറിച്ച് സംസാരിച്ച് ഇന്ത്യൻ താരം ശുഭ്മൻ ​ഗിൽ. റെഡ് ബോൾ ക്രിക്കറ്റിൽ തനിക്ക് ചെറിയൊരു പ്രശ്നമുണ്ട്. ഒരുപക്ഷേ നല്ല രീതിയിൽ താൻ ബാറ്റിങ് തുടങ്ങും. 25-30 റൺസ് വരെ നേടും. ഈ സമയം വലിയ സ്കോർ നേടണമെന്ന ചിന്ത സ്വയം തനിക്കുള്ളിൽ ഒരു സമ്മർദ്ദം ഉണ്ടാക്കും. ഈ രീതിയിലായിരുന്നില്ല താൻ ക്രിക്കറ്റിനെ മുമ്പ് സമീപിച്ചിരുന്നത്. ശുഭ്മൻ​ ​ഗിൽ പറയുന്നു.

ചില മേഖലകളിൽ നന്നായി കളിക്കാൻ തനിക്ക് കഴിയും. എന്നാൽ അനാവശ്യ സമ്മർദ്ദം ഉണ്ടാകുന്നത് തന്റെ പ്രകടനം മോശമാക്കുന്നു. ചില നിർണായക ഘട്ടങ്ങളിൽ തന്റെ ശ്രദ്ധ നഷ്ടമാകുന്നതിനും ഇത് കാരണമാകുന്നു. ഒരു ക്രിക്കറ്റ് താരമെന്ന നിലയിൽ തന്റെ പ്രശ്നങ്ങൾ സ്വയം തിരിച്ചറിയുന്നത് നല്ലതാണ്. അത് പരിഹരിച്ച് കഴിവിന്റെ പരമാവധി പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കുമെന്ന് ​ഗിൽ വ്യക്തമാക്കി.

Also Read:

Cricket
ഇതാണ് ക്രിക്കറ്റിന്റെ സ്പിരിറ്റ്; ഔട്ടായി മടങ്ങിയ ടോം കരൺ, അപ്പീൽ പിൻവലിച്ച് ആൻഡി ഫ്ലവർ

‌രഞ്ജി ട്രോഫി ക്രിക്കറ്റിൽ കർണാടകയ്ക്കെതിരായ മത്സരത്തിൽ ​ഗിൽ സെ‍ഞ്ച്വറി നേട്ടം സ്വന്തമാക്കിയിരുന്നു. എങ്കിലും പഞ്ചാബിന് ഇന്നിം​ഗ്സ് തോൽവി വഴങ്ങേണ്ടി വന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഒന്നാം ഇന്നിം​ഗ്സിൽ 55 റൺസിൽ എല്ലാവരും പുറത്തായി. ഇതിന് മറുപടിയായി കർണാടക ആദ്യ ഇന്നിം​ഗ്സിൽ 475 റൺസെടുത്തു. ഇന്നിം​ഗ്സ് തോൽവി ഒഴിവാക്കാൻ പഞ്ചാബിന് രണ്ടാം ഇന്നിം​ഗ്സിൽ 420 റൺസ് ആവശ്യമായിരുന്നു. എന്നാൽ 213 റൺസിൽ പഞ്ചാബിന്റെ രണ്ടാം ഇന്നിം​ഗ്സ് അവസാനിച്ചു. ഇതോടെ 207 റൺസിന് കർണാടക മത്സരം വിജയിച്ചു.

Content Highlights: Shubman Gill admits ‘red-ball batting a concern’ for him, opens up on his weak tendency

To advertise here,contact us