'രഞ്ജി കളിച്ചത് കരാർ നഷ്ടമാവാതിരിക്കാൻ'; രോഹിത്തിനെതിരെയുള്ള വിമർശനം തുടർന്ന് ഗാവസ്‌കർ

BCCI യ്ക്ക് പരാതി നൽകിയിട്ടും രോഹിത്തിന് രക്ഷയില്ല

സുനില്‍ ഗാവസ്കറുടെ വിമര്‍ശനങ്ങള്‍ക്കെതിരെ ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബിസിസിഐക്ക് പരാതി നല്‍കിയെന്ന വാർത്തകൾ പുറത്ത് വന്നത് കഴിഞ്ഞ ദിവസമാണ്. ഈ റിപ്പോർട്ട് വലിയ ചർച്ചയാണ് ക്രിക്കറ്റ് ലോകത്ത് ഉണ്ടാക്കിയിരുന്നത്. മുൻ ഇതിഹാസ താരത്തിന്റെ ഇടവിട്ടുള്ള വിമർശനങ്ങൾ ടീം തയ്യാറെടുപ്പുകളെ ബാധിക്കുന്നുവെന്നായിരുന്നു രോഹിത്തിന്റെ പരാതി. എന്നാൽ ബിസിസിഐയ്ക്ക് നൽകിയ പരാതി കൊണ്ടെന്നും രക്ഷയില്ലെന്നാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംഭവ വികാസങ്ങൾ വ്യക്തമാക്കുന്നത്.

കാരണം താരത്തിനെതിരെ വീണ്ടും ഗുരുതര വിമർശനവുമായി ഗാവസ്‌കർ രംഗത്തെത്തിയിരിക്കുകയാണ്. രോഹിത് ശര്‍മ രഞ്ജി ട്രോഫിയില്‍ കളിച്ചത് ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്ന് പുറത്തുപോകാതിരിക്കാന്‍ വേണ്ടി മാത്രമാണെന്ന് ഗാവസ്‌കർ പറഞ്ഞു.' രോഹിത്തിന്റെ സമയം കഴിഞ്ഞുവെന്ന് രഞ്ജി വീണ്ടും തെളിയിച്ചു. മോശം ഫോമിലാണ് താരം കളിച്ചത്, പ്രകടനം നന്നാക്കാനല്ല, കരാർ നഷ്ടമാവാതിരിക്കാനാണ് രോഹിത് രഞ്ജിക്കെത്തിയത്', ഗാവസ്‌കർ ആഞ്ഞടിച്ചു.

Also Read:

Cricket
ഇത് ചരിത്രം; അണ്ടർ 19 വനിതാ ടി20 ലോകകപ്പ് ചരിത്രത്തിലെ ആദ്യ സെഞ്ച്വറിയുമായി ഇന്ത്യയുടെ തൃഷ

മുംബൈയുടെ പരാജയത്തിൽ ജയ്‌സ്വാൾ, ശ്രേയസ് അയ്യർ തുടങ്ങി താരങ്ങളെയും ഗാവസ്‌കർ വിമർശിച്ചു. 'പന്തിന് നല്ല മൂവ്മെന്‍റ് ലഭിച്ച പിച്ചില്‍ നിലയുറപ്പിച്ച് കളിക്കാന്‍ ശ്രമിക്കാതെ അടിച്ചു കളിക്കാനാണ് മൂന്ന് പേരും ശ്രമിച്ചത്, ഇത്തരം സാഹചര്യങ്ങളില്‍ ക്രീസില്‍ പിടിച്ചു നിന്ന് റണ്‍സ് കണ്ടെത്താന്‍ ശ്രമിക്കാതെ തകര്‍ത്തടിക്കാന്‍ നോക്കുന്നത് ശരിയായ സമീപനമാണെന്ന് കരുതുന്നില്ല. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിലും പലരും അമിതാവേശം കാട്ടി പുറത്തായതാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമായത്, ഗാവസ്‌കർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ വര്‍ഷം രഞ്ജിയില്‍ കളിക്കാന്‍ തയാറാവത്തതിന്‍റെ പേരില്‍ ഇഷാന്‍ കിഷനും ശ്രേയസ് അയ്യര്‍ക്കും ബിസിസിഐ വാര്‍ഷിക കരാര്‍ നഷ്ടമായിരുന്നു. രോഹിത്തും യശസ്വിയും മുംബൈ ടീമില്‍ കളിച്ചതോടെ കഴിഞ്ഞ മത്സരങ്ങളില്‍ മുംബൈക്കായി സെഞ്ച്വറികളും അര്‍ധസെഞ്ച്വറികളും നേടിയ യുവതാരം ആയുഷ് മാത്രെയാണ് പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായതെന്നും ഗാവസ്‌കർ പറഞ്ഞു. അതേ സമയം രഞ്ജിയിൽ മികച്ച പ്രകടനം കാഴ്ച വെച്ച തനുഷ് കൊട്ടിയാൻ, ശാർദൂൽ താക്കൂർ എന്നിവരെ ഗാവസ്‌കർ അഭിനന്ദിച്ചു.

Content Highlights:  sunil gavaskar slams rohit sharma again after rohit files complaint with BCCI

To advertise here,contact us