'കളി മാറ്റിയത് ആദിൽ റഷീദ്, അദ്ദേഹം സ്ട്രൈക്ക് കൈമാറാൻ സമ്മതിച്ചില്ല'; ഇംഗ്ലണ്ട് വിജയത്തിൽ സൂര്യകുമാർ യാദവ്

മൂന്നാം ടി20 യിലെ തോൽവിയിൽ പ്രതികരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി 20 യിലെ തോൽവിയിൽ പ്രതികരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഇന്ത്യൻ താരങ്ങൾ നന്നായി കളിക്കാന്‍ ശ്രമിച്ചെങ്കിലും ഇംഗ്ലണ്ട് സ്പിന്നർ ആദിൽ റഷീദിന്റെ സ്പെൽ കളി ഇംഗ്ലണ്ടിന് അനുകൂലമാക്കിയെന്ന് സൂര്യ പറഞ്ഞു. 'ഹാർദിക് പാണ്ഡ്യയും അക്‌സർ പട്ടേലും ബാറ്റ് ചെയ്യുമ്പോളും കളി ഞങ്ങളുടെ കൈകളിലുണ്ടെന്നാണ് കരുതിയിരുന്നത്. എന്നാൽ മധ്യ ഓവറിൽ ആദിൽ റഷീദ് ഇന്ത്യൻ ബാറ്റർമാരെ വരിഞ്ഞുമുറുക്കി. സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാൻ അദ്ദേഹം ഞങ്ങളെ അനുവദിച്ചില്ല', സൂര്യ പറഞ്ഞു.

നാല് ഓവറിൽ 15 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലണ്ട് സ്പിന്നറുടെ പ്രകടനം കളിയിൽ നിർണായകമായിരുന്നു. ഇതോടെ മികച്ച തുടക്കം കിട്ടിയിട്ടും ഇന്ത്യ മധ്യ ഓവറുകളിൽ കിതച്ചു. 9-ാം ഓവറിനും 16-ാം ഓവറിനുമിടയിലെ ഏഴ് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 40 റൺസ് മാത്രമാണ് ഇന്ത്യ നേടിയത്. ഒടുവിൽ 26 റൺസിന്റെ തോൽവിയും ഇന്ത്യ ഏറ്റുവാങ്ങി.

Also Read:

Cricket
'ഒരാൾക്ക് ടി20യിൽ ബാറ്റിങ് സെറ്റ് ചെയ്യാൻ 20-25 പന്തുകൾ എടുക്കാനാവില്ല'; ഹാർദിക്കിനെ വിമർശിച്ച് പാർത്ഥിവ്

അതേ സമയം ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ തിരിച്ചുവരാൻ ഇംഗ്ലണ്ടിനായി. ആദ്യ രണ്ട് മത്സരവും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ട് 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 171 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 145 റൺസാണ് നേടിയത്.

Also Read:

Cricket
ഷോർട് ബോളുകളിൽ അത്ര വീക്കാണോ സഞ്ജു; അല്ലെന്ന് കണക്കുകൾ; പ്രശ്‌നം ഗ്രൗണ്ടിന് പുറത്തെ സംഘർഷം?

ബെൻ ഡക്കറ്റിന്റെ ഫിഫ്റ്റിയുടെ ബലത്തിലായിരുന്നു ഇംഗ്ലണ്ട് 171 റൺസ് അടിച്ചെടുത്തത്. 28 പന്തിൽ ഏഴ് ഫോറുകളും രണ്ട് സിക്സറുകളും അടക്കം 51 റൺസാണ് താരം നേടിയത്. ലിവിങ്സ്റ്റൺ 24 പന്തിൽ 43 റൺസ് നേടി. അഞ്ച് സിക്സറുകളും ഒരു ഫോറും ഇതിൽ ഉൾപ്പെടുന്നു. അഞ്ച് വിക്കറ്റ് പ്രകടനവുമായി വരുൺ ചക്രവർത്തി തിളങ്ങി. മറുപടി ബാറ്റിങിൽ ഹാർദിക് പാണ്ഡ്യ ഒഴികെ മറ്റാർക്കും തിളങ്ങാനായില്ല. ഹാർദിക് 35 പന്തിൽ 40 റൺസ് നേടി. അഭിഷേക് ശർമ 14 പന്തിൽ അഞ്ച് ഫോറുകളടക്കം 24 റൺസ് നേടി. ജാമി മൂന്ന് വിക്കറ്റും ജോഫ്ര ആർച്ചർ, ബ്രൈഡൻ കാർസ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

Content Highlights: Surya Kumar Yadav prasies English spinnar Adil Rashid on third T20 perfomance

To advertise here,contact us