ടി20 റാങ്കിങ്ങില്‍ ചരിത്രം തിരുത്താന്‍ തിലക്; ബാബര്‍ അസമിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കാന്‍ അവസരം

ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ടിനെ പിന്തള്ളി 832 റേറ്റിങ് പോയിന്റുമായാണ് തിലക് ടി20 റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുന്നത്

ഇം​ഗ്ലണ്ടിനെതിരായ പരമ്പരയിലെ മിന്നും പ്രകടനത്തോടെ ഐസിസി ടി20 റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ് ഇന്ത്യൻ യുവതാരം തിലക് വര്‍മ. ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ടിനെ പിന്തള്ളി 832 റേറ്റിങ് പോയിന്റുമായാണ് തിലകിന്റെ കുതിപ്പ്. 855 റേറ്റിംഗ് പോയന്‍റുള്ള ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ് ആണ് ടി20 ബാറ്റർമാരിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ളത്.

ഇപ്പോൾ മിന്നും ഫോമിൽ ബാറ്റുവീശുന്ന തിലക് തകർപ്പൻ റെക്കോര്‍ഡ് നേട്ടത്തിനരികിലാണ് ഉള്ളത്. ഇംഗ്ലണ്ടിനെതിരായ അവസാനത്തെ രണ്ട് ടി20 മത്സരങ്ങളില്‍ നിലവിലെ പ്രകടനം തുടർന്നാൽ തിലകിന് ട്രാവിസ് ഹെഡിനെയും മറികടന്ന് ഒന്നാം സ്ഥാനത്തെത്താനുള്ള സുവർണാവസരമുണ്ട്. ടി20 ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാൽ മറ്റൊരു ലോക റെക്കോര്‍ഡും തിലകിന്റെ സ്വന്തം പേരിൽ എഴുതിച്ചേർക്കപ്പെടും.

Also Read:

Cricket
സഞ്ജുവിന് തിരിച്ചടി, ഐസിസി റാങ്കിങ്ങില്‍ താഴേക്ക്; വരുണിനും തിലകിനും 'സ്വപ്നക്കുതിപ്പ്'

ഐസിസി ടി20 ബാറ്റർമാരിൽ ഒന്നാം റാങ്ക് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡാണ് തിലകിന് നേടാനാവുക. 22 വയസും 82 ദിവസവും പ്രായമുള്ള തിലകിന് റെക്കോർഡിൽ‌ പാകിസ്താൻ സൂപ്പർ ബാറ്റർ ബാബർ അസമിനെ മറികടക്കാൻ സാധിക്കും. 23 വയസും 105 ദിവസവും പ്രായമുള്ളപ്പോൾ ടി20 ബാറ്റർമാരിൽ ഒന്നാം റാങ്കിലെത്തിയ ബാബറാണ് നിലവിൽ ഒന്നാം സ്ഥാനത്തെത്തിയ ഏറ്റവും പ്രായം കുറഞ്ഞ താരം. 2018ലാണ് ബാബര്‍ ഈ നേട്ടം സ്വന്തമാക്കിയത്.

Content Highlights: Tilak Varma inches away from breaking Babar Azam's world record in ICC T20I rankings

To advertise here,contact us