നീണ്ട 12 വര്ഷങ്ങള്ക്ക് ശേഷം രഞ്ജി ട്രോഫിയിലേക്ക് തിരിച്ചെത്തുന്ന കോഹ്ലിയെ കാണാൻ ഡൽഹി അരുണ് ജെയ്റ്റ്ലി സ്റ്റേഡിയത്തിന് ചുറ്റും തിക്കും തിരക്കും. 9.30 ന് തുടങ്ങുന്ന മത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ ആരാധകരെത്തി. സ്റ്റേഡിയത്തിന് മുന്നില് തടിച്ചുകൂടിയ ആരാധകർ. 'ആര്സിബി' ചാന്റുകളും മുഴക്കി. സ്റ്റേഡിയത്തിലേക്ക് കാണികള്ക്ക് സൗജന്യ പ്രവേശനമാണ് ഡല്ഹി ക്രിക്കറ്റ് അസോസിയേഷന് ഒരുക്കിയിട്ടുള്ളത്. മത്സരം കാണാനെത്തുന്നവര് തിരിച്ചറിയല് രേഖയായി ആധാര്കാര്ഡ് മാത്രം കൈയില് കരുതിയാല് മതിയാവും.
അതേ സമയം ടോസ് നേടിയ ഡൽഹി ക്യാപ്റ്റന് ആയുഷ് ബദോനി ബൗളിങ് തിരഞ്ഞെടുത്തു. അത് കൊണ്ട് തന്നെ ഡൽഹിക്ക് വേണ്ടി കളിക്കുന്ന കോഹ്ലി ഇന്ന് ബാറ്റ് ചെയ്യുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. അതേ സമയം കോഹ്ലിയെത്തിയതോടെ മത്സരത്തിന് അന്താരാഷ്ട്ര മത്സരത്തിന് സമാനമായ അന്തരീക്ഷമാണ് ഉണ്ടായിട്ടുള്ളത്. സുരക്ഷാ ക്രമീകരങ്ങളിൽ തുടങ്ങി സംപ്രേഷണ കാര്യങ്ങളിൽ വരെ അടിമുടി മാറ്റത്തിന് ബിസിസിഐ തയ്യാറായിരിക്കുകയാണ്. നേരത്തെ മുംബൈ ടീമിന് വേണ്ടി രോഹിത് ശർമയും ജയ്സ്വാളും കളിക്കാനെത്തിയതോടെ ചരിത്രത്തിൽ ഇത് വരെയില്ലാത്ത ആരാധക ശ്രദ്ധ ആഭ്യന്തര ക്രിക്കറ്റായ രഞ്ജി ട്രോഫിക്ക് ലഭിച്ചിരുന്നു. മത്സരം ലൈവ് സ്ട്രീം ചെയ്യാൻ ബിസിസിഐയും ജിയോ സിനിമയും തമ്മിൽ ധാരണയായിട്ടുണ്ട്.
A 2KM long queue outside Arun Jaitley Stadium to watch Virat Kohli. 🤯pic.twitter.com/Yx5w4DlI9H
ഇന്ത്യന് താരങ്ങള് ആഭ്യന്തര ക്രിക്കറ്റില് കളിക്കണമെന്ന ബിസിസിഐ നിര്ദേശവും സമീപകാലത്തെ മോശം ഫോമുമാണ് കോഹ്ലി രഞ്ജി ട്രോഫി കളിക്കാന് കാരണമായത്. 2012 നവംബറില് ഉത്തര്പ്രദേശിനെതിരെ ആയിരുന്നു കോഹ്ലി അവസാനമായി രഞ്ജി ട്രോഫി കളിച്ചത്. എലൈറ്റ് ഗ്രൂപ്പ് ഡി പോയിന്റ് പട്ടികയില് നിലവില് ആറാം സ്ഥാനത്തുള്ള ഡല്ഹിയുടെ ക്വാര്ട്ടര് പ്രതീക്ഷകള് ഏതാണ്ട് അവസാനിച്ചു. റെയില്വെസാകട്ടെ നാലാം സ്ഥാനത്താണിപ്പോള്. റെയില്വെസിനെതിരായ രഞ്ജി മത്സരം കളിച്ചശേഷം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില് കളിക്കാനായി കോഹ്ലി നാഗ്പൂരിലേക്ക് പോകും. ഫെബ്രുവരി ആറിനാണ് ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര ആരംഭിക്കുന്നത്.
Content Highlights: fans kilometer queue to watch virat kohli playing for ranji trophy team in delhi