'സഞ്ജു ഷോർട്ട് ബോളുകൾ നന്നായി കളിക്കും'; പിന്തുണയുമായി കെവിൻ പീറ്റേഴ്സൺ

'മാനസികമായി സഞ്ജു ഓകെയാണെന്ന് താൻ കരുതുന്നു. സഞ്ജുവിനെ തനിക്ക് ഒരുപാട് ഇഷ്ടമാണ്'

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണ് പിന്തുണയുമായി ഇം​ഗ്ലണ്ട് മുൻ താരവും കമന്റേറ്ററുമായ കെവിൻ പീറ്റേഴ്സൺ. കഴിഞ്ഞ രണ്ട്, മൂന്ന് മത്സരങ്ങളിലെ സഞ്ജുവിനുണ്ടായ പ്രശ്നങ്ങൾ ക്രിക്കറ്റ് കരിയറിന്റെ ഭാ​ഗമാണ്. ഓപണിങ് ബാറ്ററായി ഇറങ്ങുമ്പോൾ ചില റിസ്കുകളുണ്ട്. അഭിഷേക് ശർമയും സഞ്ജുവിനെപോലെ തന്നെയാണ്. ഇരുവരും റിസ്ക് എടുക്കാൻ തയ്യാറാകുന്നു. അത് ചിലപ്പോൾ വിജയിക്കും. മറ്റുചിലപ്പോൾ പരാജയപ്പെടും. കെവിൻ പീറ്റേഴ്സൺ സ്റ്റാർ സ്പോർട്സ് പരിപാടിയിൽ പ്രതികരിച്ചു.

'മാനസികമായി സഞ്ജു ഓകെയാണെന്ന് താൻ കരുതുന്നു. സഞ്ജുവിനെ തനിക്ക് ഒരുപാട് ഇഷ്ടമാണ്. മുൻ വർഷങ്ങളിൽ സഞ്ജുവിന് ഇന്ത്യൻ ടീമിൽ അവസരങ്ങൾ ലഭിച്ചിരുന്നില്ലെന്നത് തന്നെ അത്ഭുതപ്പെടുത്തുന്നു. ഇപ്പോൾ ടോപ് ഓഡറിൽ സഞ്ജുവിന് സ്ഥാനം ലഭിച്ചു. എന്നാൽ ട്വന്റി 20 ക്രിക്കറ്റിൽ ഒരു ബാറ്ററിന് എപ്പോൾ വേണമെങ്കിലും വിക്കറ്റ് നഷ്ടമാകാം', പീറ്റേഴ്സൺ ചൂണ്ടിക്കാട്ടി.

'അടുത്ത ആറ് ആഴ്ചകളിൽ അല്ലെങ്കിൽ അടുത്ത രണ്ട് മാസത്തിൽ ഷോർട്ട് ബോളുകളിൽ വിക്കറ്റ് നഷ്ടപ്പെടുത്തുകയാണെങ്കിൽ താൻ സഞ്ജുവിനെ വിമർശിക്കും. അയാളുടെ ബാറ്റിങ് സാങ്കേതികത്വം ചോദ്യം ചെയ്യും. സഞ്ജു മികച്ചൊരു താരമെന്ന് താൻ കരുതുന്നു. ഷോർട്ട് ബോളുകളിൽ സഞ്ജു നന്നായി കളിക്കും. കാരണം സഞ്ജുവിൽ മികച്ച പ്രതിഭയുണ്ട്. അടുത്ത തവണ ഈ വിഷയത്തിൽ സംസാരിക്കുമ്പോൾ തനിക്ക് സഞ്ജുവിനെ വിമർശിക്കേണ്ടി വരില്ലെന്ന് കരുതുന്നു', പീറ്റേഴ്സൺ വ്യക്തമാക്കി.

Also Read:

Cricket
ബാറ്ററുടെ ഷോട്ട് ഫീൽഡറുടെ ഹെൽമെറ്റിൽ തട്ടി സ്റ്റംമ്പിൽ; വിചിത്ര റണ്ണൗട്ടിൽ ഞെട്ടി ക്രിക്കറ്റ് ലോകം; വീഡിയോ

ഇം​ഗ്ലണ്ടിനെതിരായ ആദ്യ മൂന്ന് ട്വന്റി 20കളിലും ഒരേ രീതിയിൽ പുറത്തായതാണ് മലയാളി താരം സഞ്ജു സാംസണിനെതിരെ വിമർശനത്തിന് കാരണമായത്. ഇം​ഗ്ലീഷ് പേസർ ജൊഫ്ര ആർച്ചറിന്റെ ഷോർട്ട് ബോൾ കളിക്കാൻ കഴിയാതെയാണ് സഞ്ജു പുറത്താകുന്നത്. ആദ്യ മത്സരത്തിൽ നന്നായി കളിച്ച ശേഷം 26 റൺസെടുത്ത് സഞ്ജു പുറത്തായി. എന്നാൽ പിന്നീടുള്ള മത്സരങ്ങളിൽ അഞ്ച്, മൂന്ന് എന്നിങ്ങനെയായിരുന്നു താരം സ്കോർ ചെയ്തത്.

Content Highlights: Pietersen rubbishes criticism of Sanju Samson's technique vs short balls despite flop show

To advertise here,contact us