സഞ്ജുവിനും സൂര്യയ്ക്കും നിർണായകം; ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടി 20 ഇന്ന്

നാലാം മത്സരത്തിൽ ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കാൻ ഇറങ്ങുമ്പോൾ ജയത്തോടെ പരമ്പരയിൽ ഒപ്പത്തിനൊപ്പം പിടിക്കാനാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്

ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന് പൂനെയില്‍ രാത്രി ഏഴ് മുതല്‍ നടക്കും. പരമ്പരയിൽ ആദ്യ രണ്ട് മത്സരവും ഇന്ത്യ സ്വന്തമാക്കിയപ്പോൾ മൂന്നാം മത്സരം ജയിച്ച് ഇംഗ്ലണ്ട് തിരിച്ചുവന്നിരുന്നു. നാലാം മത്സരത്തിൽ ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കാൻ ഇറങ്ങുമ്പോൾ ജയത്തോടെ പരമ്പരയിൽ ഒപ്പത്തിനൊപ്പം പിടിക്കാനാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.

ആദ്യ മൂന്ന് മത്സരങ്ങളിലും തിളങ്ങാൻ കഴിയാതിരുന്ന മലയാളി താരം സഞ്ജു സാംസണും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ജോഫ്ര ആര്‍ച്ചറുടെ വേഗമേറിയ ഷോർട്ട് ബോളുകൾക്ക് മുന്നിലാണ് മൂന്ന് കളികളിലും താരം പുറത്തായത്. കഴിഞ്ഞ മത്സരത്തിന് മുന്നോടിയായി ഇത്തരം പന്തുകൾ നേരിടാൻ സിമന്റ് പിച്ചിൽ പ്ലാസ്റ്റിക് ബോളുകൾ കൊണ്ട് പരിശീലനം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. ഇതോടെ താരത്തിന് വേഗമേറിയ ഷോർട്ട് ബോളുകൾ കളിക്കാനറിയില്ലെന്ന വിമർശനം ഉയർന്നു. അത് കൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിൽ വലിയ ഇന്നിങ്‌സ് കളിക്കുക സഞ്ജുവിന് അനിവാര്യമാകും.

കഴിഞ്ഞ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ബംഗ്ലാദേശിനെതിരെയും സെഞ്ച്വറി പ്രകടനങ്ങളോടെ മിന്നും പ്രകടനം നടത്തിയ സഞ്ജുവിന് ഈ പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് 34 റൺസാണ് നേടാനായിട്ടുള്ളത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മൂന്ന് കളികളിലും നിരാശപ്പെടുത്തിയ ക്യാപ്റ്റൻ സൂര്യകുമാറിനും ഇന്ന് തിളങ്ങിയേ മതിയാവൂ.. ക്രീസിലെത്തിയ പാടെ വമ്പന്‍ ഷോട്ട് കളിച്ച് പുറത്താവുന്നുവെന്ന വിമര്‍ശനമാണ് സൂര്യ നേരിടുന്നത്. 0 , 12, 14 എന്നിങ്ങനെയാണ് താരത്തിന്റ മൂന്ന് കളിയിലെ സ്‌കോറുകൾ. കഴിഞ്ഞ ആറ് ഇന്നിങ്‌സുകളിലായി 52 റൺസും.

Also Read:

Cricket
സൂര്യയ്ക്ക് അവസാന ആറ് മത്സരങ്ങളിൽ 52 മാത്രം; പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് 10 കടത്താനാവാതെ സാൾട്ട്

അതേ സമയം അഭിഷേക് ശര്‍മയും തിലക് വര്‍മയും ഫോമിലുള്ളത് പ്രതീക്ഷയാണ്. ബൗളര്‍മാരില്‍ പേസറായി മുഹമ്മദ് ഷമിക്കൊപ്പം അര്‍ഷ്ദീപ് സിംഗുമുണ്ടാകും. ടി 20 വിക്കറ്റ് നേട്ടത്തിൽ സെഞ്ച്വറിയിലെത്താൻ രണ്ട് വിക്കറ്റിന്റെ മാത്രം ദൂരത്തിലാണ് അര്‍ഷ്ദീപ്. സ്പിന്നിനെ തുണക്കുന്ന പിച്ചില്‍ അക്സര്‍ പട്ടേലും വാഷിംഗ്ടണ്‍ സുന്ദറും വരുണ്‍ ചക്രവര്‍ത്തിയും തുടരും. രവി ബിഷ്ണോയ് പുറത്തിരിക്കും. മധ്യനിരയില്‍ ധ്രുവ് ജുറെലിന് പകരം കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ് പുറത്തായിരുന്ന റിങ്കു സിംഗും പ്ലെയിങ് ഇലവനിലേക്ക് മടങ്ങിയെത്തിയേക്കും.

Content Highlights: Crucial for Sanju samson and partner surya kumar yadav; India-England 4th T20 today

To advertise here,contact us