'കോഹ്‌ലിയെ എങ്ങനെ പുറത്താക്കാമെന്ന് ബസ് ഡ്രൈവര്‍ പോലും പറഞ്ഞുതന്നു'; വെളിപ്പെടുത്തി റെയില്‍വേ പേസര്‍

റെയില്‍വേസിനെതിരായ രഞ്ജി മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ കോഹ്‌ലിയെ ക്ലീന്‍ ബൗള്‍ഡാക്കിയത് സാംഗ്വാനായിരുന്നു

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ നീണ്ട പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയെ പുറത്താക്കിയതിന് പിന്നാലെ ശ്രദ്ധ നേടിയ പേസറാണ് റെയില്‍വേയുടെ ഹിമാന്‍ഷു സാംഗ്വാന്‍. റെയില്‍വേസിനെതിരായ രഞ്ജി മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ ഡല്‍ഹിക്ക് വേണ്ടി ബാറ്റുചെയ്യാനിറങ്ങിയ കോഹ്‌ലിയെ ക്ലീന്‍ ബൗള്‍ഡാക്കിയത് സാംഗ്വാനായിരുന്നു. ഇപ്പോള്‍ കോഹ്‌ലിയുടെ വിക്കറ്റ് വീഴ്ത്തിയതിന് മുന്നോടിയായുണ്ടായ രസകരമായ സംഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് റെയില്‍വേ പേസര്‍. കോഹ്‌ലിയെ പുറത്താക്കാനുള്ള തന്ത്രം തങ്ങളുടെ ബസ് ഡ്രൈവര്‍ പോലും പറഞ്ഞുതന്നിരുന്നെന്ന് അവകാശപ്പെട്ടാണ് സാംഗ്വാന്‍ എത്തിയിരിക്കുന്നത്.

Harish Sangwan bowled Out Virat King Kohli At The Score of 6 🤐(Full Crowd Reaction + Celebration) #ViratKohli𓃵 | #ViratKohliHello @CSKFansOfficial@Dhoni_Reenu07Party when🤣 https://t.co/L6EkZQTmlf

'മത്സരത്തിന് മുന്‍പ് വിരാട് കോഹ്ലിയും റിഷഭ് പന്തും കളിക്കുമെന്ന് ചര്‍ച്ചകളുണ്ടായിരുന്നു. പക്ഷേ മത്സരം ലൈവായി പ്രക്ഷേപണം ചെയ്യുമെന്ന് അറിഞ്ഞിരുന്നില്ല. പിന്നീടാണ് പന്ത് കളിക്കില്ലെന്നും വിരാട് ഉണ്ടാകുമെന്നും മനസ്സിലായത്. ഞാനാണ് റെയില്‍വേസിന്റെ പേസ് ആക്രമണത്തെ നയിക്കുന്നത്. ഞാന്‍ തന്നെയായിരിക്കും കോഹ്ലിയെ പുറത്താക്കുകയെന്ന് തോന്നുന്നുണ്ടെന്ന് എല്ലാ ടീമംഗങ്ങളും എന്നോടു പറഞ്ഞിരുന്നു', സാംഗ്വാന്‍ പറഞ്ഞു.

'വിരാട് കോഹ്ലിയെ എങ്ങനെ പുറത്താക്കണമെന്ന് ഞങ്ങള്‍ സഞ്ചരിച്ചിരുന്ന ബസിന്റെ ഡ്രൈവര്‍ പോലും എന്നോട് പറഞ്ഞു. കോഹ്ലിക്കെതിരെ ഫോര്‍ത്ത് സ്റ്റമ്പ് ലൈനില്‍ പന്തെറിഞ്ഞാല്‍ അദ്ദേഹം പുറത്താകുമെന്നായിരുന്നു ഡ്രൈവറുടെ ഉപദേശം. എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. മറ്റൊരാളുടെ ബലഹീനതകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം എന്റെ സ്വന്തം കരുത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. ഞാന്‍ എന്റെ കഴിവില്‍ പന്തെറിഞ്ഞു. ഒടുവില്‍ വിക്കറ്റ് ലഭിച്ചു', സാംഗ്വാന്‍ കൂട്ടിച്ചേര്‍ത്തു.

Also Read:

Cricket
കിങിന്റെ സ്റ്റംപ് വരെ തൂക്കി; ശേഷം ഡൽഹി ആരാധകർക്ക് മുമ്പിൽ മാസ് സെലിബ്രേഷനും; ആരാണ് ആ റെയിൽവേസ് പേസർ?

റെയില്‍വേസിനെതിരെ ഡല്‍ഹിക്ക് വേണ്ടി കളിക്കാനെത്തിയ കോഹ്‌ലി കേവലം ആറ് റണ്‍സിനാണ് പുറത്തായത്. ഒരു ഫോർ നേടി താരം പ്രതീക്ഷ നൽകിയെങ്കിലും ഹിമാൻഷു സാംഗ്വാന്റെ പന്തിൽ വിരാട് ക്ളീൻ ബൗൾഡാവുകയായിരുന്നു. ഇതോടെ ഡൽഹി അരുൺ ജെയ്റ്റ്ലി സ്‌റ്റേഡിയത്തിൽ തിങ്ങിക്കൂടിയ ആരാധകരും നിരാശരായി.

ഡൽഹിയുടെ ജൂനിയർ ടീമിന് വേണ്ടി കളിച്ചുതുടങ്ങിയ ഹിമാന്‍ഷു 2019 സെപ്തംബറിൽ വിജയ് ഹസാരെ ട്രോഫിയിലൂടെയാണ് ആഭ്യന്തര ക്രിക്കറ്റിലേക്ക് അരങ്ങേറുന്നത്. അതേ വർഷം നവംബറിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെ ടി 20 യിലും ഡിസംബറിൽ രഞ്ജി ട്രോഫിയിലൂടെ ടെസ്റ്റിലും അരങ്ങേറി.

ഡൽഹിക്കെതിരായ മത്സരം ആരംഭിക്കുന്നതിന് മുമ്പ് 23 രഞ്ജി ട്രോഫി മത്സരങ്ങളിൽ നിന്ന് 77 ഫസ്റ്റ് ക്ലാസ് വിക്കറ്റുകളും 17 മത്സരങ്ങളിൽ നിന്ന് 21 ലിസ്റ്റ് എ വിക്കറ്റുകളും ഏഴ് മത്സരങ്ങളിൽ നിന്ന് 5 ടി20 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റിലെ തന്നെ സൂപ്പർ താരം കോഹ്‌ലിയുടെ വിക്കറ്റ് നേടിയതോടെ ഹിമാന്‍ഷു ഇപ്പോൾ രാജ്യാന്തര ശ്രദ്ധ നേടിയിരിക്കുകയാണ്.

Content Highlights: Himanshu Sangwan reveals untold story behind Virat Kohli’s dismissal during Delhi vs Railways Ranji Trophy clash

To advertise here,contact us