ആ ഫ്ലിക്കിന്റെ ഭം​ഗിയൊന്നും അങ്ങനെ മാഞ്ഞിട്ടില്ല ബ്രോ! സിക്സർ നേട്ടത്തിൽ ​ഗെയിലിനേയും മറികടന്ന് ഹിറ്റ്മാൻ

ഏകദിന ക്രിക്കറ്റിൽ സിക്സർ നേട്ടത്തിൽ ഇനി ഹിറ്റ്മാന് മുന്നിൽ ഷാഹിദ് അഫ്രീദി മാത്രം

ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയുടെ തിരിച്ചുവരവ്. 30 പന്തിൽ അർധ സെഞ്ച്വറി പിന്നിട്ട രോഹിത് ശർമ ക്രീസിൽ തുടരുകയാണ്. നാല് ഫോറും നാല് സിക്സും അടങ്ങുന്നതായിരുന്നു ഹിറ്റ്മാന്റെ ഇന്നിം​ഗ്സ്. സമീപകാല മോശം ഫോമിനെ തുടർന്ന് ഉയർന്ന വിരമിക്കൽ ആവശ്യങ്ങൾക്ക് തൽക്കാലം തടയിടാനും രോഹിത്തിന്റെ ഇന്നിം​ഗ്സിന് കഴിഞ്ഞു എന്ന് തന്നെ പറയാം.

സാഖിബ് മഹ്മൂദ് എറിഞ്ഞ ആദ്യ ഓവറിൽ ഒരു റൺസ് മാത്രമാണ് രോഹിത് നേടിയത്. മുൻ മത്സരങ്ങളിലെ മോശം ഫോമിൽ രോഹിത്തിന്റെ മുഖത്ത് തുടക്കത്തിൽ സമ്മർദം നിഴലിച്ചിരുന്നു. എന്നാൽ ​ഗസ് അറ്റ്കിൻസൺ എറിഞ്ഞ രണ്ടാം ഓവറിലെ രണ്ടാം പന്ത് നിലം തൊടാതെ അതിർത്തി കടന്നു. ഇത് ഹിറ്റ്മാനിലെ പവർഹിറ്റർ ബാക്കിയുണ്ടെന്ന് സൂചന നൽകി. പിന്നെ ഇം​ഗ്ലീഷ് പേസ് നിര പലതവണ നിലംതൊടാതെ അതിർത്തി കടന്നു. യൂണിവേഴ്സൽ ബോസിന്റെ റെക്കോർഡ് ഇതിനിടെ രോഹിത് തിരുത്തിക്കുറിക്കുകയും ചെയ്തു. ഏകദിന ക്രിക്കറ്റിൽ സിക്സർ നേട്ടത്തിൽ ഇനി ഹിറ്റ്മാന് മുന്നിൽ ഷാഹിദ് അഫ്രീദി മാത്രമാണ് മുന്നിലുള്ളത്.

ഷാഹിദ് അഫ്രീദി 398 മത്സരങ്ങളിൽ നിന്നായി 351 സിക്സറുകളാണ് നേടിയത്. രോഹിത്താവട്ടെ, 267 മത്സരങ്ങളിൽ നിന്നായി 334 സിക്സറുകളാണ് നിലവിൽ നേടിയിരിക്കുന്നത്. ഗെയിലാവട്ടെ, 331 സിക്സറുകളാണ് 301 മത്സരങ്ങളിൽ നിന്നായി നേടിയിരിക്കുന്നത്.

Also Read:

Cricket
കട്ടക്കിൽ ഹിറ്റ്മാന്റെ വെടിക്കെട്ട് കത്തിക്കയറവേ രസം കൊല്ലിയായി ഫ്ലഡ്ലൈറ്റ് അണഞ്ഞു; മത്സരം തടസപ്പെട്ടു

ഇടയ്ക്ക് കളിയിൽ രസം കൊല്ലിയായി വെളിച്ചക്കുറവും ഫ്ലഡ്ലൈറ്റ് അണഞ്ഞതും വില്ലനായെത്തി. പക്ഷേ അരമണിക്കൂറോളം നീണ്ട താൽക്കാലിക തടസത്തിനും അയാളെ തടയാൻ കഴിഞ്ഞില്ല. 30 പന്തുകളിൽ രോഹിത് അർധസെഞ്ച്വറിയിലേക്കെത്തി. ആദിൽ റഷീദിനെതിരെ ബൌണ്ടറി നേടിയായിരുന്നു ഹിറ്റ്മാൻ അർധസെഞ്ച്വറി പിന്നിട്ടത്.

നിലവിൽ മറുവശത്ത് ശക്തമായ പിന്തുണയുമായി ശുഭ്മൻ ​ഗിൽ ക്രീസിലുണ്ട്. ലോക ക്രിക്കറ്റിന് ഇന്ത്യൻ ക്യാപ്റ്റൻ ഒരു സന്ദേശം നൽകിക്കഴിഞ്ഞു. ചാംപ്യൻസ് ട്രോഫിക്കായി ഹിറ്റ്മാനും സംഘവും വരുന്നുണ്ട്!

Content Highlights: Rohit Sharma scored fifty amid his form concers

To advertise here,contact us