തന്നെ ഇനിയും കിങ് എന്ന് അഭിസംബോധന ചെയ്യരുതെന്ന് പാകിസ്താന്റെ സ്റ്റാര് ബാറ്ററും മുന് ക്യാപ്റ്റനുമായ ബാബര് അസം. അന്താരാഷ്ട്ര ക്രിക്കറ്റില് മോശം ഫോം തുടരുന്ന സാഹചര്യത്തിലായിരുന്നു ആരാധകരോടും മാധ്യമങ്ങളോടും ബാബര് അഭ്യര്ത്ഥിച്ചത്. ത്രിരാഷ്ട്ര പരമ്പരയില് ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ഏകദിന മത്സരത്തിലെ ആറ് വിക്കറ്റ് വിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ബാബര് അഭ്യര്ത്ഥനയുമായി രംഗത്തെത്തിയത്.
'ദയവുചെയ്ത് എന്നെ കിങ് എന്ന് വിളിക്കുന്നത് നിര്ത്തണം, ഞാന് ഒരു തരത്തിലുമുള്ള കിങ് അല്ല. അവിടേക്ക് ഞാന് ഇനിയും എത്തിയിട്ടില്ല. എന്റെ പുതിയ റോളില് കൂടുതല് ശ്രദ്ധ പുലര്ത്താനാണ് ഞാന് ആഗ്രഹിക്കുന്നത്', ബാബര് അസം മാധ്യമങ്ങളോട് പറഞ്ഞു.
"Please stop calling me King Shing. I am not King, I am not there yet." - Babar Azam #BabarAzam #BabarAzam𓃵 pic.twitter.com/a0MZAjwO74
കരിയറില് മികച്ച പ്രകടനം നടത്തിയ കാലഘട്ടത്തില് ഇന്ത്യയുടെ മുന് നായകനും സ്റ്റാര് ബാറ്ററുമായ വിരാട് കോഹ്ലിയുമായി പാക് ആരാധകര് ബാബറിനെ താരതമ്യം ചെയ്തിരുന്നു. അങ്ങനെയാണ് കോഹ്ലിയെ ആരാധകര് വിശേഷിപ്പിക്കുന്ന കിങ് എന്ന പേര് ബാബറിനും വന്നുചേരുന്നത്. ശേഷം അത് ബാബര് അസമിന്റെ വിളിപ്പേരുകളിലൊന്നായി മാറുകയായിരുന്നു. എന്നാല് നിരാശപ്പെടുത്തുന്ന പ്രകടനം പുറത്തെടുക്കുന്ന സാഹചര്യങ്ങളില് ബാബറിനെ കളിയാക്കാനായി എതിര് ടീം ആരാധകര് ഈ പേര് ഉപയോഗിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
അതേസമയം ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിലും ബാബര് മോശം ഫോമിലാണ് ബാറ്റുവീശിയത്. 19 പന്തില് 23 റണ്സ് മാത്രം നേടിയാണ് പാക് താരം പുറത്തായത്. ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തില് പത്ത് റണ്സ് മാത്രമാണ് താരത്തിന് കണ്ടെത്താന് സാധിച്ചത്.
Content Highlights: Babar Azam requests media and fans to stop calling him a king