ചാംപ്യൻസ് ട്രോഫിയിൽ തിളങ്ങാൻ ഈ അഞ്ച് താരങ്ങൾ; കൂട്ടത്തിൽ പ്രമുഖൻ വരുൺ ചക്രവർത്തി

33കാരനായ വരുൺ ഇം​ഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിൽ 14 വിക്കറ്റുകളാണ് വീഴ്ത്തിയത്.

ഫെബ്രുവരി 19ന് ഐസിസി ചാംപ്യൻസ് ട്രോഫിക്ക് തുടക്കമാവുകയാണ്. പാകിസ്താനിലും ദുബായിലുമായി നടക്കുന്ന ടൂർണമെന്റിൽ മികച്ച പ്രകടനത്തിനായി നിരവധി താരങ്ങളാണ് കാത്തിരിക്കുന്നത്. ചില താരങ്ങളുടെ മികവ് ചാംപ്യൻസ് ട്രോഫിയിൽ നിർണായകമാവുമെന്ന് ആരാധകരും പ്രതീക്ഷിക്കുന്നു. ഈ ചാപ്യൻസ് ട്രോഫിയിൽ തിളങ്ങാൻ പോവുന്ന പ്രധാനപ്പെട്ട 5 താരങ്ങൾ ആരൊക്കെയെന്ന് നോക്കാം.

സമീപകാലത്ത് മികച്ച പ്രകടനം നടത്തുന്ന വരുൺ ചക്രവർത്തിയിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷിക്കുന്നു. 33കാരനായ വരുൺ ഇം​ഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിൽ 14 വിക്കറ്റുകളാണ് വീഴ്ത്തിയത്. പിന്നാലെ താരത്തെ അപ്രതീക്ഷിതമായി ഏകദിന ടീമിലേക്കും വിളിച്ചു. കഴിഞ്ഞ സീസണിൽ ഐപിഎൽ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി വരുൺ 21 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. വരുണിന്റെ മികവ് ചാംപ്യൻസ് ട്രോഫിയിലും കാണാൻ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

പാകിസ്താന്റെ തയ്യാബ് താഹിറാണ് മികച്ച പ്രതീക്ഷകളുണർത്തുന്ന മറ്റൊരു താരം. 2023ലെ എമേർജിങ് ഏഷ്യാ കപ്പിന്റെ ഫൈനലിൽ ഇന്ത്യയ്ക്കെതിരെ നേടിയ സെഞ്ച്വറിയാണ് താരത്തെ ശ്രദ്ധേയനാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതുവരെ ആറ് ഏകദിനങ്ങളും എട്ട് ട്വന്റി 20യും മാത്രമാണ് താഹിർ കളിച്ചിട്ടുള്ളത്.

Also Read:

Cricket
സച്ചിനും ജലജും ക്രീസിൽ; ​രഞ്ജിയിൽ മികച്ച സ്കോറിനായി കേരളം പൊരുതുന്നു

ഇം​ഗ്ലണ്ടിന്റെ ടോം ബാന്റൺ ആണ് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ ആകർഷിച്ചേക്കാവുന്ന മറ്റൊരു താരം. ഇന്ത്യയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ 38 റൺസ് മാത്രമാണ് നേടിയതെങ്കിലും ബാന്റണിന്റെ ഷോട്ടുകൾ ക്രിക്കറ്റ് ലോകത്തെ ആകർഷിച്ചിരുന്നു. ജേക്കബ് ബെഥലിന് പകരക്കാരനായി ടീമിലെത്തിയ ബാന്റൺ ചാംപ്യൻസ് ട്രോഫിയിൽ മികവ് കാട്ടുമെന്ന പ്രതീക്ഷയിലാണ്.

ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ആരോൺ ഹാർഡിക്ക് മാർകസ് സ്റ്റോയിനിസിന്റെ പകരക്കാരനാകാനുള്ള ചുമതലാണുള്ളത്. ഓസീസ് ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തുന്ന താരത്തിന് പക്ഷേ അന്താരാഷ്ട്ര ക്രിക്കറ്റിൽ മികവിലേക്ക് ഉയരാൻ കഴിഞ്ഞിട്ടില്ല. ആദ്യ ഐസിസി ടൂർണമെന്റിനൊരുങ്ങുന്ന ന്യൂസിലാൻഡിന്റെ വിൽ ഒറൂക്ക് ആണ് മറ്റൊരു പ്രതീക്ഷയുണർത്തുന്ന താരം. ദക്ഷിണാഫ്രിക്ക, പാകിസ്താൻ ടീമുകൾ ഉൾപ്പെട്ട ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലിൽ നാല് വിക്കറ്റെടുത്ത റൂക്ക് മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

Content Highlights: Five emerging players to watch in ICC Champions Trophy 2025

To advertise here,contact us