തീയായി മന്ദാന, ക്യാപിറ്റല്‍സിനെ തകര്‍ത്തെറിഞ്ഞ് റോയലായി ആര്‍സിബി; തുടര്‍ച്ചയായ രണ്ടാം വിജയം

ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെ അര്‍ധ സെഞ്ച്വറിയാണ് ആര്‍സിബിക്ക് ആവേശവിജയം സമ്മാനിച്ചത്.

വനിതാ പ്രീമിയര്‍ ലീഗ് 2025ല്‍ തുടര്‍ച്ചയായ രണ്ടാം വിജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ടൂർണമെന്‍റിലെ നാലാമത്തെ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് വനിതകളെ എട്ട് വിക്കറ്റിനാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു വനിതകള്‍ കീഴടക്കിയത്. 142 റണ്‍സ് എന്ന വിജയലക്ഷ്യം വെറും 16.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി മറികടന്നു. ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെ അര്‍ധ സെഞ്ച്വറിയാണ് ആര്‍സിബിക്ക് ആവേശവിജയം സമ്മാനിച്ചത്.

2️⃣ in 2️⃣ and the title defence has been off to a dream start. 🔥Aggression at its peak and a staggering 8-wicket win over the Capitals. 🙌❤️#PlayBold #ನಮ್ಮRCB #SheIsBold #WPL2025 #DCvRCB pic.twitter.com/m5YRhnrinM

വഡോദര സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് വനിതകള്‍ 19.3 ഓവറില്‍ 141 റണ്‍സിന് ഓള്‍ഔട്ടായി. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ രേണുക സിങ്ങും ജോര്‍ജിയ വെര്‍ഹാമുമാണ് ക്യാപിറ്റല്‍സിന്റെ നട്ടെല്ലൊടിച്ചത്. 22 പന്തില്‍ 34 റണ്‍സ് നേടിയ ജെമീമ റോഡ്രിഗസാണ് ക്യാപിറ്റല്‍സിന്റെ ടോപ് സ്‌കോറര്‍. 19 പന്തില്‍ 23 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ സാറ ബ്രൈസും സ്‌കോര്‍ ബോര്‍ഡിലേക്ക് തന്റേതായ സംഭാവന നല്‍കി. മലയാളി താരം മിന്നുമണി നാല് പന്തില്‍ അഞ്ച് റണ്‍സുമായി പുറത്താകാതെ നിന്നു.

Also Read:

Cricket
ഒടുവില്‍ പാകിസ്താന്റെ പേര് ഉള്ള ജഴ്സിയണിഞ്ഞ് താരങ്ങൾ; ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ജഴ്‌സി ഇറങ്ങി

142 റണ്‍സ് പിന്തുടര്‍ന്ന ആര്‍സിബിക്ക് വേണ്ടി ക്യാപ്റ്റന്‍ മന്ദാനയും ഡാനിയേല്‍ വ്യാറ്റ് ഹോഡ്ജും ഓപണിംഗ് വിക്കറ്റില്‍ 112 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 33 പന്തില്‍ 42 റണ്‍സെടുത്ത് ഹോഡ്ജും 47 പന്തില്‍ 81 റണ്‍സെടുത്ത് സ്മൃതി മന്ദാനയും പുറത്തായി. ഓപണര്‍മാരായ ഇരുവരെയും നഷ്ടപ്പെട്ടെങ്കിലും റിച്ച ഘോഷും (5 പന്തില്‍ 11) എല്ലിസ് പെറിയും (13 പന്തില്‍ 7) വിജയലക്ഷ്യം അനായാസമായി പൂര്‍ത്തിയാക്കി. ഈ വിജയത്തോടെ ആര്‍സിബി വനിതകള്‍ ലീഗില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുമായി ഒന്നാമത് നില്‍ക്കുന്നു.

Content Highlights: WPL 2025: Smriti Mandhana stars in RCB's crushing 8-wicket win over Delhi Capitals

To advertise here,contact us