രഞ്ജിട്രോഫി സെമി; ആദ്യദിനം പോസിറ്റീവ്; രണ്ടാം ദിനത്തിൽ മികച്ച ടോട്ടൽ ലക്ഷ്യമിട്ട് കേരളം

ആദ്യ ദിനത്തിൽ ഭേദപ്പെട്ട റൺസ് സ്കോർ ചെയ്യാൻ കഴിഞ്ഞുവെന്നത് പോസിറ്റീവാണ്

രഞ്ജി ട്രോഫി സെമി ഫൈനലിൽ ഗുജറാത്തിനെതിരെ കേരളത്തിന് നിർണായകമായ രണ്ടാം ദിനം. ആദ്യ ദിനത്തിൽ ഭേദപ്പെട്ട റൺസ് സ്കോർ ചെയ്യാൻ കഴിഞ്ഞുവെന്നത് പോസിറ്റീവാണ്. നിലവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 206 റൺസെന്ന നിലയിലാണ് കേരളം. 69 റണ്‍സോടെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും 30 റണ്‍സുമായി മുഹമ്മദ് അസറുദ്ദീനും ക്രീസിലുണ്ട്. പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ സച്ചിന്‍ ബേബിയും മുഹമ്മദ് അസറുദ്ദീനും ചേർന്ന് 49 റൺസ് നേടിയിട്ടുണ്ട്.

ഇവരെ കൂടാതെ അക്ഷയ് ചന്ദ്രന്‍, രോഹൻ കുന്നുമ്മൽ, ജലജ് സക്‌സേന എന്നിവരും 30 റൺസ് വീതം നേടിയിരുന്നു. ഈ മൂന്നുപേരും പുറത്തായി. 10 റണ്‍സെടുത്ത വരുണ്‍ നായനാരുടെ വിക്കറ്റും കേരളത്തിന് നഷ്ടമായി. രണ്ടാം ദിനത്തിൽ റൺ റേറ്റ് ഉയർത്തി സ്കോർ എളുപ്പത്തിൽ 400 കടത്തുകയാവും കേരളത്തിന്റെ ലക്ഷ്യം. നിലവിൽ 89 ഓവറുകളോളം നേരിട്ട കേരളത്തിന്റെ റൺ റേറ്റ് 2.31 ആണ്. സച്ചിൻ ബേബി സെഞ്ച്വറിയിലേക്കെത്തുമോ എന്നതും ആകാംഷ നൽകുന്ന ഒന്നാണ്. സൽമാൻ നിസാർ ബാറ്റ് ചെയ്യാൻ ബാക്കിയുള്ളതും സന്ദർശകരുടെ പ്രതീക്ഷയാണ്.

Also Read:

Other Sports
'പരാമർശം പിൻവലിച്ചില്ലെങ്കിൽ മെഡലുകൾ കടലിലെറിയും'; കായികമന്ത്രി അബ്ദുറഹ്‌മാനെതിരെ ദേശീയ ഗെയിംസ് താരങ്ങൾ

നേരത്തെ ടോസ് നേടിയ കേരളം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ജമ്മു കശ്മീരിനെതിരെ ക്വാര്‍ട്ടര്‍ മത്സരം കളിച്ച ടീമില്‍ കേരളം രണ്ട് മാറ്റങ്ങളുമായാണ് ഇന്ന് ഗ്രൗണ്ടിലിറങ്ങിയത്. ബാറ്റര്‍ ഷോണ്‍ റോജര്‍ക്ക് പകരം വരുണ്‍ നായനാര്‍ കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ പേസര്‍ ബേസില്‍ തമ്പിക്ക് പകരം അഹമ്മദ് ഇമ്രാനും കേരളത്തിനായി ഇറങ്ങി.

Content Highlights: Ranji Trophy Semi; Positive on day one; Kerala aiming for a better total on the second day

To advertise here,contact us