പാകിസ്താനില്ല; ചാംപ്യന്‍സ് ട്രോഫിയുടെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് ആര്‍ അശ്വിന്‍

ചാംപ്യന്‍സ് ട്രോഫിയ്ക്ക് ഫെബ്രുവരി 19ന് തുടക്കമാവുകയാണ്

ഐസിസി ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് ആരംഭിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇത്തവണ ആരൊക്കെ സെമി ഫൈനല്‍ കളിക്കാനുണ്ടാവുമെന്നത് വലിയ ചര്‍ച്ചയാണ്. പല പ്രമുഖരും മുൻ താരങ്ങളുമെല്ലാം കിരീട ഫേവറേറ്റുകളേയും ഫൈനലിസ്റ്റുകളേയും സെമി ഫൈനലിസ്റ്റുകളേയുമെല്ലാം പ്രവചിച്ച് ഇതിനോടകം തന്നെ രം​ഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ മുൻ താരമായ ആര്‍ അശ്വിന്‍ ചാംപ്യന്‍സ് ട്രോഫിയുടെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ചിരിക്കുകയാണ്.

ടൂർണമെന്റിലെ ഫേവറിറ്റുകളും ആതിഥേയരുമായ പാകിസ്താനെ ഒഴിവാക്കിയാണ് അശ്വിൻ‌ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ചിരിക്കുന്നതെന്നാണ് പ്രത്യേകത. രണ്ട് ഗ്രൂപ്പുകളായാണ് ചാംപ്യന്‍സ് ട്രോഫി നടക്കുന്നത്. ഗ്രൂപ്പ് എയില്‍ ഇന്ത്യ, പാകിസ്താന്‍, ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ് എന്നിവര്‍ ഉള്‍പ്പെടുമ്പോള്‍ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനുമാണ് ഗ്രൂപ്പ് ബിയിലുള്ളത്.

Also Read:

Cricket
'അവനെന്താ ഇന്ത്യയ്ക്ക് വേണ്ടിയാണോ കളിക്കുന്നത്?' പാക് താരത്തിന് VVIP പരിഗണന നല്‍കുന്നതിനെതിരെ ഹസന്‍ അലി

ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യയും ന്യൂസിലാന്‍ഡും ഗ്രൂപ്പ് ബിയില്‍ നിന്ന് ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും അവസാന നാല് സ്ഥാനക്കാരായി എത്തുമെന്നാണ് അശ്വിന്റെ പ്രവചനം. ടൂർണമെന്റിലെ ഫേവറിറ്റുകളായ പാകിസ്താന്‍ ഇത്തവണ സെമിയിലുണ്ടാവില്ലെന്നാണ് അശ്വിൻ വിലയിരുത്തുന്നത്.

കരുത്തുറ്റ താരനിരയുമായാണ് ഇന്ത്യ ഇത്തവണ ചാംപ്യൻസ് ട്രോഫിക്കെത്തുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പര തൂത്തുവാരിയതിന്റെ ചെറുതല്ലാത്ത ആത്മവിശ്വാസത്തിലാണ് രോഹിത് ശർമയും സംഘവും. ശക്തരായ ന്യൂസിലാന്‍ഡും സെമിയിലെത്താനുള്ള സാധ്യത വളരെ വലുതാണ്. പാകിസ്താന്‍റെ മണ്ണിൽ നടന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പാകിസ്താനെ തോല്‍പ്പിച്ച് കിരീടം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് കിവികൾ.

Also Read:

Cricket
'ബുംമ്രയ്ക്ക് മുന്നേ ഇന്ത്യന്‍ ബൗളിങ്ങിനെ നയിച്ച ഒരു മനുഷ്യനുണ്ട്, ഷമി'; ഓർമ്മിപ്പിച്ച് മുന്‍ താരം

ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ടും ഓസ്ട്രേലിയയുമാണ് സെമിയിലെത്താൻ സാധ്യതയുള്ളത്. ഓസ്‌ട്രേലിയയ്ക്ക് താരങ്ങളുടെ പരിക്ക് തിരിച്ചടിയാണ്. പാറ്റ് കമ്മിന്‍സും ജോഷ് ഹെയ്‌സല്‍വുഡും മിച്ചല്‍ സ്റ്റാര്‍ക്കും അടക്കമുള്ള താരങ്ങൾ ഇല്ലാതെയാണ് ഓസീസ് പട ഇത്തവണത്തെ ഇറങ്ങുന്നത്. ഇത് ടീമിനെ എത്രത്തോളം പ്രതികൂലമായി ബാധിക്കുമെന്നും കണ്ടറിയേണ്ടിയിരിക്കണം.

അതേസമയം ചാംപ്യന്‍സ് ട്രോഫി 2025ക്ക് ഫെബ്രുവരി 19ന് തുടക്കമാവുകയാണ്. ന്യൂസിലാന്‍ഡും പാകിസ്താനും ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുമ്പോള്‍ ഇന്ത്യയുടെ ആദ്യ മത്സരം ഫെബ്രുവരി 20ന് ബംഗ്ലാദേശുമായാണ്. ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഏവരും കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം ഫെബ്രുവരി 23നാണ്.

Content Highlights: Ravichandran Ashwin picks semifinalists for Champions Trophy 2025, leaves out Pakistan

To advertise here,contact us