രഞ്ജി ട്രോഫി സെമി ഫൈനലിൽ ഗുജറാത്തിന്റെ ബൗളിങ് കരുത്തിനെ വിറപ്പിച്ച് കേരളം. രണ്ടാം ദിനം മുഹമ്മദ് അസ്ഹറുദ്ധീൻ സെഞ്ച്വറിയുമായി തിളങ്ങിയപ്പോൾ കേരളത്തിന്റെ സൂപ്പർ മാൻ സൽമാൻ നിസാർ അർധ സെഞ്ച്വറി നേടി. ക്ഷമയോടെ ഓരോ പന്തുകളെയും പ്രതിരോധിച്ചായിരുന്നു സൽമാൻ നിസാറിന്റെ അർധ സെഞ്ച്വറി. 188 പന്തുകൾ നേരിട്ട താരം നാല് ഫോറുകളും ഒരു സിക്സറും നേടി. വിശാൽ ജയ്സ്വാളിന്റെ പന്ത് ലോങ്ങ് ഓണിലേക്ക് സിക്സർ പറത്തിയായിരുന്നു ഫിഫ്റ്റി നേട്ടം. താരത്തിൻെറ ഏഴാം ഫിഫർ നേട്ടമാണ്. 173 പന്തിൽ 13 ഫോറുകളടക്കമാണ് അസ്ഹറുദ്ധീൻ സെഞ്ച്വറി പൂർത്തിയാക്കിയത്. നിലവിൽ 113 റൺസുമായി അസ്ഹറുദ്ധീനും 52 റൺസുമായി നിസാറും ക്രീസിലുണ്ട്.
ഇരുവർക്കും പുറമെ ക്യാപ്റ്റൻ സച്ചിൻ ബേബിയും മികച്ച സംഭാവന നൽകിയപ്പോൾ കേരളം 350 കടന്നു. 150 ഓവർ പിന്നിടുമ്പോൾ 355 ന് 5 എന്ന നിലയിലാണ് കേരളം. രണ്ടാം ദിനത്തിലെ രണ്ടാം പന്തിൽ തന്നെ ക്യാപ്റ്റൻ സച്ചിൻ ബേബിയെ കേരളത്തിന് നഷ്ടമായിരുന്നു. ഒന്നാം ദിനത്തിലെ സ്കോറായ 206 റൺസിലേക്ക് സ്കോർ ചേർക്കുന്നതിന് മുമ്പായിരുന്നു വിക്കറ്റ് വീണത്. 69 റൺസാണ് ക്യാപ്റ്റന് സച്ചിന് ബേബി നേടിയത്. 195 പന്തിൽ എട്ടുഫോറുകൾ നേടി.
ആദ്യ ദിനത്തിൽ ഭേദപ്പെട്ട റൺസ് സ്കോർ ചെയ്യാൻ കേരളത്തിന് കഴിഞ്ഞിരുന്നു. ഇന്നലെ അക്ഷയ് ചന്ദ്രന്, രോഹൻ കുന്നുമ്മൽ, ജലജ് സക്സേന എന്നിവരും 30 റൺസ് വീതം നേടിയിരുന്നു. ഈ മൂന്നുപേരും പുറത്തായി. 10 റണ്സെടുത്ത വരുണ് നായനാരുടെ വിക്കറ്റും കേരളത്തിന് നഷ്ടമായി.
നേരത്തെ ടോസ് നേടിയ കേരളം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ജമ്മു കശ്മീരിനെതിരെ ക്വാര്ട്ടര് മത്സരം കളിച്ച ടീമില് കേരളം രണ്ട് മാറ്റങ്ങളുമായാണ് ഇന്ന് ഗ്രൗണ്ടിലിറങ്ങിയത്. ബാറ്റര് ഷോണ് റോജര്ക്ക് പകരം വരുണ് നായനാര് കേരളത്തിന്റെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള് പേസര് ബേസില് തമ്പിക്ക് പകരം അഹമ്മദ് ഇമ്രാനും കേരളത്തിനായി ഇറങ്ങി.
Content Highlights: Salman Nisar's fifty by hitting a six; Kerala shines to total in Ranji Trophy semi-finals