122 റൺസിന് ഓൾഔട്ട്; എന്നിട്ടും 57 റൺസിന്റെ ജയം; ഏകദിന ക്രിക്കറ്റിൽ പുതുചരിത്രം കുറിച്ച് USA

50 ഓവർ മുഴുവനെറിഞ്ഞ ഏകദിന മൽസരത്തിൽ ഇതാണ് പുതിയ റെക്കോർഡ്

ഏകദിന ക്രിക്കറ്റിൽ പുതിയ ചരിത്രം കുറിച്ച് യുഎസ് എ. 50 ഓവർ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് ഏറ്റവും കുറഞ്ഞ റൺസ് നേടി എതിർടീമിനെ പ്രതിരോധിച്ച റെക്കോർഡ് ഇനി അമേരിക്കൻ ക്രിക്കറ്റ് ടീമിന്. ക്രിക്കറ്റ് വേൾഡ് കപ്പ് ലീഗ് 2 മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത യു എസ് എ 122 റൺസ് നേടി പുറത്തായെങ്കിലും പിനീട് ഒമാനെ 65 റൺസിന് പുറത്താക്കി 57 റൺസിന്റെ ജയം സ്വന്തമാക്കി.

ക്രിക്കറ്റ് ചരിത്രത്തിൽ ഇതിലും കുറഞ്ഞ സ്കോറുകൾ ടീമുകൾ പ്രതിരോധിച്ചിട്ടുണ്ടെങ്കിലും അത് മഴമൂലമോ മറ്റോ ലക്ഷ്യം പുനർനിർണയിച്ചതോ ഓവറുകൾ വെട്ടിച്ചുരുക്കിയതോ ആണ്. 50 ഓവർ മുഴുവനെറിഞ്ഞ ഏകദിന മൽസരത്തിൽ ഇതാണ് റെക്കോർഡ്. 2014 ൽ 105 റൺസിന് ഓൾ ഔട്ടായി ബംഗ്ലാദേശിനെ ഇന്ത്യ 58 ൽ ഒതുക്കി 47 റൺസിന്റെ ജയം നേടിയിട്ടുണ്ടെങ്കിലും അന്ന് 41 ഓവർ ആണ് മത്സരം നടന്നത്.

സ്പിന്നിന് അനുകൂല പിച്ചിൽ ഇടംകൈയ്യൻ സ്പിന്നർ നോസ്തുഷ് കെഞ്ചൈജ് അമേരിക്കൻ ആക്രമണത്തിന് നേതൃത്വം നൽകി. 7.3 ഓവറിൽ നിന്ന് 5/11 എന്ന മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. മത്സരത്തിൽ ഒരൊറ്റ പേസർപോലും അമേരിക്കയ്ക്ക് വേണ്ടി പന്തെറിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Also Read:

Cricket
മകനോടൊപ്പം അഫ്ഗാന് വേണ്ടി കളിക്കണമെന്നാണ് സ്വപ്നം; വിരമിക്കല്‍ തീരുമാനം പിന്‍വലിക്കുമെന്ന് മുഹമ്മദ് നബി

നേരത്തെ ടോസ് നേടി ആദ്യം ബൗളിങ് തിരഞ്ഞെടുത്ത ഒമാൻ സ്പിൻ ആക്രമണത്തിൽ അമേരിക്കയെ 122 റൺസിൽ ഒതുക്കിയിരുന്നു. 47 റൺസെടുത്ത മിലിന്ദ് മാത്രമായിരുന്നു യു എസ് എ നിരയിൽ തിളങ്ങിയത്. 35.3 ഓവറിൽ 122 റൺസിന് അമേരിക്ക ഓൾഔട്ടായി. ഷക്കീൽ അഹമ്മദിന്റെ 3/20 ആണ് ഒമാന്റെ ഏറ്റവും മികച്ച പ്രകടനം.

Content Highlights: World record: USA beat Oman to defend lowest ever ODI total

To advertise here,contact us