'പവർപ്ലേയിൽ അഞ്ച് വിക്കറ്റ് നഷ്ടമായത് മത്സരം തോൽക്കുന്നതിന് കാരണമായി': നജ്മുൾ ഹൊസൈൻ ഷാന്റോ

ചാംപ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ബം​ഗ്ലാദേശിനെ ആറ് വിക്കറ്റിനാണ് ഇന്ത്യ തോൽപ്പിച്ചത്

ഐസിസി ചാംപ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിലെ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി ബം​ഗ്ലാദേശ് ക്രിക്കറ്റ് ടീം നായകൻ നജ്മുൾ ഹൊസൈൻ ഷാന്റോ. പവർപ്ലേയിൽ അഞ്ച് വിക്കറ്റ് നഷ്ടമായത് മത്സരം തോൽക്കുന്നതിന് കാരണമായി. തൗഹിദ് ഹൃദോയും ജാക്കർ അലിയും മികച്ച രീതിയിൽ ബാറ്റ് ചെയ്തു. അടുത്ത മത്സരത്തിലും ഈ പ്രകടനം തുടരുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നാലെ ഫീൽഡിങ്ങിലും പിഴവുകൾ സംഭവിച്ചു. ക്യാച്ചുകൾ നഷ്ടപ്പെടുത്തി. റൺഔട്ടിനുള്ള അവസരങ്ങൾ പാഴാക്കി. ഈ പിഴവുകൾ ഇല്ലായിരുന്നെങ്കിൽ മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു. മത്സരശേഷം ഷാന്റോ പ്രതികരിച്ചു.

ചാംപ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ബം​ഗ്ലാദേശിനെ ആറ് വിക്കറ്റിനാണ് ഇന്ത്യ തോൽപ്പിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 49.4 ഓവറിൽ 228 റൺസിൽ എല്ലാവരും പുറത്തായി. മറുപടി പറഞ്ഞ ഇന്ത്യ 46.3. ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. സെഞ്ച്വറി നേടിയ ശുഭ്മൻ ​ഗില്ലാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്.

മത്സരത്തിൽ ടോസ് നേടിയ ബം​ഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുത്തു. തുടക്കം മുതൽ ബാറ്റിങ് തകർച്ച നേരിട്ട ബം​ഗ്ലാദേശ് ഒരു ഘട്ടത്തിൽ 35ന് അഞ്ച് എന്ന് തകർന്നിരുന്നു. എന്നാൽ 100 റൺസ് നേടിയ തൗഹിദ് ഹൃദോയി, 68 റൺസെടുത്ത ജാക്കർ അലി എന്നിവരുടെ പ്രകടനം ബംഗ്ലാദേശിനെ മാന്യമായ സ്കോറിലെത്തിച്ചു. ഇരുവരും ചേർന്ന ആറാം വിക്കറ്റിൽ 154 റൺസ് കൂട്ടിച്ചേർത്തിരുന്നു. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റെടുത്തു. ഹർഷിത് റാണ മൂന്നും അക്സർ പട്ടേൽ രണ്ട് വിക്കറ്റും വീഴ്ത്തി.

Also Read:

Cricket
ശുഭ്മൻ ​ഗില്ലിന് സെഞ്ച്വറി; കടുവകളെ കീഴടക്കി ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്ക് ആദ്യ ജയം

മറുപടി പറഞ്ഞ ഇന്ത്യൻ നിരയിൽ വൈസ് ക്യാപ്റ്റൻ ശുഭ്മൻ ​ഗില്ലാണ് സ്കോറിങ്ങ് മുന്നോട്ട് നീക്കിയത്. 129 പന്തിൽ ഒമ്പത് ഫോറും രണ്ട് സിക്സറും സഹിതം 101 റൺസെടുത്ത ശുഭ്മൻ ​ഗിൽ പുറത്താകാതെ നിന്നു. രോഹിത് ശർമ 41, വിരാട് കോഹ്‍ലി 22, ശ്രേയസ് അയ്യർ 15, അക്സർ പട്ടേൽ എട്ട്, കെ എൽ രാഹുൽ പുറത്താകാതെ 41 എന്നിങ്ങനെയാണ് ഇന്ത്യൻ നിരയിലെ മറ്റ് സ്കോറുകൾ. ബം​ഗ്ലാദേശിനായി റിഷാദ് ഹൊസൈൻ രണ്ട് വിക്കറ്റെടുത്തു.

Content Highlights: Najmul Hossain Shanto explains what cause the match cost

To advertise here,contact us