ഇന്ത്യയുടെ മുന് ക്രിക്കറ്റ് താരങ്ങളായ സച്ചിന് ടെണ്ടുല്ക്കര്, എം എസ് ധോണി, കപില് ദേവ് എന്നിവരുടെ ജീവിതം സിനിമയാക്കിയിട്ടുണ്ട്. ഇപ്പോള് മുന് ഇന്ത്യന് നായകനും ബിസിസിഐയുടെ മുന് പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ ജീവിതകഥയും വെള്ളിത്തിരയിലേയ്ക്ക് എത്തുകയാണ്. ബോളിവുഡ് നടന് രാജ്കുമാര് റാവുവായിയിരിക്കും 'ദാദ'യായി സ്ക്രീനിലെത്തുക.
Sourav Ganguly Biopic: `Rajkummar Rao Will Play The Role` pic.twitter.com/811R1TujV2
പശ്ചിമ ബംഗാളിലെ ബര്ധമാനില് മാധ്യമങ്ങളോട് സംസാരിക്കവേ ഗാംഗുലി തന്നെയായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല് തീയതികളുടെ പ്രശ്നങ്ങള് ഉണ്ടെന്നും അതിനാല് സിനിമ സ്ക്രീനുകളില് എത്താന് ഒരു വര്ഷത്തിലധികം സമയമെടുക്കുമെന്നും ഗാംഗുലി അറിയിച്ചു.
ഇന്ത്യയ്ക്ക് വേണ്ടി 113 ടെസ്റ്റുകളും 311 ഏകദിനങ്ങളും കളിച്ച താരമാണ് ഗാംഗുലി. അന്താരാഷ്ട്ര ക്രിക്കറ്റില് വിവിധ ഫോര്മാറ്റുകളിലായി 18,575 റണ്സാണ് ഗാംഗുലി ഇന്ത്യയ്ക്ക് വേണ്ടി അടിച്ചുകൂട്ടിയത്. ഗാംഗുലിയുടെ ക്യാപ്റ്റന്സിയില് 21 ടെസ്റ്റുകളില് ഇന്ത്യ വിജയം നേടിയിട്ടുണ്ട്. 2003 ലോകകപ്പ് ഫൈനലില് വരെ ഇന്ത്യയെ എത്തിച്ച ഗാംഗുലി 2008ലാണ് ക്രിക്കറ്റ് കരിയര് അവസാനിപ്പിച്ചത്.
അതേസമയം കരണ് ശര്മ സംവിധാനം ചെയ്യുന്ന ഭൂല് ചുഖ് മാഫ് ആണ് രാജ്കുമാര് റാവുവിന്റേതായി പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം. വാമിഖ ഖബ്ബി നായികയായെത്തുന്ന ചിത്രത്തിന്റെ ടീസര് അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഭീഡ്, ലുഡോ, സ്ത്രീ 2, മിസ്റ്റര് ആന്ഡ് മിസിസ് മഹി, ഭേദിയ തുടങ്ങി 50ല് അധികം ചിത്രങ്ങള് രാജ്കുമാര് റാവുവിന്റേതായുണ്ട്.
Content Highlights: Sourav Ganguly Biopic: Rajkummar Rao to play the role of ‘Dada’