ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ബംഗ്ലാദേശ്-പാകിസ്താൻ മത്സരം മഴമൂലം ഉപേക്ഷിച്ചു. ഒരു പന്ത് പോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇരുടീമുകൾക്കും ചാംപ്യൻസ് ട്രോഫിയിൽ ഒരു മത്സരം പോലും വിജയിക്കാൻ കഴിഞ്ഞില്ല. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം ഉപേക്ഷിച്ചതോടെ ഇരുടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിച്ചു.
ഇന്ത്യയും ന്യൂസിലാൻഡും ഉൾപ്പെട്ട ഗ്രൂപ്പ് എയിലാണ് പാകിസ്താനും ബംഗ്ലാദേശും മത്സരിച്ചത്. പാകിസ്താനോടും ബംഗ്ലാദേശിനോടും ജയിച്ച് ഇന്ത്യയും ന്യൂസിലാൻഡും നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്നു. ഗ്രൂപ്പിൽ അവസാന മത്സരത്തിൽ ഇന്ത്യ ന്യൂസിലാൻഡിനെ നേരിടും. മാർച്ച് രണ്ടിനാണ് മത്സരം.
ഗ്രൂപ്പ് ബിയിലാണ് ഇനിയും സെമി ഫൈനലിസ്റ്റുകളെ തീരുമാനമാകാത്തത്. ഇംഗ്ലണ്ട് രണ്ട് മത്സരങ്ങൾ തോറ്റ് പുറത്തായപ്പോൾ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ ടീമുകൾ സെമിയിലേക്കെത്താൻ മത്സരിക്കുന്നു. ഓസ്ട്രേലിയയ്ക്ക് അഫ്ഗാനിസ്ഥാനുമായും ദക്ഷിണാഫ്രിക്കയ്ക്ക് ഇംഗ്ലണ്ടുമായുമാണ് അവസാന മത്സരങ്ങൾ.
Content Highlights: Match between Pakistan & Bangladesh abandoned due to Rain