'ഹാരി ബ്രൂക്ക് അടുത്ത ക്യാപ്റ്റൻ ആകണം, പക്ഷേ തീരുമാനം സൂക്ഷിച്ച് മതി': നാസർ ഹുസൈൻ

'ബാറ്ററായും നായകനായും മികവ് പുലർത്താൻ ഹാരി ബ്രൂക്കിന് കഴിയുന്നുണ്ട്'

ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഉൾപ്പെടെ തുടർപരാജയങ്ങൾ ഏറ്റുവാങ്ങുന്ന ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ജോസ് ബട്ലർ രാജിവെയ്ക്കണമെന്ന് ഇം​ഗ്ലണ്ട് മുൻ താരം നാസർ ഹുസൈൻ. ഇം​ഗ്ലണ്ട് ക്രിക്കറ്റിന്റെ അടുത്ത ക്യാപ്റ്റനായി ഹാരി ബ്രൂക്ക് എത്തണമെന്നാണ് മുൻ താരം പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ ചില ആശങ്കകളും ഹുസൈൻ പങ്കുവെച്ചു.

ഇം​ഗ്ലണ്ട് ടീം തുടർച്ചയായി തോൽവികൾ നേരിടുന്നതിനാൽ ജോസ് ബട്ലർ നായകസ്ഥാനം ഒഴിയേണ്ടതുണ്ട്. ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പുതിയ നായകനായി താൻ കാണുന്നത് ഹാരി ബ്രൂക്കിനെയാണ്. എന്നാൽ ബ്രൂക്കിനെ നായകനാക്കുന്നതിൽ ചില പ്രശ്നങ്ങളുണ്ട്. ഇന്ത്യയ്ക്കെതിരെയും പിന്നാലെ ഓസീസിനെതിരെ ആഷസ് പരമ്പരയും വരാനിരിക്കുകയാണ്. ബ്രൂക്കിനെപോലെ ഒരു യുവതാരത്തിന് മേൽ ക്യാപ്റ്റൻസിയുടെ അമിതഭാരം അടിച്ചേൽപ്പിക്കുന്നത് ​ഗുണം ചെയ്യില്ല. ഇം​ഗ്ലണ്ടിനായി ടെസ്റ്റ് കളിക്കുന്ന താരങ്ങൾ തന്നെ ഏകദിന, ട്വന്റി 20 മത്സരങ്ങളും കളിക്കുന്നു. നായകസ്ഥാനം കൂടി ഏൽപ്പിച്ചാൽ അത് കഠിനമാകും. നാസർ ഹുസൈൻ ചൂണ്ടിക്കാട്ടി.

ഹണ്ട്രഡ‍് ലീ​ഗിലും ഓസ്ട്രേലിയയ്ക്കെതിരെ ഏകദിന പരമ്പരയിലും ബ്രൂക്ക് നായകനായത് താൻ ആസ്വദിച്ചു. ബാറ്ററായും നായകനായും മികവ് പുലർത്താൻ ഹാരി ബ്രൂക്കിന് കഴിയുന്നുണ്ട്. എന്നാൽ അധികറോളുകൾ നൽകി ബ്രൂക്കിന്റെ മികവ് നഷ്ടമാക്കരുതെന്ന് ഹുസൈൻ വ്യക്തമാക്കി.

Also Read:

Cricket
ചാംപ്യൻസ് ട്രോഫിയിൽ ന്യൂസിലാൻഡിനെതിരെ രോഹിത് കളിച്ചേക്കില്ല, ഗിൽ ക്യാപ്റ്റൻ?; റിപ്പോർട്ട്

2019ലെ ഏകദിന ലോകകപ്പിന് ശേഷം 29 ഏകദിനങ്ങളിൽ വിജയിച്ച ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീം 34ൽ പരാജയപ്പെട്ടു. 2021ലാണ് ജോസ് ബട്ലർ ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീം നായകസ്ഥാനം ഏറ്റെടുത്തത്. 38 ഏകദിനങ്ങളിൽ ബട്ലർ ഇം​ഗ്ലണ്ടിനെ നയിച്ചപ്പോൾ 14ൽ മാത്രമാണ് വിജയം നേടാനായത്. 2023ലെ ഏകദിന ലോകകപ്പിൽ മൂന്ന് മത്സരങ്ങൾ മാത്രമാണ് ഇം​ഗ്ലണ്ടിന് വിജയിക്കാനായത്. എങ്കിലും ബട്ലറെ ക്യാപ്റ്റൻ സ്ഥാനത്ത് തുടരാൻ അനുവദിക്കാനായിരുന്നു ഇം​ഗ്ലണ്ട് ക്രിക്കറ്റിന്റെ തീരുമാനം. എന്നാൽ ഇതിന് ശേഷം ഇം​ഗ്ലണ്ട് കളിച്ച 18 ഏകദിനങ്ങളിൽ നാലിൽ മാത്രമാണ് ടീമിന് വിജയിക്കാനായത്. ഇതിൽ രണ്ട് മത്സരങ്ങൾ ഹാരി ബ്രൂക്ക് ആയിരുന്നു ഇം​ഗ്ലണ്ട് നായകൻ.

Content Highlights: Harry Brook my choice to be next England captain, but be careful: Nasser Hussain

To advertise here,contact us