തുടർപരാജയങ്ങൾ ഇം​ഗ്ലീഷ് ടീമിന്റെ ആത്മവിശ്വാസത്തെ ബാധിച്ചു, തോൽവി നിരാശപ്പെടുത്തുന്നു: ജോസ് ബട്ലർ

'ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറിയ ശേഷം ജോ റൂട്ട് ഒരുപാട് മികച്ച പ്രകടനങ്ങൾ നടത്തി. ജോയുടെ പാത പിന്തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്.'

ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിലെ അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കയോടും പരാജയപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി ഇം​ഗ്ലണ്ട് നായകൻ ജോസ് ബട്ലർ. ഇം​ഗ്ലണ്ട് ടീമിന്റെ പ്രകടനം നിരാശപ്പെടുത്തുന്നു. ഏറെ മോശം പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇം​ഗ്ലീഷ് ടീം നടത്തിയത്. ബെൻ ഡക്കറ്റ് നൽകിയ മികച്ച തുടക്കം ഇം​ഗ്ലണ്ട് ടീമിന് മുതലാക്കാൻ കഴിഞ്ഞില്ല. മുൻ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയിട്ടും വിജയങ്ങൾ ഉണ്ടാകാതിരുന്നത് ടീമിന്റെ ആത്മവിശ്വാസത്തെ ബാധിച്ചു. എങ്കിലും ക്രിക്കറ്റ് ഈ ടീമിനെ മുന്നോട്ട് നയിക്കും. ഇം​ഗ്ലണ്ട് ടീമിൽ മികച്ച താരങ്ങളുണ്ട്. പരിശീലകൻ ബ്രണ്ടൻ മക്കല്ലത്തിന് ഒരു പദ്ധതിയുണ്ടാവും. ഇം​ഗ്ലണ്ട് ടീമിനെ ശക്തമായി തിരിച്ചുവരവിന് സാധിക്കുമെന്നും ബട്ലർ മത്സരശേഷം പറഞ്ഞു.

2022ലെ ട്വന്റി 20 ലോകകപ്പ് വിജയിച്ച ഇം​ഗ്ലണ്ട് ടീമിന്റെ നായകനായിരുന്നു ഞാൻ. അതാണ് എന്റെ ക്യാപ്റ്റൻസി കാലഘട്ടത്തിൽ ഏറ്റവും മികച്ച സമയം. ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറിയ ശേഷം ജോ റൂട്ട് ഒരുപാട് മികച്ച പ്രകടനങ്ങൾ നടത്തി. ജോയുടെ പാത പിന്തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇം​ഗ്ലണ്ടിനായി ഇനിയും മികച്ച പ്രകടനങ്ങൾ നടത്താൻ കഴിയുമെന്നും ബട്ലർ വ്യക്തമാക്കി.

Also Read:

Cricket
'തലമുറകൾക്ക് പ്രോത്സാഹനമാകുന്ന ഇതിഹാസം'; വിരാട് കോഹ്‍ലിയെ പ്രശംസിച്ച് ​ഗ്ലെൻ ഫിലിപ്സ്

ചാംപ്യൻസ് ട്രോഫിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏഴ് വിക്കറ്റിന്റെ പരാജയമാണ് ഇം​ഗ്ലണ്ട് നേരിട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിര 38.2 ഓവറിൽ 179 റൺസിൽ എല്ലാവരും പുറത്തായി. മറുപടി പറഞ്ഞ ദക്ഷിണാഫ്രിക്ക 29.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഇതോടെ ചാംപ്യൻസ് ട്രോഫിയിലെ മൂന്ന് മത്സരങ്ങളിലും ഇം​ഗ്ലീഷ് ടീം പരാജയപ്പെട്ടു. സമീപകാലത്തെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇം​ഗ്ലണ്ട് ടീമിന്റെ നായകസ്ഥാനത്ത് നിന്നും ജോസ് ബട്ലർ രാജിവെച്ചിരുന്നു. ഇം​ഗ്ലീഷ് നായകനായുള്ള അവസാന മത്സരത്തിലും പരാജയപ്പെടാനായിരുന്നു ബട്ലറിന്റെ വിധി.

Content Highlights: We are not getting the results and that takes away the confidence from us says Buttler

To advertise here,contact us