വിദേശകളിക്കാരെ ഇഷ്ടപ്പെടുന്നവർ നാടുവിടണമെന്ന് പറയാൻ കോഹ്ലി ആര്?; ചർച്ചയായി ഷമയുടെ പഴയ പോസ്റ്റ്

ഇപ്പോൾ രോഹിത്തിനെതിരെയും കോഹ്ലിയ്ക്കെതിരെയുമുള്ള പോസ്റ്റുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഷമ മുഹമ്മദിന് എല്ലാ ഇന്ത്യൻ താരങ്ങളുമായും പ്രശ്നങ്ങളുണ്ട് എന്ന തരത്തിലാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ.

കഴിഞ്ഞ ദിനം രോഹിത് ശർമയെ അധിക്ഷേപിച്ചുകൊണ്ടുള്ള കോൺ​ഗ്രസ് നേതാവ് കൂടിയായ ഷമ മുഹമ്മദിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലായിരുന്നു. രോഹിത് ഒരു കായിക താരത്തിന് ചേരാത്ത വിധത്തില്‍ അമിത ഭാരമുള്ളയാളാണെന്നും ഇന്ത്യ കണ്ട എക്കാലത്തെയും മോശം ക്യാപ്റ്റന്മാരില്‍ ഒരാളാണെന്നുമായിരുന്നായിരുന്നു ഷമ മുഹമ്മദ് എക്സില്‍ കുറിച്ചത്. ഇന്ത്യന്‍ ക്യാപ്റ്റനെ ബോഡി ഷെയ്മിങ് ചെയ്തുള്ള പ്രസ്താവന വിവാദമായതോടെ ഷമ ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്തു.

Also Read:

Cricket
രോഹിത് ഏറ്റവും ഫിറ്റ്നസുള്ള താരം; ഷമ മുഹമ്മദിന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരിച്ച് BCCI

ഇപ്പോൾ ഷമയുടെ 2018 ലുള്ള ഒരു പോസ്റ്റ് കൂടി വൈറലായിരിക്കുകയാണ്. ആ സമയത്ത് ഇന്ത്യൻ നായകനായിരുന്ന വിരാട് കോഹ്ലിയുടെ ഇന്ത്യയിലുള്ളവർ ഇവിടെ താമസിച്ച് ഇം​ഗ്ലീഷ്- ഓസീസ് ബാറ്റർമാരെ ഇഷ്ടപ്പെടുന്നത് അം​ഗീകരിക്കാനാവില്ല എന്ന വിവാദ പ്രസ്താവനയ്ക്കെതിരെയായിരുന്നു ഷമയുടെ മറുപടി ട്വീറ്റ്. അന്ന് കോഹ്ലി തന്നെ ഓവറേറ്റഡ് എന്ന് വിമർശിച്ച ഒരു ആരാധകനായിരുന്നു തനിക്ക് മറ്റേതെങ്കിലും രാജ്യത്തേക്ക് പോയിക്കൂടേ എന്ന രൂപത്തിൽ കളിയാക്കിക്കൊണ്ട് ട്വീറ്റ് ചെയ്തത്. ഇതിനെ വിമർശിച്ചുകൊണ്ടായിരുന്നു ഷമയുടെ ട്വീറ്റ്.

'ബ്രിട്ടീഷുകാർ കണ്ടുപിടിച്ച കളി വിരാട് കളിക്കുന്നു. വിദേശത്ത് നിന്നുള്ള ബ്രാൻഡുകൾ വഴി കോടികൾ സമ്പാദിക്കുന്നു. കല്യാണം നടന്നത് ഇറ്റലിയിൽ. വിദേശിയായ ഹെർഷലെ ​ഗിബ്സാണ് ഇഷ്ടക്രിക്കറ്റർ. കെർബറാണ് ഇഷ്ട ടെന്നീസ് താരം. പക്ഷേ, പറയുന്നത് വിദേശബാറ്റർമാരെ ഇഷ്ടപ്പെടുന്നവർ നാട് വിടണമെന്നാണ്!' ഇതായിരുന്നു കോഹ്ലിയെ വിമർശിച്ചുകൊണ്ടുള്ള ഷമയുടെ അന്നത്തെ പോസ്റ്റ്.ഇപ്പോൾ കഴിഞ്ഞ ദിവസത്തെ രോഹിത്തിനെതിരെയുള്ള പോസ്റ്റ് കൂടി ചൂണ്ടിക്കാണിച്ചുകൊണ്ട് ഷമയ്ക്ക് എല്ലാ ഇന്ത്യൻ താരങ്ങളുമായും പ്രശ്നങ്ങളുണ്ട് എന്ന തരത്തിലാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ.

നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കെതിരായ കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് ബിസിസിഐ രം​ഗത്ത് വന്നിരുന്നു. ചാംപ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ നിര്‍ണായക പോരാട്ടത്തിന് ഒരുങ്ങുന്നതിനിടെ ഇന്ത്യന്‍ ക്യാപ്റ്റനെതിരെ പ്രസ്താവനകള്‍ നടത്തിയ സംഭവം അങ്ങേയറ്റം നിര്‍ഭാഗ്യകരമായിപ്പോയെന്നാണ് ബിസിസിഐ പറ‍ഞ്ഞത്.

'ഇത്തരം അഭിപ്രായങ്ങള്‍ അടിസ്ഥാനരഹിതവും അവഹേളനപരവുമാണ്. ടീം ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്യുമ്പോള്‍, ടീം ഇന്ത്യയെ പിന്തുണയ്‌ക്കേണ്ട സമയമാണിത്. ഇത്രയും നിര്‍ണായകമായ ഒരു ഐസിസി ടൂര്‍ണമെന്റിന്റെ മധ്യത്തിലായിരിക്കുന്ന സാഹചര്യത്തില്‍ ഉത്തരവാദിത്തമുള്ള ഒരാള്‍ ഇത്തരം വിലകുറഞ്ഞ പരാമര്‍ശം നടത്തുന്നത് വളരെ നിര്‍ഭാഗ്യകരമാണ്. ഇത് ഒരു വ്യക്തിയെയോ ടീമിനെയോ നിരാശപ്പെടുത്തുന്ന ഫലമുണ്ടാക്കിയേക്കാം. എല്ലാ കളിക്കാരും അവരുടെ പരമാവധി കഴിവിനനുസരിച്ച് പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. അതിന്റെ ഫലങ്ങള്‍ ദൃശ്യമാണ്. വ്യക്തിപരമായ പബ്ലിസിറ്റിക്ക് വേണ്ടി ഇത്തരം അവഹേളനപരമായ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് വ്യക്തികള്‍ വിട്ടുനില്‍ക്കണം,'' ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞത് ഇങ്ങനെ.

അതേസമയം ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും ഫിറ്റായ കളിക്കാരിലൊരാളാണ് രോഹിത് ശര്‍മയെന്ന് ബിസിസിഐ വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ രാജീവ് ശുക്ലയും അഭിപ്രായപ്പെട്ട് രം​​ഗത്ത് വന്നിരുന്നു..

Content Highlights: Shama Mohamed's Old Post On Virat Kohli Resurfaces

To advertise here,contact us