വനിതാ അണ്ടർ 23 ഏകദിന ടൂർണ്ണമെൻ്റ്; പഞ്ചാബിനോട് പരാജയം വഴങ്ങി കേരളം

ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് ഭേദപ്പെട്ട തുടക്കമായിരുന്നു ലഭിച്ചത്

വനിതാ അണ്ടർ 23 ഏകദിന ടൂർണ്ണമെൻ്റിൽ പഞ്ചാബിനോട് പരാജയം വഴങ്ങി കേരളം. ആറ് വിക്കറ്റിനായിരുന്നു കേരളത്തെ പഞ്ചാബ് വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് 19 പന്തുകൾ ബാക്കി നിൽക്കെ വിജയത്തിലെത്തി.

ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് ഭേദപ്പെട്ട തുടക്കമായിരുന്നു ലഭിച്ചത്. ‌ഓപണർ ദിയ ഗിരീഷിനെ (14) തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും മാളവിക സാബുവും വൈഷ്ണ എംപിയും ചേർന്ന് കേരളത്തെ മുന്നോട്ടുനയിച്ചു. രണ്ടാം വിക്കറ്റിൽ 76 റൺസ് കൂട്ടിച്ചേർക്കാൻ മാളവിക-വൈഷ്ണ സഖ്യത്തിന് സാധിച്ചു. 52 പന്തുകളിൽ 43 റൺസ് നേടി മാളവിക മടങ്ങിയെങ്കിലും പിന്നാലെ ക്രീസിലെത്തിയ അനന്യ കെ പ്രദീപും മികച്ച രീതിയിൽ ബാറ്റ് വീശി.

Also Read:

Cricket
നോമ്പ് എടുക്കാതെ ഗ്രൗണ്ടില്‍ വെള്ളം കുടിച്ചു, വന്‍ സൈബര്‍ ആക്രമണം; ഷമിയെ പിന്തുണച്ച് ആരാധകര്‍

57 റൺസെടുത്ത് വൈഷ്ണ മടങ്ങിയത് കേരളത്തിന് തിരിച്ചടിയായി. തുടർന്നെത്തിയവർക്ക് മികച്ച സംഭാവന നൽകാൻ സാധിച്ചില്ല. 36 റൺസെടുത്ത് അനന്യ കൂടി ക്രീസ് വിട്ടതോടെ കേരളം പ്രതിരോധത്തിലാവുകയും ഇന്നിങ്സ് 222 റൺസിൽ അവസാനിക്കുകയും ചെയ്തു. പഞ്ചാബിന് വേണ്ടി സുർഭി മൂന്നും മമ്ത റാണി രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിന്റെ രണ്ട് വിക്കറ്റുകൾ തുടക്കത്തിൽ തന്നെ വീഴ്ത്തി കേരളം പ്രതീക്ഷയുയർത്തി. അവനീത് കൗറിനെയും ശ്രുതി യാദവിനെയും പവിലിയനിലേക്ക് മടക്കി ഇസബെൽ ആണ് കേരളത്തിന് മികച്ച തുടക്കം സമ്മാനിച്ചത്. എന്നാൽ മൂന്നാം വിക്കറ്റിൽ ഉറച്ച് നിന്ന ഹർസിമ്രൻജിത്തും വൻഷിക മഹാജനും ചേർന്ന് പഞ്ചാബിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഹർസിമ്രൻജിത് 82 റൺസും വൻഷിക മഹാജൻ 72 റൺ‌സും അടിച്ചെടുത്തു. ക്യാപ്റ്റൻ പ്രഗതി സിങ് 42 റൺസുമായി പുറത്താകാതെ നിന്നു.

Content Highlights: Women's Under-23 ODI Tournament; Punjab defeats Kerala

To advertise here,contact us