വില്യംസണ് കഴിയാത്തത് 'ഫുൾ ടൈം ഗോൾഫർ ആൻഡ് പാര്‍ട് ടൈം ക്രിക്കറ്റര്‍'ക്ക് കഴിയുമോ!; കിവികൾ ചാംപ്യൻ കപ്പടിക്കുമോ?

ടൂർണമെന്റ് തുടങ്ങുന്നതിന് മുമ്പ് ക്യാപ്റ്റന്മാരുടെ പട്ടിക നോക്കിയാൽ അതിൽ വലിയ ഗ്ളാമർ മുഖമില്ലാത്ത ക്യാപ്റ്റനായിരുന്നു ന്യൂസിലാൻഡിന്റെ മിച്ചല്‍ സാന്റ്‌നർ

ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനൽ പോരാട്ടം ദുബായിയിൽ അരങ്ങേറുകയാണ്. കലാശപ്പോരിൽ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യയും മിച്ചൽ സാന്റ്‌നറുടെ നേതൃത്വത്തിലുള്ള ന്യൂസിലാൻഡും പരസ്പരം ഏറ്റുമുട്ടും. 44 റൺസിനാണ് ഇന്ത്യ ആ മത്സരം ജയിച്ചത്. ശേഷം ഇന്ത്യ ഓസ്‌ട്രേലിയയെ സെമിയിൽ തോൽപ്പിച്ച് ഫൈനലിലെത്തിയപ്പോൾ ന്യൂസിലാൻഡ് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാണ് ഫൈനലിലെത്തിയത്. ആധികാരികമായിരുന്നു ഇരുടീമുകളുടെയും ഫൈനൽ പ്രവേശം. ഇന്ത്യ നാല് വിക്കറ്റിനും കിവീസ് 50 റൺസിനുമാണ് സെമിയിൽ എതിരാളികളെ തോൽപ്പിച്ചത്. ഇതോടെ ഫൈനൽ പോരാട്ടം കൂടുതൽ കനക്കുമെന്ന് ഉറപ്പാണ്.

അതേ സമയം ടൂർണമെന്റ് തുടങ്ങുന്നതിന് മുമ്പ് ക്യാപ്റ്റന്മാരുടെ പട്ടിക നോക്കിയാൽ അതിൽ വലിയ ഗ്ളാമർ മുഖമില്ലാത്ത ക്യാപ്റ്റനായിരുന്നു ന്യൂസിലാൻഡിന്റെ മിച്ചല്‍ സാന്റ്‌നർ. ബട്ട്ലറും സ്മിത്തും ബാവുമയും രോഹിത് ശർമയുമൊക്കെയുള്ള ക്യാപ്റ്റന്മാരുടെ പട്ടികയിൽ ആരും ശ്രദ്ധിക്കാത്ത പേരായിരുന്നു സാന്റ്‌നറുടേത്. എന്നാൽ ജനപ്രിയ നായകൻ കെയിന്‍ വില്യംസണിന് പകരക്കാരനായി വന്ന് അയാൾ കിവികളെ ചാംപ്യന്മാരുടെ കലാശപ്പോരിലെത്തിച്ചിരിക്കുയാണ്. ടീം തന്ത്രങ്ങൾക്കൊപ്പം വ്യക്തിഗത മികവിലും ഒരു പിടി മുമ്പിലായിരുന്നു ഇത്തവണ ഈ ക്യാപ്റ്റൻ. സെമിയിൽ ദക്ഷിണാഫ്രിക്കയുടെ അപകടകാരികളായ സാന്റ്‌നറിന്റെയും ഹെന്റിച്ച് ക്ലാസന്റേയും വിക്കറ്റെടുത്തതും സാന്റനറായിരുന്നു. ഈ ടൂർണമെന്റിൽ ഇതുവരെ താരം 7 വിക്കറ്റ് നേടിയിട്ടുണ്ട്. സ്പിന്നിനെ തുണയ്ക്കുന്ന ദുബായ് പിച്ചിലും ന്യൂസിലാൻഡിന്റെ ആത്‌മവിശ്വാസം ഈ ക്യാപ്റ്റൻ സ്പിന്നറായിരിക്കും.

അതേ സമയം ഈ ന്യൂസിലാൻഡ് ക്യാപ്റ്റനെ സംബന്ധിച്ച് ഒരു കൗതുകമായ കാര്യവും നമുക്ക് മുന്നിലുണ്ട്. ഇന്‍സ്റ്റഗ്രാം ബയോയിൽ 'ഫുള്‍ ടൈം ഗോള്‍ഫര്‍, പാര്‍ട് ടൈം ക്രിക്കറ്റര്‍.' എന്നാണ് താരം കൊടുത്തിട്ടുള്ളത്. ഫീഡിലെ പോസ്റ്റുകളിലും ഗോൾഫ് ചിത്രങ്ങളുണ്ട്. നന്നായി ഗോൾഫ് കളിക്കുന്ന താരം കൂടിയാണ് സാന്റ്നർ. ഏതായാലും ന്യൂസിലാൻഡിനെ ഒന്നിലധികം ഫൈനലുകളിലെത്തിച്ച മുൻ ക്യാപ്റ്റൻ കെയ്ൻ വില്യംസണിന് കഴിയാത്ത കിരീട നേട്ടം ഈ പാർട് ടൈം ക്രിക്കറ്റർ ആൻഡ് ഫുള്‍ ടൈം ഗോള്‍ഫര്‍ക്ക് നേടാൻ കഴിയുമോ എന്ന് കണ്ടറിയാം.

Content Highlights: Can a 'full-time golfer and part-time cricketer' do what Williamson couldn't

To advertise here,contact us