കോഹ്ലി എന്നെ സഹായിച്ചിട്ടേ ഉള്ളൂ, എന്നെ ടീമിലെത്തിച്ചതും അയാളാണ്, ഉത്തപ്പയുടെ വാദങ്ങളെ തള്ളി അമ്പാട്ടി റായുഡു

'എന്റെ കാര്യത്തിൽ വിരാട് എന്നെ എപ്പോഴും സപ്പോർട്ട് ചെയ്യുക മാത്രമാണ് ചെയ്തത്'

2019 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നും മധ്യനിര ബാറ്ററായ അമ്പാട്ടി റായിഡുവിനെ പുറത്തിരുത്തിയതുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ നേരത്തെ വിവാദമായിരുന്നു. ഇന്ത്യയുടെ സ്റ്റാര്‍ ബാറ്ററും ആ സമയത്തെ ക്യാപ്റ്റനുമായിരുന്ന വിരാട് കോഹ്‌ലിയാണ് അമ്പാട്ടി റായുഡുവിനെ ടീമില്‍ നിന്ന് പുറത്താക്കിയതിന് കാരണമെന്ന് പറഞ്ഞ് മുൻ ആർസിബി താരവും ഇന്ത്യൻ താരവുമായ റോബിൻ ഉത്തപ്പയും ഈയിടെ രം​ഗത്ത് വന്നിരുന്നു.

'വിരാട് കോഹ്‌ലിക്ക് ഇഷ്ടപ്പെടാത്തവരോ അല്ലെങ്കില്‍ അദ്ദേഹത്തിന് നല്ലതല്ലെന്ന് തോന്നുന്നവരോ പിന്നെ ടീമില്‍ നിന്ന് പുറത്താണ്. അമ്പാട്ടി റായുഡു പ്രധാന ഉദാഹരണമാണ്. നിങ്ങള്‍ക്ക് അദ്ദേഹത്തിന്റെ കാര്യത്തില്‍ സങ്കടം തോന്നുമെന്നുറപ്പാണ്. എല്ലാവര്‍ക്കും അവരുടേതായ മുന്‍ഗണനകളുണ്ടെന്ന് ഞാന്‍ സമ്മതിക്കുന്നു. പക്ഷേ ഒരു കളിക്കാരന് മുന്നില്‍ വാതിലുകള്‍ കൊട്ടിയടക്കപ്പെടരുത്. അത് തെറ്റാണെന്നാണ് എന്റെ അഭിപ്രായം', ലല്ലന്‍ടോപ് എന്ന ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഉത്തപ്പ പറഞ്ഞതിങ്ങനെയായിരുന്നു.

ലോകകപ്പിനുള്ള ജഴ്‌സിയും സ്യൂട്ടുകളുമെല്ലാം റായുഡുവിന് ലഭിച്ചിരുന്നെങ്കിലും ടീമില്‍ തിരഞ്ഞെടുക്കപ്പെട്ടില്ലെന്നും ഉത്തപ്പ അന്ന് തുറന്നുപറഞ്ഞു. 'ലോകകപ്പിനുള്ള ജഴ്‌സികളും കിറ്റ്ബാഗുകളുമെല്ലാം റായുഡുവിന്റെ വീട്ടിലെത്തിക്കുക പോലും ചെയ്തിരുന്നു. ലോകകപ്പില്‍ കളിക്കുന്നതിന് അദ്ദേഹം മാനസികമായി ആഗ്രഹിക്കുകയും തയ്യാറെടുക്കുകയും ചെയ്തിരിക്കും. അവസാനം അയാള്‍ക്ക് മുന്നില്‍ വാതിലുകള്‍ കൊട്ടിയടച്ചു. അത് അനീതിയാണ്. അങ്ങനെ ആരോടും ചെയ്യരുത്. കളിക്കാരനാണെങ്കിലും അയാളും മനുഷ്യനാണ്', ഉത്തപ്പ അന്ന് കൂട്ടിച്ചേര്‍ത്തത് ഇങ്ങനെ.

ഇപ്പോൾ ഇതാ ഈ വിഷയത്തിൽ ഇത്ര മാസമായി ഉള്ള തന്റെ മൗനം വെടിഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് അമ്പാട്ടി റായുഡു. കോഹ്ലിയുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും കോഹ്ലിയുടെ ക്യാപ്റ്റൻസിയിലാണ് തനിക്ക് ടീമിൽ അവസരങ്ങൾ കൂടുതൽ ലഭിച്ചതെന്നും അദ്ദേഹം തന്നെ എപ്പോഴും സപ്പോർട്ട് ചെയ്തിട്ടുണ്ടെന്നുമാണ് അമ്പാട്ടി റായുഡു പറയുന്നത്.

റോബിൻ ഉത്തപ്പ ആ അഭിമുഖത്തിൽ പറയാൻ ശ്രമിച്ചത് വിരാട് കോഹ്ലിയുടെ ഇഷ്ടങ്ങളെക്കുറിച്ചും അനിഷ്ടങ്ങളെക്കുറിച്ചുമായിരുന്നു. എന്റെ കാര്യത്തിൽ വിരാട് എന്നെ എപ്പോഴും സപ്പോർട്ട് ചെയ്തിട്ടേയുള്ളൂ. അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി കാലത്താണ് ഞാൻ കൂടുതലും ഇന്ത്യയ്ക്കായി കളിച്ചത്. എന്നെ ടീമിലെത്തിച്ചതും വിരാടാണ്. അമ്പാട്ടി റായുഡു പറ‍ഞ്ഞു.

വിരാടിന്റെ ക്യാപ്റ്റൻസി കാലത്ത് അദ്ദേഹത്തിനും തെറ്റുകൾ സംഭവിച്ചിട്ടുണ്ട് എന്നത് ശരിയാണ്. 2019 ലോകകപ്പിലെ ടീം സെലക്ഷൻ ഉദാഹരണമാണ്. പക്ഷേ, അതദ്ദേഹത്തിന്റെ മാത്രം തീരുമാനം കൊണ്ടല്ല. ടീം മാനേജ്മെന്റിന്റെ മൊത്തം ഉത്തരവാദിത്തം അതിനുണ്ട്. അതൊരു വ്യക്തി തീരുമാനിക്കുന്നതല്ല. ടീമിലെ കളിക്കാരെ തിരഞ്ഞെടുക്കുന്നത് പോലും ഒരു വ്യക്തിയുടെ തീരുമാനമല്ല. അമ്പാട്ടി‌‌ റായുഡു കൂട്ടിച്ചേർത്തു.

2019 ലോകകപ്പ് ടീമില്‍ നിന്ന് അമ്പാട്ടി റായുഡുവിനെ അവഗണിച്ചത് ആരാധകരെ ആ സമയത്ത് ഞെട്ടിച്ചിരുന്നു. നാലാം നമ്പര്‍ താരമായി ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിച്ചിരുന്ന റായുഡുവിന് ഒരു സുപ്രഭാതത്തില്‍ ടീമില്‍ സ്ഥാനം ലഭിക്കാത്തത് ഏറെ ചോദ്യം ചെയ്യപ്പെടുകയും ചെയ്തു. റായുഡുവിന് പകരം വിജയ് ശങ്കറാണ് ഇന്ത്യയുടെ ലോകകപ്പ് ടീമിലെത്തിയത്. എംഎസ്‌കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി അദ്ദേഹത്തെ അവഗണിച്ച് വിജയ് ശങ്കറിനെ ടീമില്‍ എടുക്കുക ആയിരുന്നു. ത്രി ഡി താരമാണ് വിജയ് ശങ്കര്‍ എന്നുള്ള അഭിപ്രായമാണ് പ്രസാദ് അന്ന് പറഞ്ഞ ന്യായീകരണം.

content highlights: Ambati Rayudu clarified that Virat Kohli brought him back into the Indian team

To advertise here,contact us