ക്യാച്ചുകൾ കൈവിടുന്നതിൽ ഇന്ത്യയ്ക്ക് നാണക്കേടിന്റെ റെക്കോർഡ്; ഫൈനലിൽ വിട്ടത് നാലെണ്ണം

ന്യൂസിലാൻഡിനെതിരായ ഫൈനലിൽ ഫീൽഡിങ്ങിനിടെ നാല് ക്യാച്ചുകളാണ് ഇന്ത്യൻ താരങ്ങൾ കൈവിട്ടത്

ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിനിടെ ഇന്ത്യയ്ക്ക് നാണക്കേടിന്റെ റെക്കോർഡ്. ന്യൂസിലാൻഡിനെതിരായ ഫൈനലിൽ ഫീൽഡിങ്ങിനിടെ നാല് ക്യാച്ചുകളാണ് ഇന്ത്യൻ താരങ്ങൾ കൈവിട്ടത്. ചാംപ്യൻസ് ട്രോഫി ടൂർണമെന്റിന്റെ ഈ പതിപ്പിൽ ആകെ ഒമ്പത് ക്യാച്ചുകൾ ഇന്ത്യൻ താരങ്ങൾ കൈവിട്ടു. ഇതാദ്യമായാണ് ഒരു ടീം ചാംപ്യൻസ് ട്രോഫി ഫൈനലിൽ നാല് ക്യാച്ചുകൾ നഷ്ടപ്പെടുത്തുന്നത്. ചാംപ്യൻസ് ട്രോഫിയിൽ ഒരു ഒമ്പത് ക്യാച്ചുകൾ നഷ്ടമാക്കുന്നതും ഇതാദ്യമായാണ്.

അതിനിടെ ചാംപ്യൻസ് ട്രോഫി ഫൈനലിൽ 252 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് നാല് വിക്കറ്റുകൾ നഷ്ടമായി. 38.4 ഓവർ പിന്നിടുമ്പോൾ ഇന്ത്യൻ സ്കോർ നാല് വിക്കറ്റ് നഷ്ടത്തിൽ 183 റൺസെന്ന നിലയിലാണ്. 76 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയാണ് ഇന്ത്യൻ നിരയിൽ ടോപ് സ്കോററായത്. ശ്രേയസ് അയ്യർ 48 റൺസെടുത്തു. വിരാട് കോഹ്‍ലിക്ക് ഒരു റൺസ് മാത്രമാണ് നേടാനായത്.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് നിശ്ചിത 50 ഓവറിൽ ഏഴ് വിക്ക​റ്റ് നഷ്ടത്തിൽ 251 റൺസെടുത്തു. 63 റൺസെടുത്ത ഡാരൽ മിച്ചൽ ആണ് കിവീസ് ടീമിന്റെ ടോപ് സ്കോറർ. 40 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സറും സഹിതം 53 റൺസെടുത്ത മൈക്കൽ ബ്രേസ്‍വെല്ലിന്റെ ഇന്നിം​ഗ്സാണ് ന്യൂസിലാൻഡ് സ്കോർ 250 കടത്തിയത്. ഇന്ത്യയ്ക്കായി കുൽദീപ് യാദവ്, വരുൺ ചക്രവർ‌ത്തി എന്നിവർ രണ്ട് വിക്കറ്റെടുത്തപ്പോൾ മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി.

Content Highlights: India Script Unwanted Champions Trophy Record In Final vs New Zealand

To advertise here,contact us