IPL 2025: ഡൽഹി ക്യാപിറ്റൽസ് താരം കെ എൽ രാഹുലിന് ആദ്യ രണ്ട് മത്സരങ്ങൾ നഷ്ടമായേക്കും, റിപ്പോർട്ട്

കഴിഞ്ഞ ദിവസം ഇം​ഗ്ലണ്ട് താരം ഹാരി ബ്രൂക്ക് ഐപിഎല്ലിൽ നിന്ന് പിന്മാറിയത് ഡൽഹി ക്യാപിറ്റൽസിന് തിരിച്ചടിയായിരുന്നു

ഇന്ത്യൻ പ്രീമിയർ ലീ​ഗ് ക്രിക്കറ്റ് ടൂർണമെന്റ് 18-ാം പതിപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഡൽഹി ക്യാപിറ്റൽസിന് തിരിച്ചടി. ആദ്യ രണ്ട് മത്സരങ്ങളിൽ ഇന്ത്യൻ താരം കൂടിയായ കെ എൽ രാഹുൽ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. 32കാരനായ രാഹുൽ തന്റെ ആദ്യ കുഞ്ഞിന്റെ പിറവിയ്ക്കായി കാത്തിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തുടർന്നാണ് താരത്തിന് ഐപിഎല്ലിലെ ആദ്യ മത്സരങ്ങളിൽ നിന്ന് പിന്മാറേണ്ടി വരുമെന്നാണ് സൂചന.

ഐപിഎൽ 2025ന് മുമ്പായി ഡൽഹി ക്യാപിറ്റൽസിന്റെ നായകസ്ഥാനത്തേക്ക് പരി​ഗണിക്കപ്പെടുന്ന താരം കൂടിയാണ് രാഹുൽ. എന്നാൽ ഇക്കാര്യത്തിൽ ടീം മാനേജ്മെന്റ് ഔദ്യോ​ഗിക സ്ഥിരീകരണങ്ങൾ ഒന്നും നടത്തിയിട്ടില്ല. കഴിഞ്ഞ ദിവസം ഇം​ഗ്ലണ്ട് താരം ഹാരി ബ്രൂക്ക് ഐപിഎല്ലിൽ നിന്ന് പിന്മാറിയത് ഡൽഹി ക്യാപിറ്റൽസിന് തിരിച്ചടിയായിരുന്നു. ഇം​ഗ്ലണ്ടിനായി വരും സീരിസുകളിൽ മികച്ച പ്രകടനം നടത്താൻ ഐപിഎല്ലിൽ നിന്ന് പിന്മാറുന്നുവെന്നായിരുന്നു ബ്രൂക്കിന്റെ വിശദീകരണം.

ഐപിഎല്ലിൽ മാർച്ച് 24ന് ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെയാണ് ഡൽഹി ക്യാപിറ്റൽസിന്റെ ആദ്യ മത്സരം. കഴിഞ്ഞ വർഷത്തെ ഡൽഹി ക്യാപിറ്റൽസ് നായകനായിരുന്ന റിഷഭ് പന്താണ് ഇത്തവണ ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ നായകൻ. വരും ദിവസങ്ങളിൽ ഡൽഹി ക്യാപിറ്റൽസ് അവരുടെ ക്യാപ്റ്റനെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

ഐപിഎൽ 2025നുള്ള ഡൽഹി ക്യാപിറ്റൽസ് ടീം: മിച്ചൽ സ്റ്റാർക്, കെ എൽ രാഹുൽ, ജെയ്ക് ഫ്രെയ്സർ മക്​ഗർ​ഗ്, ടി നടരാജൻ, കരുൺ നായർ, മോഹിത് ശർമ, സമീർ റിസ്‍വി, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ട്രിസ്റ്റൻ സ്റ്റബ്സ്, അഭിഷേക് പോറൽ, ഫാഫ് ഡു പ്ലെസിസ്, മുകേഷ് കുമാർ, ദർശൻ നാൽക്കാണ്ടെ, വിപരാജ് നി​ഗം, ദുഷ്മന്ത ചമീര, ഡൊണോവൻ ഫെരേര, അജയ് മൻഡൽ, മൻവൻത് കുമാർ ത്രിപുരണ വിജയ്, മാദവ് തിവാരി.

Content Highlights: KL Rahul Likely To Miss Couple Of IPL 2025 Matches For Delhi Capitals

To advertise here,contact us