രോഹിത് ശർമ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കാതിരിക്കുന്നതിന്റെ കാരണം പറഞ്ഞ് ഓസീസ് ക്രിക്കറ്റ് ഇതിഹാസം റിക്കി പോണ്ടിങ്. ഇന്ത്യയ്ക്ക് വേണ്ടി രോഹിതിന് ഏകദിന കിരീടം കൂടി നേടികൊടുക്കണമെന്നുണ്ടെന്നും 2023 ൽ കൈവിട്ട കിരീടം 2027 ൽ നേടാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് രോഹിത്തെന്നും പോണ്ടിങ് പറഞ്ഞു.
ചാംപ്യൻസ് ട്രോഫി ഫൈനലിൽ രോഹിത്തിന്റെ പ്രകടനത്തെയും റിക്കി പ്രശംസിച്ചു. 'അങ്ങനെ ഭയമില്ലാതെ കളിക്കാൻ കുറച്ചധികം ധൈര്യം വേണം. ആ ഇന്നിങ്സ് കണ്ടവരാരും ക്യാപ്റ്റൻ ഉടൻ വിരമിക്കണമെന്ന് പറയില്ല', പോണ്ടിങ് കൂട്ടിച്ചേർത്തു. മാർച്ച് 9 ന് ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ 7 വിക്കറ്റിന് 251 ൽ ഒതുക്കിയതിന് ശേഷം ശുഭ്മാൻ ഗില്ലിനൊപ്പം ഓപ്പണിംഗ് കൂട്ടുകെട്ടിൽ രോഹിത് 76 റൺസ് നേടിയിരുന്നു. തുടർന്ന് നാല് വിക്കറ്റ് വിജയവും ഇന്ത്യ നേടി.
ഇതിന് പിന്നാലെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ്, ഏകദിന ലോകകപ്പ്, ചാംപ്യൻസ് ട്രോഫി, ടി 20 ലോകകപ്പ് എന്നീ നാല് ഐസിസി ടൂർണമെന്റുകളുടെയും ഫൈനലിലേക്ക് തന്റെ ടീമിനെ നയിച്ച ഏക ക്യാപ്റ്റനായി രോഹിത് മാറി. കഴിഞ്ഞ വർഷം ബാർബഡോസിൽ നടന്ന ലോകകപ്പ് നേടിയ ശേഷം രോഹിതും വിരാട് കോഹ്ലിയും ടി 20 യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. അതിനാൽ, ഇരുവരും ഏകദിനത്തിൽ നിന്ന് വിരമിച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നിരുന്നാലും, ചാംപ്യൻസ് ട്രോഫി ഫൈനലിന് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ രോഹിത് ആ ഊഹാപോഹങ്ങൾക്ക് വിരാമമിട്ടു. 'ഇനി കിംവദന്തികൾ പ്രചരിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഞാൻ ഈ ഫോർമാറ്റിൽ നിന്ന് വിരമിക്കാൻ പോകുന്നില്ല', രോഹിത് പറഞ്ഞു.
2023 ലെ അവസാന ഏകദിന ലോകകപ്പിൽ അപരാജിതരായി ഫൈനലിലേക്ക് മുന്നേറിയ ഇന്ത്യയ്ക്ക് ഫൈനലിൽ ഓസീസിന് മുന്നിൽ കാലിടറിയിരുന്നു. എന്നാൽ ശേഷമുള്ള ഐസിസി ചാംപ്യൻഷിപ്പുകളായ ടി 20 ലോകകപ്പും ചാംപ്യൻസ് ട്രോഫിയും നേടിക്കൊടുത്തു. ഇനിയുള്ള രോഹിത് നേടാനുള്ള ഒരു ഐസിസി ടൂർണമെന്റ് ഏകദിന ലോകകപ്പാണ്. 2027 ലാണ് അടുത്ത ഐസിസിയുടെ ഏകദിന ലോകകപ്പ് നടക്കുന്നത്. ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ തുടങ്ങി രാജ്യങ്ങൾ സംയുക്തമായാണ് ഈ ലോകകപ്പ് നടത്തുന്നത്.
Content Highlights: ricky ponting on rohit sharma not retirment in odi cricket