'ബട്‌ലർ മൂത്ത സഹോദരനെ പോലെ, ഈ IPL സീസണിൽ അദ്ദേഹത്തെ മിസ് ചെയ്യും; സഞ്ജു സാംസൺ

ഇംഗ്ലീഷ് മുൻ ക്യാപ്റ്റൻ ജോസ് ബട്‌ലറുമായിട്ടുള്ള ബോണ്ട് വെളിപ്പെടുത്തി മലയാളി താരം സഞ്ജു സാംസൺ

ജോസ് ബട്‌ലർ തനിക്ക് മൂത്ത സഹോദരനെപ്പോലെയാണെന്നും ഈ സീസണിൽ അദ്ദേഹം തന്റെ കൂടെയില്ലാത്തത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസൺ. 'ജോസ് ബട്‌ലർ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്. ഏഴ് വർഷത്തോളം ഞങ്ങൾ ഒരുമിച്ച് കളിച്ചു, ഒരു നീണ്ട ബാറ്റിംഗ് പങ്കാളിത്തം രൂപപ്പെടുത്തി. ഞങ്ങൾക്ക് പരസ്പരം നന്നായി അറിയാമായിരുന്നു, എപ്പോഴും ബന്ധം പുലർത്തിയിരുന്നു. അദ്ദേഹം എനിക്ക് ഒരു മൂത്ത സഹോദരനെപ്പോലെയായിരുന്നു.' സഞ്ജു പറഞ്ഞു.

ഐ‌പി‌എല്ലിൽ ഒരു നിയമം മാറ്റാൻ തനിക്ക് അധികാരമുണ്ടെങ്കിൽ, കളിക്കാരെ ഒരിക്കലും വിട്ടയക്കാതിരിക്കുക എന്നതായിരിക്കുമെന്നും താൻ ചെയ്യുകയെന്നും സഞ്ജു പറഞ്ഞു. 'ഞങ്ങൾ ബട്ലറെ നിലനിർത്താൻ പരമാവധി ശ്രമിച്ചിരുന്നു. എന്നാൽ കാര്യങ്ങൾ ഞങ്ങളുടെ കൈയ്യിൽ നിന്നും പോയി. പുതിയ ടീമിനൊപ്പം മികച്ച ഒരു സീസൺ ബട്ലർക്ക് പൂർത്തിയാക്കാൻ കഴിയട്ടെ, സഞ്ജു ആശംസകൾ അറിയിച്ചു. മെഗാ ലേലത്തിൽ ബട്‌ലർക്ക് വേണ്ടി രാജസ്ഥാൻ ശ്രമം നടത്തിയെങ്കിലും തുക ഉയർന്നതോടെ ഗുജറാത്ത് ടൈറ്റൻസിന് വിട്ടുകൊടുക്കുകയായിരുന്നു. 15.75 കോടിയാണ് ഗുജറാത്ത് ബട്‌ലര്‍ക്ക് വേണ്ടി മുടക്കിയത്.

Content Highlights: Sanju Samson shares his bond with Jos Buttler

To advertise here,contact us