ടീമിലെ ഏക സ്റ്റാറാണ് അവൻ, മുൻ താരങ്ങൾ വായടക്കണം; ബാബറിന് സപ്പോർട്ടുമായി സയീദ് അജ്മൽ

നിങ്ങൾ സച്ചിൻ ടെൻഡുൽക്കറാണെങ്കിലും നിങ്ങൾക്ക് എന്നും സെഞ്ച്വറിയടിക്കാനാവില്ല; അജ്മൽ പറയുന്നു.

പാക് ക്രിക്കറ്റിനെ കടന്നാക്രമിച്ച് മുൻ സ്പിന്നർ സയീദ് അജ്മൽ രം​ഗത്ത്. സ്റ്റാർ ബാറ്ററായ ബാബർ അസമിനോടുള്ള പാക് ക്രിക്കറ്റ് ബോർഡിന്റെ സമീപനം ചൂണ്ടിക്കാട്ടിയാണ് അജ്മൽ പാക്കിസ്താനെ വിമർശിച്ച് രം​ഗത്തെത്തിയിരിക്കുന്നത്. ചാംപ്യൻസ് ട്രോഫിയിൽ ആതിഥേയരായിട്ട് പോലും നോക്കൗട്ട് റൗണ്ടിലെത്താതെ പുറത്തായ ടീമാണ് പാക്കിസ്താൻ. അതിനു ശേഷം വിമർശനങ്ങൾ കൂടുതലും ഏറ്റുവാങ്ങിയത് ബാബർ അസമാണ്. ഇന്ത്യയ്ക്കെതിരെയും ന്യൂസിലാൻഡിനെതിരെയും പരാജയപ്പെട്ടപ്പോൾ മുൻതാരങ്ങളടക്കം കുറ്റപ്പെടുത്തിയത് ബാബർ അസമിന്റെ ബാറ്റിങ് അപ്രോച്ചായിരുന്നു.

ഇതിനെത്തുടർന്നാണ് സയീദ് അജ്മൽ ബാബറിന് സപ്പോർട്ടുമായി വന്നിരിക്കുന്നത്. 'നിങ്ങൾക്ക് ആകെ ഒരു സ്റ്റാറേ ഉള്ളൂ. അയാളെയും നിങ്ങളിങ്ങനെ ഡീ​ഗ്രേഡ് ചെയ്യുകയാമെങ്കിൽ ഇവിടെ ക്രിക്കറ്റ് എങ്ങനെ വളരാനാണ്? ഇതൊരു വലിയ ഇഷ്യൂ ആണ്. നമ്മുടെ മുൻ ക്രിക്കറ്റർമാർ വായടക്കണം. ഒരു കളിക്കാരന്റെ കരിയറിൽ മോശം ദിനങ്ങളും ഉണ്ടാവും. ജീവിതകാലം മുഴുവനും ഒരേ പോലെ കളിക്കാൻ നിങ്ങൾക്കാവില്ല. നിങ്ങൾ സച്ചിൻ ടെൻഡുൽക്കറാണെങ്കിലും നിങ്ങൾക്ക് എന്നും സെഞ്ച്വറിയടിക്കാനാവില്ല.' അജ്മൽ പറയുന്നു.

ചാംപ്യൻസ് ട്രോഫിയ്ക്ക് ശേഷം പാക്കിസ്താൻ മുഹമ്മദ് റിസ്വാനെ ടി20 ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റുകയും ബാബർ അസമിനെ പുറത്താക്കുകയും ചെയ്തിരുന്നു. ഇതിനെയും അജ്മൽ വിമർശിച്ചു. 'അവരെ ഇരുവരേയും പുറത്താക്കിയത് തെറ്റായ തീരുമാനമാണ്. പരാജയപ്പെട്ടവർ അവർ മാത്രമല്ല. അവരുമായി സെലക്ടർമാർ ഇരുന്ന് ടീം തിരിച്ചുവരാനുള്ള മാർ​ഗങ്ങൾ മെനയുകയാണ് ചെയ്യേണ്ടത്. അവർ ഇരുവരും മികച്ച താരങ്ങളാണ്. മാച്ച് വിന്നേഴ്സാണ്. മാച്ച് വിന്നേഴ്സിന് എപ്പോഴും അ​ഗ്രഷൻ വേണമെന്നില്ല. എല്ലായ്പ്പോഴും അവരെ ആക്രമണ ക്രിക്കറ്റ് കളിക്കുന്നില്ല എന്ന് പറഞ്ഞ് കുറ്റപ്പെടുത്തുന്നത് ശരിയല്ല. വിരാട് കോഹ്ലിയെപ്പോലുള്ള ഇതിഹാസതാരം പോലും തന്റെ ഇന്നിങ്സിന്റെ തുടക്കത്തിൽ മെല്ലെയല്ലേ തുടങ്ങാറുള്ളത്. പിന്നെയല്ലേ, അ​ഗ്രഷനിലേക്ക് വരുന്നത്? അജ്മൽ കൂട്ടിച്ചേർത്തു.

Content highlights: Former Pakistan player attacks PCB over treatment of Babar Azam

To advertise here,contact us