കഴിഞ്ഞാഴ്ച ഫിലിപ്‌സ്, ഈയാഴ്ച വേറൊരാൾ! കിവീസിനു മാത്രം എവിടുന്ന് കിട്ടുന്നു ഇത്രയും 'സ്റ്റണ്ണർ ക്യാച്ചേഴ്സ്?'

കെയ്ല്‍ ജാമൈസണിന്റെ പന്തിലാണ് പാക് താരം ഷദാബ് ഖാനെ റോബിന്‍സണ്‍ സ്റ്റണ്ണര്‍ ക്യാച്ചിലൂടെ പുറത്താക്കിയത്

2025 ചാംപ്യന്‍സ് ട്രോഫിയില്‍ അവിശ്വസനീയമായ ക്യാച്ചുകളെടുത്ത് ആരാധകരെ അമ്പരപ്പിച്ച താരമാണ് ന്യൂസിലാന്‍ഡിന്റെ ഗ്ലെന്‍ ഫിലിപ്‌സ്. ഇപ്പോഴിതാ ഗ്ലെന്‍ ഫിലിപ്‌സിനെയും വെല്ലുന്ന രീതിയില്‍ സ്റ്റണ്ണര്‍ ക്യാച്ചെടുത്ത് വാര്‍ത്തയില്‍ നിറയുകയാണ് മറ്റൊരു ന്യൂസിലാന്‍ഡ് താരം. പാകിസ്താനെതിരായ ആദ്യ ടി20യില്‍ ന്യൂസിലാന്‍ഡിന്റെ ടിം റോബിന്‍സണാണ് പറക്കും ക്യാച്ചെടുത്ത് ആരാധകരെ അമ്പരപ്പിച്ചത്.

What a flying catch by TIM ROBINSON #NZvPAK pic.twitter.com/OKBXRD1B0g

പാകിസ്താന്റെ ഷദാബ് ഖാനെ പുറത്താക്കാനാണ് റോബിന്‍സണ്‍ പറന്നുയര്‍ന്ന് ക്യാച്ചെടുത്തത്. ക്രൈസ്റ്റ് ചര്‍ച്ചിലില്‍ നടന്ന ആദ്യ ടി20യില്‍ പാകിസ്താനെതിരെ കിവീസ് സൂപ്പര്‍ താരം ഗ്ലെന്‍ ഫിലിപ്‌സ് കളിച്ചിരുന്നില്ല. ഫിലിപ്‌സിന് പകരം കിവിപ്പടയില്‍ സ്ഥാനമുറപ്പിച്ച ടിം റോബിന്‍സണ്‍ ഫീല്‍ഡിങ്ങില്‍ താരത്തിന്റെ കുറവ് ഒട്ടും അറിയിക്കാതെയുള്ള പ്രകടനമാണ് കാഴ്ച വെച്ചത്.

കെയ്ല്‍ ജാമൈസണിന്റെ പന്തിലാണ് പാക് താരം ഷദാബ് ഖാനെ റോബിന്‍സണ്‍ സ്റ്റണ്ണര്‍ ക്യാച്ചിലൂടെ പുറത്താക്കിയത്. അഞ്ചാം ഓവറിലെ നാലാം പന്തിലായിരുന്നു സംഭവം. ജാമൈസണിന്റെ പന്ത് ബാക്ക് വേര്‍ഡ് പോയന്റിലേക്ക് കട്ട് ചെയ്ത ഷദാബിനെ ഞെട്ടിച്ചാണ് ഇടതുവശത്തേക്ക് ഡെവ് ചെയ്ത് റോബിന്‍സണ്‍ ക്യാച്ച് കൈയിലൊതുക്കിയത്.

ഗ്ലെന്‍ ഫിലിപ്‌സിനെ ഓര്‍മ്മിപ്പിക്കും വിധത്തിലായിരുന്നു റോബിന്‍സണിന്റെയും ക്യാച്ച്. നേരത്തെ ഗ്ലെന്‍ ഫിലിപ്‌സ് സാധാരണഗതിയില്‍ പറന്നുപിടിച്ച് ഞെട്ടിക്കാറുള്ള അതേ സ്ഥലത്ത് തന്നെയാണ് റോബിന്‍സണും ക്യാച്ചെടുത്തത്. ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ വിരാട് കോഹ്‌ലിയെയും മുഹമ്മദ് റിസ്വാനെയും ബാക്ക് വേര്‍ഡ് പോയിന്റില്‍ സമാനമായ രീതിയില്‍ ഗ്ലെന്‍ ഫിലിപ്‌സ് പറന്നു പിടിച്ചിരുന്നു. ഇപ്പോള്‍ ഗ്ലെന്‍ ഫിലിപ്‌സിന്റേതിന് സമാനമായ സ്റ്റണ്ണര്‍ ക്യാച്ചെടുത്ത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ടിം റോബിന്‍സണ്‍.

Stunning Catch! ✈️Tim Robinson pulled off a Glenn Phillips-esque stunner at backward point, diving full stretch to dismiss Shadab Khan.The Kiwis are flying high as Pakistan struggle early in the innings! 🏏 pic.twitter.com/RYrLt0VLbk

അതേസമയം പാകിസ്താനെതിരെ നടന്ന ആദ്യ ടി20യില്‍ വലിയ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ന്യൂസിലാന്‍ഡ്. ഒമ്പത് വിക്കറ്റിനാണ് പാക് പടയെ കിവീസ് കീഴടക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 18.4 ഓവറില്‍ വെറും 91 റണ്‍സില്‍ എല്ലാവരും പുറത്തായി. 30 പന്തില്‍ 32 റണ്‍സെടുത്ത ഖുഷ്ദില്‍ ഷായാണ് പാക് നിരയുടെ ടോപ് സ്‌കോറര്‍. ന്യൂസിലാന്‍ഡിനായി ജേക്കബ് ഡഫി നാല് വിക്കറ്റുകളും കൈല്‍ ജാമിസണ്‍ മൂന്ന് വിക്കറ്റുകളും വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ 10.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലാന്‍ഡ് ലക്ഷ്യത്തിലെത്തി. 29 പന്തില്‍ 44 റണ്‍സെടുത്ത ടിം സെയ്‌ഫേര്‍ട്ടാണ് ന്യൂസിലാന്‍ഡ് നിരയിലെ ടോപ് സ്‌കോറര്‍. ഫിന്‍ അലന്‍ 17 പന്തില്‍ പുറത്താകാതെ 29 റണ്‍സും നേടി. 15 പന്തില്‍ പുറത്താകാതെ 18 റണ്‍സെടുത്ത ടിം റോബിന്‍സണിന്റെ പ്രകടനവും കിവീസ് വിജയത്തില്‍ നിര്‍ണായകമായി.

Content Highlights: NZ vs PAK 2025- Tim Robinson delivers stunning Glenn Phillips style catch during 1st T20I

To advertise here,contact us