'700 കോടിയുടെ നഷ്ടമുണ്ടായിട്ടില്ല'; ചാംപ്യൻസ് ട്രോഫി നടത്തിപ്പ് വൻ ലാഭകരമെന്ന് PCB യുടെ അവകാശ വാദം

ചാംപ്യൻസ് ട്രോഫിയിലൂടെ പാകിസ്താൻ ക്രിക്കറ്റിൽ ചരിത്രത്തിലെ മികച്ച സാമ്പത്തിക നേട്ടമുണ്ടാക്കിയതായി പിസിബി വക്താവ് പറഞ്ഞു

ചാംപ്യൻസ് ട്രോഫി 2025 നടത്തിപ്പിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡിന് കോടികളുടെ നഷ്ടം വന്നുവെന്ന റിപ്പോർട്ട് തള്ളി പാക് ക്രിക്കറ്റ് ബോർഡ്. ചാംപ്യൻസ് ട്രോഫിയിലൂടെ പാകിസ്താൻ ക്രിക്കറ്റിൽ ചരിത്രത്തിലെ മികച്ച സാമ്പത്തിക നേട്ടമുണ്ടാക്കിയതായി പിസിബി വക്താവ് ആമിർ മിറും സിഎഫ്ഒ ജാവേദ് മുർതാസയും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ചാംപ്യൻസ് ട്രോഫി ആതിഥേയത്വം വഹിക്കുന്നതിലൂടെ ഏകദേശം 10 മില്യൺ യുഎസ് ഡോളർ (ഏകദേശം 86 കോടി രൂപ) ലാഭം ലഭിച്ചെന്നും ഇവർ അവകാശപ്പെട്ടു. 'ടൂർണമെന്റിന്റെ എല്ലാ ചെലവുകളും ഐസിസിയാണ് വഹിച്ചത് , ടിക്കറ്റ് വില്പനയിലൂടെയും മറ്റും പിസിബി ലാഭമുണ്ടാക്കി.

കൂടാതെ, ഓഡിറ്റിന് ശേഷം, ഐസിസിയിൽ നിന്ന് 3 ബില്യൺ രൂപ കൂടി ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു' പിസിബി വക്താവായ മിർ പറഞ്ഞു. ചാംപ്യൻസ് ട്രോഫിയിൽ നിന്ന് രണ്ട് ബില്യൺ രൂപ വരുമാനം നേടുക എന്നതായിരുന്നു പിസിബിയുടെ ആദ്യ ലക്ഷ്യം, എന്നാൽ ആ ലക്ഷ്യം ആദ്യ ഘട്ടത്തിൽ തന്നെ മറികടന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

നേരത്തെ ചാംപ്യൻസ് ട്രോഫി നടത്തിപ്പിൽ പാകിസ്താന് 700 കോടിയോളം നഷ്ടം വന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പാകിസ്താൻ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതും സംഘാടനത്തിലെ പാളിച്ചകളുമാണ് സാമ്പത്തിക ബാധ്യതകൾക്ക് കാരണമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്.

Content Highlights: Refuting Loss, PCB Claims Massive Monetary Gain On Champions Trophy 2025

To advertise here,contact us