IPL 2025: മഴപ്പേടിയില്‍ കൊല്‍ക്കത്ത, ഉദ്ഘാടന മത്സരത്തിന് റിസര്‍വ് ഡേ ഉണ്ടാവുമോ? പരിശോധിക്കാം

മഴ പെയ്താൽ ഉദ്ഘാടന മത്സരം തന്നെ ഉപേക്ഷിക്കേണ്ടിവരുമോയെന്ന ആശങ്കയിലാണ് ആരാധകർ

ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 2025 സീസണ് ഇന്ന് തുടക്കമാവുകയാണ്. മാര്‍ച്ച് 22ന് നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഏറ്റുമുട്ടുന്നതോടെ ഇന്ത്യയുടെ ക്രിക്കറ്റ് മാമാങ്കത്തിന് അരങ്ങുണരും. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകിട്ട് 7.30നാണ് ഉദ്ഘാടന മത്സരം.

ഇതിനിടെ ഐപിഎല്‍ ആരാധകര്‍ക്ക് ആശങ്ക പകരുന്ന വാർത്തകളും നേരത്തെ പുറത്തുവന്നിരുന്നു. ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരം കനത്ത മഴ ഭീഷണി നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 20 മുതല്‍ 22 വരെ പശ്ചിമ ബംഗാളില്‍ ഉടനീളം കനത്ത ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. ഇത് കൊല്‍ക്കത്ത- ആര്‍സിബി പോരാട്ടത്തെ തടസ്സപ്പെടുത്തിയേക്കാമെന്നും അലിപൂര്‍ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

Rain is inevitable in today's IPL opening ceremony at the Eden Gardens.#IPL2025 #KKRvRCB #Kolkata #EdensGardenGame pic.twitter.com/ZEQoeS6PYi

അങ്ങനെ മഴ പെയ്താൽ ഉദ്ഘാടന മത്സരം തന്നെ ഉപേക്ഷിക്കേണ്ടിവരുമോയെന്ന ആശങ്കയിലാണ് ആരാധകർ. ഉദ്ഘാടന മത്സരം മഴകാരണം ഉപേക്ഷിച്ചാൽ പകരം റിസർവ് ഡേ ഉണ്ടാവുമോ? അതോ ഇരുടീമുകളും പോയിന്റ് പങ്കിടുമോയെന്ന് പരിശോധിക്കാം...

ഐപിഎല്ലിൽ ഉദ്ഘാടന മത്സരം മഴ കാരണം ഉപേക്ഷിച്ചാല്‍ റിസര്‍വ് ഡേ ഉണ്ടായിരിക്കില്ല. ഒരു മണിക്കൂര്‍ വൈകിയെങ്കിലും മത്സരം ആരംഭിക്കാനായാല്‍ മത്സരം പൂര്‍ണ്ണമായും നടത്താൻ സാധിക്കും. ഒരു മണിക്കൂറും കഴിഞ്ഞാണ് മത്സരം ആരംഭിക്കുന്നതെങ്കിൽ വൈകുന്നതിന് അനുസരിച്ച് ഓവറുകള്‍ വെട്ടിക്കുറക്കേണ്ടതായി വരും. അഞ്ച് ഓവറുകളെങ്കിലും മത്സരം നടത്താന്‍ സാധിക്കുമോയെന്നായിരിക്കും ആദ്യം പരിശോധിക്കുക. അതിനും സാധിച്ചില്ലെങ്കിൽ മാത്രമാണ് മത്സരം ഉപേക്ഷിക്കുക. മത്സരം ഉപേക്ഷിച്ചാൽ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിടുകയാണ് ചെയ്യുക. പ്ലേ ഓഫിലും ഫൈനലിലും മാത്രമാണ് റിസര്‍വ് ഡേ ഉണ്ടാവുക.

Content Highlights: KKR vs RCB: What if rain forces a washout in IPL 2025’s opening match?

To advertise here,contact us